കിം - ട്രംപ് കൂടിക്കാഴ്ച വിജയകരം
ലോകത്തെ ആകാംക്ഷാഭരിതമാക്കിക്കൊണ്ട് ഇന്നലെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ കമ്മ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉന്നും സിംഗപ്പൂരില്‍ നടത്തിയ സമാധാന ചര്‍ച്ച വിജയത്തില്‍ കലാശിച്ചിരിക്കുകയാണ്. സിംഗപ്പൂരിലെ കാപില്ല ഹോട്ടലില്‍ ചേര്‍ന്ന സിംഗപ്പൂര്‍ ഉച്ചകോടി ഒട്ടേറെ പുതുമകളും സവിശേഷതകളും നിറഞ്ഞതായിരുന്നു. അതിനാല്‍ തന്നെ ലോകം മുഴുക്കെ വലിയ താല്‍പര്യത്തോടെയാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയെ നോക്കിക്കണ്ടത്. വകതിരിവില്ലാതെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ഇരു രാഷ്ട്ര നേതാക്കളുമെന്ന ധാരണ ലോക രാഷ്ട്ര നേതാക്കള്‍ക്കുള്ളപ്പോള്‍ ഇത്തരമൊരു സംഗമം വിജയത്തിലെത്തുമോ എന്നത് തന്നെ സംശയത്തിലായിരുന്നു. ആറു മാസം മുമ്പ് വരെ വാക്‌യുദ്ധം നടത്തുകയായിരുന്നു കിം ജോങ് ഉന്നും ട്രപും. ആണവായുധ പ്രയോഗത്തിന്റെ ബട്ടന്‍ തന്റെ മേശപ്പുറത്താണെന്നും ഏത് നിമിഷം വേണമെങ്കിലും പെന്റഗണ്‍ ഭസ്മീകരിക്കാന്‍ തനിക്ക് കഴിയുമെന്നും ഭീഷണി മുഴക്കിയ കിം ജോങ് ഉന്നും, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്ന് വെറും കുള്ളനെന്ന് ആക്ഷേപിച്ച ട്രംപും പരസ്പരം ഹസ്തദാനം ചെയ്യുകയും ഒടുവില്‍ സമാധാന കരാറില്‍ ഒപ്പിട്ടതും വിസ്മയത്തോടെയാണ് ലോകം കണ്ടത്. സമാധാനത്തിനുള്ള നൊേബല്‍ പ്രൈസിന് വേണ്ടിയാണ് ട്രംപിന്റെ ഈ നിരര്‍ഥക സന്ദര്‍ശനമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ വരെ കളിയാക്കിയതാണ്. കാനഡയില്‍ നടന്ന ജി -7 സംയുക്ത ഉച്ചകോടിയില്‍ നിന്നു കലഹിച്ച് ഇറങ്ങിപ്പോയ ട്രംപ് നേരെ വച്ചുപിടിച്ചത് സിംഗപ്പൂരിലേക്കായിരുന്നു. അവിടെയും കിം ജോങ് ഉന്നുമായി കലഹിച്ച് ട്രംപ് നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു നിരീക്ഷകര്‍ കരുതിയിരുന്നത്.
എന്നാല്‍ പോലും ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന സിംഗപ്പൂര്‍ ഉച്ചകോടി ഭാവി സമാധാനത്തിലേക്കുള്ള മഹത്തായ ചുവടുവയ്പായിരിക്കുമെന്നു തന്നെയായിരുന്നു ഉറപ്പിച്ചിരുന്നത്. എന്നാല്‍, കിറുക്കന്മാരെന്നും ദുശ്ശാഠ്യക്കാരെന്നും വിശേഷിപ്പിക്കപ്പെടുന്ന രണ്ട് രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ അവരുടെ പ്രഥമ കൂടിക്കാഴ്ചയില്‍ തന്നെ വിജയം വരിച്ചിരിക്കുകയാണ്. 1950- 53ലെ കൊറിയന്‍ യുദ്ധം മുതല്‍ അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ നിതാന്തശത്രുതയായിരുന്നു വച്ചു പുലര്‍ത്തിയിരുന്നത്. ഇത്രയും കാലത്തിനിടക്ക് ഇരു രാഷ്ട്രങ്ങളിലേയും മാറി മാറി വന്ന നേതാക്കളാരും മുഖാമുഖം പോലും കണ്ടിരുന്നില്ല.
പരസ്പരം ഫോണില്‍ പോലും ബന്ധപ്പെട്ടിരുന്നില്ല. അത്തരമൊരവസരത്തില്‍ ഇത്തരമൊരു കൂടിക്കാഴ്ചക്ക് ഇരു രാഷ്ട്ര നേതാക്കളും സന്നദ്ധമായി എന്നതും, സംഗമം വിജയകരമായി സമാപിച്ചുവെന്നതും ചരിത്രത്തിലെ അവിസ്മരണീയനിമിഷം തന്നെയാണ് ഇരു രാഷ്ട്രങ്ങള്‍ക്കും. പലരും വിശേഷിപ്പിച്ചത് പോലെ ചരിത്രം വഴിമാറിയിരിക്കുകയാണ് ഇരുവരുടെയും കൂടിക്കാഴ്ചയിലൂടെ. പരിഹസിക്കപ്പെട്ട നൊേബല്‍ സമ്മാനം യാഥാര്‍ഥ്യമാകുമോ എന്നാണ് ഇനി അറിയേണ്ടത്. ലോകത്തിന് സമാധാനത്തിന്റെ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കുവാന്‍ സെന്റോസ ദ്വീപിലെ അവിസ്മരണീയ കൂടിക്കാഴ്ചക്ക് കഴിയുമോ എന്നു വരും കാലമാണ് നിശ്ചയിക്കേണ്ടത്. സമ്പൂര്‍ണ അണ്വായുധ നിരോധന കരാറില്‍ ഉത്തര കൊറിയ ഒപ്പുവച്ചിട്ടുണ്ടെങ്കിലും ഇത് പ്രാവര്‍ത്തികമാകാന്‍ വര്‍ഷങ്ങള്‍ എടുക്കും. അതിനിടയില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്താല്‍ കരാറില്‍ നിന്ന് ഉത്തരകൊറിയയും അമേരിക്കയും പിന്‍വാങ്ങിക്കൂടെന്നില്ല.
ഇരു രാഷ്ട്രത്തലവന്മാരുടെയും സ്വഭാവം വച്ചുനോക്കുമ്പോള്‍ അതിന് സാധ്യതകള്‍ ഏറെയുമാണ്. ഇറാനുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഒപ്പുവച്ച അണ്വായുധ നിരോധന കരാര്‍ ഏകപക്ഷീയമായി റദ്ദാക്കിയ ചരിത്രം ഡൊണാള്‍ഡ് ട്രംപിനുണ്ട്. ഉത്തര കൊറിയയുടെ ആണവ നിരായുധീകരണം, കൊറിയന്‍ ദ്വീപില്‍ ശാശ്വത സമാധാനം ഉറപ്പാക്കല്‍, കൊറിയന്‍ മേഖലയിലെ യു.എസ് സൈനിക സാന്നിധ്യം, ഉത്തര കൊറിയക്കെതിരായ സാമ്പത്തിക നയതന്ത്ര ഉപരോധം, ഉത്തര കൊറിയക്ക് രാജ്യാന്തര വേദികളില്‍ അംഗീകാരം ഇതൊക്കെയായിരുന്നു ഇന്നലത്തെ ചര്‍ച്ചാ വിഷയം. എന്നാല്‍, അമേരിക്ക മുന്നോട്ടുവച്ച ഉത്തര കൊറിയയുടെ ആണവ നിരായുധീകരണം നടപ്പായെങ്കില്‍ മാത്രമേ ബാക്കിയുള്ളവ നടപ്പിലാകൂ എന്നത് അമേരിക്കയുടെ നിര്‍ബന്ധമായിരുന്നു. എന്നാല്‍, ഇത് ഘട്ടം ഘട്ടമായേ നടപ്പിലാക്കാനാകൂ എന്നത് ഉത്തര കൊറിയയുടെ നിലപാടായിരുന്നു.
ഉത്തര കൊറിയയെ എല്ലാ അര്‍ഥത്തിലും സഹായിച്ചുകൊണ്ടിരിക്കുന്ന ചൈനയുടെ ഉപദേശവും അതായിരുന്നു.എന്നാല്‍, ആണവായുധ നിരായുധീകരണം ഉടനെ വേണമെന്ന അമേരിക്കയുടെ ആവശ്യത്തിന് ഉത്തര കൊറിയ വഴങ്ങിയത് അപ്രകാരം ചെയ്യുന്നതിനാണോ ചൈനയുടെ ഉപദേശപ്രകാരമുള്ള തന്ത്രമാണോ എന്ന് നിര്‍ണയിക്കേണ്ടത് വരും കാലമാണ്. ചര്‍ച്ചക്ക് മുന്നോടിയായി യു.എസ് തടവുകാരെ വിട്ടയച്ചതും ആണവ പരീക്ഷണ കേന്ദ്രം അടച്ചു പൂട്ടിയതും കിമ്മിന്റെ ഭാഗത്ത് നിന്നുള്ള സൗമനസ്യ പ്രകടനങ്ങളായിരുന്നു.
ഉത്തരകൊറിയയെ ഇത്തരമൊരു കൂടിക്കാഴ്ചക്ക് നിര്‍ബന്ധിതമാക്കിയത് രാജ്യത്തിന്റെ പരുങ്ങലിലായ സാമ്പത്തിക സ്ഥിതിയാണ്. ഉപരോധം നീക്കാതെയും പുതിയ വിദേശ നിക്ഷേപങ്ങളും സഹായങ്ങളുമില്ലാതെയും ഉത്തര കൊറിയക്ക് പിടിച്ച് നില്‍ക്കാനാവില്ല എന്നതാണിപ്പോഴത്തെ അവസ്ഥ. ആ നിലക്ക് ട്ര ംപ ് - കിം കൂടിക്കാഴ്ച ചരിത്ര പ്രാധാന്യത്തെക്കാള്‍ ഉത്തര കൊറിയയുടെ നിലനില്‍പിന്റേ യും കൂടി ആവശ്യമാണ്. അതിനാലായിരിക്കണം സമ്പൂര്‍ണ ആണവ നിരായുധീകരണം ഉടനെയെന്ന് ചര്‍ച്ചക്ക് ശേഷം കിം ജോങ് പ്രഖ്യാപിച്ചത്. ഭൂതകാലത്ത് എന്ത് ഉണ്ടായോ അതെല്ലാം പഴയ കഥയെന്നും കിം പറഞ്ഞതിലൂടെ ചൈനയുടെ ചട്ടക്കൂടില്‍ നിന്ന് ഉത്തര കൊറിയ പുറത്ത് കടക്കുകയാണെന്ന സന്ദേശമാണോ ലോകത്തിന് നല്‍കുന്നത്. ഉത്തര- ദക്ഷിണ കൊറിയകളുടെ ഭരണസ്ഥിരതക്കും ലോകസമാധാനത്തിനും നിമിത്തമാകട്ടെ ട്രംപ്-കിം കൂടിക്കാഴ്ചയെന്ന് ആശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."