പുതിയ മുഖം, കൃത്യമായ ദിശാബോധം
രാഹുല്‍ഗാന്ധിക്ക് ഒരുപക്ഷേ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതിയൊരു മുഖവും കൃത്യമായ ദിശാബോധവും നല്‍കണമെന്ന ആഗ്രഹമുണ്ടായിരിക്കാം, അത് ആത്മാര്‍ഥവുമായിരിക്കാം. എന്നാല്‍, അതിന് അനുവദിക്കുകയില്ല ഇപ്പോള്‍ പാര്‍ട്ടിയുടെ തലപ്പത്ത് അള്ളിപ്പിടിച്ചു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി മുതല്‍ കെ. മുരളീധരന്‍ വരെയുള്ള സ്വയം പ്രഖ്യാപിത ഗുരുമൂര്‍ത്തികള്‍. ഗ്രൂപ്പ് പോരാട്ടത്തില്‍പെട്ട് ഉപ്പുവച്ച കലം പോലെ ജീര്‍ണിച്ചുപോയ പാര്‍ട്ടിക്ക് പുതിയൊരു ഉന്മേഷം നല്‍കാനുള്ള ഏറ്റവും ഉചിതമായ നടപടിയായിരുന്നു വി.എം സുധീരനെ കെ.പി.സി.സി പ്രസിഡന്റാക്കിയത്. സുധീരന്‍ ഇവരേക്കാളെല്ലാം വലിയ നേതാവൊന്നുമല്ല, കൈയിലിരിപ്പ് കൊണ്ട് ഗ്രൂപ്പുകളിയില്‍ പുറത്തായിപ്പോയ ഒരഞ്ചടി അഞ്ചിഞ്ചുകാരന്‍ മാത്രം. എന്നാല്‍, ഗ്രൂപ്പ് മാനേജര്‍മാര്‍ നശിപ്പിച്ച സംഘടനയിലെ ശൈഥില്യം ഒരതിരുവരെയെങ്കിലും അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിനു കഴിയുമായിരുന്നു. താരതമ്യേന സംശുദ്ധമായ അദ്ദേഹത്തിന്റെ പ്രതിഛായ പൊതുസമൂഹത്തില്‍ കോണ്‍ഗ്രസിന് വിശ്വാസ്യതയും സമ്മതിയും നേടിക്കൊടുക്കുകയും ചെയ്യുമായിരുന്നു. പക്ഷെ, സമ്മതിച്ചുവോ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് അഴിമതിക്കാരെന്ന് സാമാന്യമായി അംഗീകരിക്കപ്പെട്ട ചിലരെ മത്സര രംഗത്ത് നിന്നൊഴിവാക്കാന്‍ സുധീരന്‍ ശ്രമിച്ചപ്പോള്‍ ഹൈക്കമാന്റിനെ ഗണ്‍പോയിന്റില്‍ നിര്‍ത്തിയല്ലേ ഉമ്മന്‍ചാണ്ടി, തന്റെ വരുതിയിലേക്ക് കൊണ്ടുവന്നത്. കേരളത്തില്‍ കോണ്‍ഗ്രസിന് ജനകീയ പ്രതിച്ഛായയുണ്ടാക്കുന്നതിന് കാരണക്കാരിലൊരാളായ ഉമ്മന്‍ചാണ്ടി കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് ഇവിടുത്ത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരമക്കുറിപ്പെഴുതി. അമിതമായ ആഹ്ലാദത്തോടെ രമേശ് ചെന്നിത്തല ആ ശവമെടുത്ത് കുഴിയിലേക്കിറക്കി വയ്ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കുകയും സുധീരന്‍ അങ്ങില്ലാപ്പൊങ്ങായി കാറ്റിലലിയേണ്ടി വരുകയും ചെയ്തു എന്നതായിരുന്നു അതിന്റെ പാഠാന്തരം. ഏറ്റവുമൊടുവില്‍ സ്വന്തം മുന്നണിയില്‍ പോലുമില്ലാത്ത കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കി അവശേഷിച്ച പാര്‍ട്ടിയെ ഈ നേതാക്കള്‍ ഇല്ലാതാക്കുകയും ചെയ്തു. പാര്‍ട്ടി എവിടെയാണ് ചെന്നുനില്‍ക്കുന്നത് എന്ന് യാഥാര്‍ഥ്യബോധത്തോടെ ചിന്തിക്കുന്ന നേതാക്കള്‍ ഇല്ല എന്നതാണ് ഇന്ന് കോണ്‍ഗ്രസിന്റെ കേരളത്തില്‍ നേരിടുന്ന ഏറ്റവും വലിയ ശാപം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് സംഘടനയെ ചലനാത്മകമാക്കാന്‍ യാതൊന്നും ചെയ്യാതിരിക്കുകയായിരുന്നു നേതാക്കള്‍. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് യു.ഡി.എഫിന് വീണുകിട്ടിയ അവസരമായിരുന്നു. പിണറായി വിജയന്റെ കീഴിലുള്ള ഇടതുമുന്നണി ഭരണം ഏറ്റവും മോശമായി നില്‍ക്കുന്ന അവസ്ഥയിലാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്. പക്ഷേ, അതൊന്നും ജനങ്ങളിലെത്തിക്കാന്‍ യു.ഡി.എഫിന് സാധിച്ചില്ല. കോണ്‍ഗ്രസ് മാത്രമാണ് അതിന് ഉത്തരവാദികള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.കെ രാമചന്ദ്രന്‍ നായര്‍ പി.സി വിഷ്ണുനാഥിനെ തോല്‍പിച്ചതിന്റെ രാഷ്ട്രീയ പാഠങ്ങള്‍ മറന്ന് ഡി. വിജയകുമാറിനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ തന്നെ തുടങ്ങി കോണ്‍ഗ്രസിന്റെ തോല്‍വി. ബി.ജെ.പി സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍പിള്ളക്ക് ലഭിച്ച 42,000 വോട്ടുകളില്‍ ബഹുഭൂരിപക്ഷവും തങ്ങളുടേതാണെന്ന് കണക്കുകൂട്ടിയാണ് പാര്‍ട്ടി മൃദുഹിന്ദുത്വ കാര്‍ഡിറക്കി കളിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ വിഷ്ണുനാഥിനു പകരം ഹിന്ദുത്വ സംഘടനകളുമായി അടുപ്പമുള്ള വിജയകുമാറിന് നറുക്കുവീണു. ഒറ്റ നോട്ടത്തില്‍ അതൊരു മികച്ച തന്ത്രമാണ്. പക്ഷേ, മലയാളിയുടെ മനസ് തിരിച്ചറിയാതെയുള്ള പരീക്ഷണമായിരുന്നു അത്. പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ തകിടം മറിഞ്ഞതല്ല ചെങ്ങന്നൂരിലെ പരാജയത്തിന്റെ മുഖ്യഹേതു. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തിന്നെതിരായി സമ്മതിദായകര്‍ നിലകൊണ്ടു എന്നതാണ്. ഇടതുമുന്നണിയുടെ മതേതര പ്രതിച്ഛായ കോണ്‍ഗ്രസിനെ എഴുതിത്തള്ളാന്‍ അവരെ പ്രേരിപ്പിച്ചു. ഇത് ചെങ്ങന്നൂരില്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമല്ല. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് കേരളത്തിലെ ജനങ്ങളുടെ പ്രബുദ്ധതയുടെ വ്യത്യസ്ത മാനങ്ങള്‍ തിരിച്ചറിയുന്നതില്‍ പിണയുന്ന മഹാബദ്ധങ്ങളാണ് പാര്‍ട്ടിയെ എന്നും തോല്‍പിക്കുന്നത്. പാര്‍ട്ടി നേതാക്കളുടെ ഇടുങ്ങിയ ചിന്തകള്‍ക്കും വിലകുറഞ്ഞ് ജാതി-മത-ഗ്രൂപ്പ് ചിന്തകള്‍ക്കുമതീതമാണ് മലയാളികളുടെ രാഷ്ട്രീയബോധമെന്ന് തിരിച്ചറിയുന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ ഇല്ലതന്നെ.
എങ്ങനെ നേരിടും
സാമുദായിക ശക്തികള്‍ വിരല്‍ വച്ചേടത്ത് ഒപ്പുവച്ചുകൊടുക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന ബി.ജെ.പിയുടെ പ്രചാരണത്തെ ശക്തിപ്പെടുത്താനേ ഇത് ഉപകരിക്കുകയുള്ളൂ. അതു കോണ്‍ഗ്രസ് വോട്ടുബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടാക്കും. അതേസമയം തങ്ങള്‍ തുടങ്ങിവച്ച സമരം മുന്നോട്ടു കൊണ്ടുപോകാനും പാര്‍ട്ടിയെ നേര്‍വഴിയിലേക്കു നയിക്കുക എന്ന ദൗത്യം നടപ്പിലാക്കാനുമുള്ള ആര്‍ജവം കലാപക്കൊടി ഉയര്‍ത്തിയ യുവാക്കള്‍ക്കും വി.എം സുധീരനെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കും എത്രത്തോളമുണ്ട് എന്നതും പ്രശ്‌നമാണ്. കണ്ടേടത്തോളം വച്ചു നോക്കുമ്പോള്‍ അറുപതുകളുടെ അവസാനത്തിലും എഴുപതുകളിലും കേരളത്തിലെ യുവ കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടിപ്പിച്ച പോരാട്ട വീര്യമൊന്നും ഇപ്പോഴത്തെ 'യുവകോമളന്‍'മാര്‍ക്കില്ല. അവര്‍ താരതമ്യേന അധികാരത്തിന്റെയും പദവികളുടേയും ശീതളച്ഛായയില്‍ വിഹരിക്കുന്നവരാണ്. ജനങ്ങളിലേക്കിറങ്ങിച്ചെല്ലാനും വെയിലു കൊള്ളാനും തയാറാവുകതന്നെ വേണം അവര്‍. ഫേസ്ബുക്കും ട്വിറ്ററും കൊണ്ട് യുദ്ധം ജയിക്കാനാവുകയില്ല.
രാഹുല്‍ ഗാന്ധിയും ഹൈക്കമാന്റും ഇപ്പോഴത്തെ പ്രതിസന്ധിയെ എങ്ങനെ നേരിടും എന്നതാണ് ചോദ്യം. കര്‍ണാടകയിലടക്കം തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെ ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍ നടത്താന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്. അത് കേരളത്തില്‍ എത്രത്തോളം കഴിയും .കഴിയുന്നില്ലെങ്കില്‍ കോണ്‍ഗ്രസിന് അതിന്റെ ആഘാതങ്ങളില്‍ നിന്ന് മുക്തമാവുക എളുപ്പമായിരിക്കുകയില്ല. പല സംസ്ഥാനങ്ങളിലും അതീവ ദുര്‍ബലമാണ് പാര്‍ട്ടി. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നാമാവശേഷമാക്കി, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ അടിത്തറ ദുര്‍ബലമായി. ഹിന്ദി ബെല്‍റ്റില്‍ ജാതിരാഷ്ട്രീയക്കാരുടെ സമ്മര്‍ദങ്ങളെ അതിജീവിച്ച് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക എളുപ്പമല്ല. ആന്ധ്രയിലും തെലങ്കാനയിലും വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റേയും തെലുങ്കുദേശത്തിന്റേയും സ്വാധീന മേഖലകളില്‍ കടന്നുകയറാനും അതേ പ്രയാസം തന്നെയാണുള്ളത്. തമിഴ്‌നാട്ടില്‍ പാര്‍ട്ടി ഇല്ല. ഗുജറാത്തും മഹാരാഷ്ട്രയും സുരക്ഷിത മേഖലകളല്ല. സിദ്ധാരാമയ്യയെപ്പോലെയുള്ള കുശാഗ്രബുദ്ധിയായ ഒരു നേതാവ് അമരത്തുണ്ടായിട്ടും കര്‍ണാടകയില്‍ കണക്കുകൂട്ടലുകള്‍ പിഴച്ചുപോയി; ദേശീയ രാഷ്ട്രീയത്തിലെ നമ്പര്‍വണ്‍ ആയി സ്വയം സ്ഥാപിച്ചെടുക്കാന്‍ പഞ്ചാബ് മാത്രം പോരാ. ഈ ഘട്ടത്തില്‍ കേരളത്തില്‍ കരുത്താര്‍ജിക്കുന്നുവെങ്കില്‍ അത് പാര്‍ട്ടിക്കുണ്ടാക്കുന്ന ആത്മബലം കുറച്ചൊന്നുമായിരിക്കില്ല. ചെറിയ സംസ്ഥാനമാണ്, എം.പിമാര്‍ കുറവാണ്-എന്നാല്‍ അതിനെയെല്ലാം അതിജയിക്കുന്ന കരുത്ത് ഇടത്തോട്ട് ചാഞ്ഞുനില്‍ക്കുന്ന കേരളത്തില്‍ നേടുന്ന വിജയം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കും. ദേശീയതലത്തില്‍ അത് രാഹുല്‍ഗാന്ധിയുടെ പ്രതിച്ഛായയെ ഏറെ തിളക്കമുള്ളതാക്കും. അതിന് രാഹുല്‍ എത്രത്തോളം തയാറാവും എന്നതായിരുന്നു പാര്‍ട്ടി നേരിടുന്ന ഏറ്റവും കടുത്ത ചോദ്യം. രാജ്യസഭയിലേക്ക് ആരെ സ്ഥാനാര്‍ഥിയാക്കുന്നു, മാണി ഗ്രൂപ്പുകാരന് എം.പി സ്ഥാനം കൊടുക്കണോ, യു.ഡി.എഫ് കണ്‍വീനര്‍ ആരാവും എന്നതിനൊക്കെയപ്പുറത്ത് കോണ്‍ഗ്രസ് എങ്ങനെ നിലനില്‍ക്കും എന്നതായിരുന്നു ഹൈക്കമാന്റിന് പ്രശ്‌നമാകേണ്ടിയിരുന്നത്. പക്ഷേ, സംസ്ഥാന നേതാക്കളുടെ ആത്മഹത്യാപരമായ നിലപാടുകളെ പ്രതിരോധിക്കാന്‍ ഹൈക്കമാന്റിന് കഴിഞ്ഞില്ല. അതിന് പാര്‍ട്ടി കൊടുക്കേണ്ട വില കടുത്തതായിരിക്കും.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."