നവജാതശിശുക്കളിലെ കണ്‍ജെനിറ്റല്‍ ഹൈപ്പോതൈറോയിഡിസം; രോഗം കണ്ടെത്തി ചികില്‍സിച്ചാല്‍ തടയാമെന്ന് വിദഗ്ധര്‍
കൊച്ചി: ബുദ്ധിമാന്ദ്യത്തിനു കാരണമാകാവുന്ന നവജാതശിശുക്കളിലെ കണ്‍ജെനിറ്റല്‍ ഹൈപ്പോതൈറോയിഡിസം എന്ന രോഗം മുന്‍കൂട്ടി കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാമെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍. ലോകത്തു പിറന്നുവീഴുന്ന 3800 കുഞ്ഞുങ്ങളില്‍ ഒരാള്‍ക്ക് ഈ രോഗം കണ്ടുവരുന്നതായാണ് ആരോഗ്യരംഗത്തെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇന്ത്യയിലിത് 2640ല്‍ ഒന്നാണെന്നു മുംബൈയില്‍ നടത്തിയ പഠനം പറയുന്നു.
തൈറോയിഡ് ഹോര്‍മോണുകള്‍ക്കു ശരീരവളര്‍ച്ചയിലും തലച്ചോറിന്റെ വളര്‍ച്ചയിലും വലിയ പങ്കുണ്ട്. അതിനാല്‍ ഈ ഹോര്‍മോണിന്റെ കുറവ് കുട്ടികളില്‍ ബുദ്ധിമാന്ദ്യം, ശാരീരികമായ വളര്‍ച്ചക്കുറവ് എന്നിവയ്ക്കു കാരണമാകും.
രോഗം നേരത്തെ കണ്ടെത്തുകയും ചികില്‍സിക്കുകയും ചെയ്താല്‍ കുട്ടികളില്‍ ശാരീരികവളര്‍ച്ചയും നാഡീവ്യൂഹവളര്‍ച്ചയും ഉണ്ടാകുമെന്നും കൊച്ചിയില്‍ കണ്‍ജെനിറ്റല്‍ ഹൈപ്പോതൈറോയിഡിസവുമായി സംബന്ധിച്ചു നടത്തിയ സെമിനാറില്‍ ഡോക്ടര്‍മാര്‍ ചൂണ്ടികാട്ടി.
തൈറോയിഡ് ഗ്രന്ഥി വികാസം പ്രാപിച്ചിട്ടില്ലെങ്കിലും കണ്‍ജെനിറ്റല്‍
ഹൈപ്പോതൈറോയിഡിസത്തോടെ കുട്ടികള്‍ ജനിക്കുമ്പോള്‍ സാധാരണപോലെയാണ് കാണപ്പെടുക. കുഞ്ഞിനെ ഗര്‍ഭംധരിച്ചിരിക്കുമ്പോള്‍ അമ്മയില്‍നിന്നു ലഭിക്കുന്ന ചെറിയ അളവ് തൈറോയിഡ് ഹോര്‍മോണ്‍ (ടി4) ആണ് ഇതിനുകാരണം.
ജനിച്ച് ആദ്യ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍തന്നെ ഈ രോഗം കണ്ടെത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്താല്‍ കുഞ്ഞുങ്ങള്‍ സാധാരണപോലെ ശാരീരിക വളര്‍ച്ചയും ബുദ്ധിവികാസവും നേടുകയും ചെയ്യുന്നു. കണ്‍ജെനിറ്റല്‍ ഹൈപ്പോ തൈറോയിഡിസം സംബന്ധിച്ചു ജനങ്ങള്‍ക്കിടയിലും ആരോഗ്യമേഖലയിലും കൂടുതല്‍ ബോധവല്‍ക്കരണം വേണമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."