കരിമ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയമെന്ന് ആരോഗ്യവകുപ്പ്
കൊല്ലം: കുളത്തൂപ്പുഴ വില്ലുമല കോളനിയില്‍ കരിമ്പനി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ മേഖലയില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
രോഗം പൂര്‍ണമായും നിയന്ത്രണ വിധേയമായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി ഷേര്‍ളി പറഞ്ഞു. കരിമ്പനി പരത്തുന്ന മണലീച്ചകളുടെ ഉറവിടങ്ങള്‍ കണ്ടെത്തുകയും പ്രദേശത്ത് ഇവയെ പൂര്‍ണമായി നശിപ്പിക്കുന്നതിന് വീട്, ഷെഡ, ടോയ്‌ലറ്റുകളിലും സ്‌പ്രേയിങ് നടത്തുകയും വ്യാപകമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു.
ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയരക്ടര്‍ ഡോ. കെ.ജെ റീനയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല സംഘം രോഗം സ്ഥിരീകരിച്ചയാളുടെ വീടും പരിസരവും സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
ഇവിടെ നടത്തിയ മെഡിക്കല്‍ ക്യാംപില്‍ പുതുതായി ആരിലും രോഗം കണ്ടെത്താനായില്ല. മൃഗസംരക്ഷണ വകുപ്പ് മൃഗങ്ങളില്‍നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോളില്‍ നിന്നും എത്തിയ വിദഗ്ധ സംഘത്തിന്റെ നിര്‍ദേശ പ്രകാരം മണലീച്ചകളെ നശിപ്പിക്കുന്നതിനായി വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം വീതം മൂന്നു വര്‍ഷത്തേക്ക് സ്‌പ്രേയിങ് നടത്തുവാനും അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കുവാനും പനി, വിളര്‍ച്ച, ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തുവാനും എലി നശീകരണം ഊര്‍ജിതമാക്കുവാനും വകുപ്പ് നടപടി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."