കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കുന്നത് ജീവനക്കാര്‍
കല്‍പ്പറ്റ: കെ.എസ്.ആര്‍.ടി.സി ബസുകള്‍ ലാഭകരമായി സര്‍വിസ് നടത്തുന്ന സുല്‍ത്താന്‍ ബത്തേരി-കേണിച്ചിറ-മാനന്തവാടി റൂട്ടില്‍ സര്‍വിസ് തകര്‍ക്കാന്‍ ഗൂഡശ്രമം നടത്തുന്നതായി കേണിച്ചിറ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സ്വാകര്യ ബസ് ഉടമകളെ സഹായിക്കാന്‍ കെ.എസ്.ആര്‍.ടി.സിയിലെ ചില ജീവനക്കാര്‍ തന്നെയാണ് ഇതിന് പിന്നിലുള്ളതെന്നും അവര്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടേയും പൊതുജനത്തിന്റെയും പരിശ്രമ ഫലമായാണ് ഈ റൂട്ട് ലാഭകരമായത്. എന്നാല്‍ ഈ ജീവനക്കാരെ മാറ്റി നിര്‍ത്താനുള്ള ശ്രമങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. നിലവില്‍ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഡിപ്പോകളില്‍ നിന്ന് 12 ബസുകളാണ് ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്നത്.ഡ്യൂട്ടി അലോക്കേഷനില്‍ തിരിമറി നടത്തിയാണ് സര്‍വീസുകള്‍ ഇല്ലാതാക്കാന്‍ ശ്രമം നടത്തുന്നത്.
മാനന്തവാടി യൂനിറ്റിലെ ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ വി.എം ഷാജിയുടെ നേതൃത്വത്തില്‍ മറ്റു പലരെ കൊണ്ടും പ്രശ്‌നങ്ങളുണ്ടാക്കുകയും അതു വഴി റൂട്ട് സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളെ ഇല്ലാതാക്കുകയുമാണ്.
കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ഉത്തരവ് പ്രകാരം കളക്ഷന്റെ അടിസ്ഥാനത്തിലുള്ള ഷെഡ്യൂളുകളിള്‍ കേണിച്ചിറ-മാനന്തവാടി റൂട്ട് പൂള്‍ ബിയില്‍ ആണ് വരേണ്ടത്. സുല്‍ത്താന്‍ ബത്തേരി ഡിപ്പോ ബി പൂളില്‍ ഉള്‍പെടുത്തുകയും ചെയ്തു. എന്നാല്‍ മാനന്തവാടി ഡിപ്പോ സര്‍വിസ് ക്യാന്‍സല്‍ ചെയ്യാനും നിര്‍ത്താനും എളുപ്പമുള്ളതായ പൂള്‍ ഡി യിലാണ് ഉള്‍പെടുത്തിയിരിക്കുന്നത്. ജീവനക്കാര്‍ കളക്ഷന്‍ ബത്ത വാങ്ങുന്ന ഈ റൂട്ടിലെ സര്‍വിസുകള്‍ ഡിയില്‍ ഉള്‍പെടുത്തിയത് ഈ റൂട്ട് തകര്‍ക്കാനാണെന്നും അവര്‍ ആരോപിച്ചു. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ ഡ്യൂട്ടി അലോക്കേഷനില്‍ പ്രശ്‌നമുണ്ടാക്കാന്‍ ഷാജിയുടെ നേതൃത്വത്തില്‍ തങ്ങള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്ന കണ്ടക്ടറെ ഒറ്റ ദിവസത്തേക്ക് സ്‌റ്റേഷന്‍ മാസ്റ്റര്‍ ആക്കി മ്യൂച്ചല്‍ ട്രാന്‍സ്ഫര്‍ ചെയ്തു സുല്‍ത്താന്‍ ബത്തേരിയിലേക്ക് അയച്ചെങ്കിലും അവിടുത്തെ ജീവനക്കാര്‍ ഇയാളെ അകറ്റി നിര്‍ത്തുകയായിരുന്നു.
മുമ്പ് വരുമാനത്തില്‍ സംസ്ഥാനത്ത് രണ്ടാമതുണ്ടായിരുന്ന മാനന്തവാടി കെ.എസ്.ആര്‍.ടി.സിയെ ഏറ്റവും പിന്നിലെത്തിച്ചതിനും പിന്നില്‍ ഈ ഉദ്യോഗസ്ഥനാണ്. ഇയാള്‍ക്കെതിരേ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്നും ശമ്പളം പറ്റുകയും കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്ന ഇയാളെ പുറത്താക്കി നഷ്ടങ്ങള്‍ ഈടാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇയാളുടെ അനധികൃത സ്വത്ത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ഭാരവാഹികളായ എം.കെ പ്രദീപ്, വി.എസ് പങ്കജാക്ഷന്‍, ടോമി ദേവസ്യ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."