പനമരത്തെ ബിവറേജ് ഔട്ട്‌ലെറ്റ്: സമരത്തിനൊരുങ്ങി നാട്ടുകാര്‍; പരിഹാരമില്ലെങ്കില്‍ കോടതിയെ സമീപിക്കും
പനമരം: പനമരത്തെ ബിവറേജ് ഔട്ട്‌ലറ്റ് നീരാട്ടാടി റോഡിലെ ജനവാസ കേന്ദ്രത്തിലേക്ക് മാറ്റിയതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഈ മാസം ഒന്നിനാണ് ഔട്ട്‌ലറ്റ് നീരാട്ടാടി റോഡിലെ ജനവാസ കേന്ദ്രമായ ഹോപ് കോയുടെ മുന്‍വശത്തുള്ള റോഡരികിലെ വീട്ടിലേക്ക് മാറ്റിയത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് നാലിന് പ്രദേശവസികള്‍ ഔട്ട്‌ലറ്റിന് മുന്നില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് മദ്യശാല പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. മുന്‍പ് ബിവറേജ് വരുമെന്ന അഭ്യൂഹം പരന്നപ്പോള്‍ തന്നെ പ്രദേശവാസികള്‍ ഇതിനെതിരേ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു. എന്നാല്‍ കെട്ടിട ഉടമയുമായി സംസാരിച്ചപ്പോള്‍ സ്ഥലം വിട്ടുനല്‍കില്ലെന്ന് പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തിക ലാഭത്തിന് വേണ്ടി ഇയാള്‍ ഒരു പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നെന്നും ഇതിന് ഭരണകര്‍ത്താക്കളുടെ മൗനാനുവാദം ഉണ്ടായാതായി സംശയിക്കുന്നതായും സമരസമിതി അംഗങ്ങള്‍ ആരോപിച്ചു. മദ്യശാല മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
ഇന്നലെ നടന്ന സമരത്തില്‍ ആദിവാസി സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ്, മെമ്പര്‍മാരായ ജൂല്‍നാ ഉസ്മാന്‍ സാബു, സുലൈഖാ സെയ്ദ്, കെ അസീസ്, പി.ജെ ബേബി, ബെന്നി അരിഞ്ചേര്‍മല, എം.കെ അമ്മദ്, ജോസഫ് മാസ്റ്റര്‍, കെ ഷാജഹാന്‍, രാജീവന്‍, ജാബിര്‍ വരിയില്‍, എം. കെ ജാഫര്‍, വി അസീസ്, എന്‍ അസീം, കോവ സാലിം, അശറഫ് നിരട്ടാടി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."