സ്കില്‍ ഡെവലപ്മെന്റ് സെന്ററിന്റെ ബോര്‍ഡ് നശിപ്പിച്ചതില്‍ പരാതി നല്‍കും
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് നടത്തിവരുന്ന സ്കില്‍ ഡെവലപ്മെന്റ് സെന്ററിന്റെ നെയിം ബോര്‍ഡ് നശിപ്പിച്ച നടപടി അംഗീകരിക്കാനാകില്ലെന്നും ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. സ്ഥാപനത്തിന്റെ മുന്‍ഭാഗത്ത് റോഡ് വീതികൂട്ടുന്നതിന് ഏറ്റെടുത്തതിനാല്‍ സ്കില്‍ സെന്ററിന്റെ നിലവിലെ ബോര്‍ഡ് മാറ്റി റോഡിന്റെ വീതി കണക്കാക്കി റിവൈന്വാള് കെട്ടിയതിന്റെ പിറകില്‍ കഴിഞ്ഞദിവസം പുതിയ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ചിലര്‍ ബോര്‍ഡ് പിഴുതുമാറ്റാന്‍ ശ്രമം നടത്തുകയും സെന്ററിലെ അധ്യാപകരുടെയും ജീവനക്കാരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് പിരിഞ്ഞുപോവുകയുമായിരുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പിന്നീട് ചൊവ്വാഴ്ച രാവിലെ ബോര്‍ഡ് പിഴുതു മാറ്റി സമീപത്തെ കാടുപിടിച്ച പ്രദേശത്ത് തള്ളിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിനു നേരെയുണ്ടായ കൈയേറ്റത്തില്‍ പ്രതിഷേധിക്കുന്നതായും തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും എസ്.ഡി.സി ഡയറക്ടര്‍ പ്രൊഫ. കെ. ശ്രീധരനും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."