ഇടുക്കിയിലെ മുഴുവന്‍ കൈയേറ്റങ്ങളുടെയും പട്ടിക തയാറാക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: മൂന്നാറിലെ വന്‍കിട കൈയേറ്റക്കാര്‍ക്കെതിരേ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇടുക്കിയിലെ മുഴുവന്‍ കൈയേറ്റങ്ങളുടെയും പട്ടിക അടിയന്തരമായി തയാറാക്കാന്‍ ഇടുക്കി ജില്ലാ കലക്ടര്‍ സി.ആര് ഗോകുലിന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് നിര്‍ദേശം നല്കി.
മൂന്നാറിലെ കൈയേറ്റങ്ങള്അന്വേഷിക്കാനും പട്ടിക തയാറാക്കി ഒരു മാസത്തിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൈയേറ്റത്തിന്റെ സ്വഭാവം, കൈയേറ്റ ഭൂമിയിലെ നിര്‍മാണം, കൈയേറ്റത്തിന്റെ വ്യാപ്തി എന്നിവ കണക്കിലെടുത്താവണം റിപ്പോര്‍ട്ട് തയാറാക്കേണ്ടതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കെ.എസ്.ഇ.ബി, പൊതുമരാമത്ത്, റവന്യു എന്നീവകുപ്പുകളുടെ ഭൂമിയാണ് വന്‍കിടക്കാര്‍ കൈയേറിയിരിക്കുന്നത്.
മൂന്നാറിലെ സ്ഥിതിഗതികള്‍ അങ്ങേയറ്റം ഗുരുതരമാണെന്ന് ചൂണ്ടിക്കാണിച്ച് ലാന്റ് റവന്യു കമ്മിഷണര്‍ നിയമസഭാ പരിസ്ഥിതി കമ്മിറ്റിക്കും സര്‍ക്കാരിനും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പട്ടയ ഭൂമിയില്‍ അടക്കം കൈയേറ്റവും അനധികൃത നിര്‍മാണവും നടക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
കൂടാതെ മൂന്നാറിലെ വ്യാജ പട്ടയം എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത പരിശോധന നടത്തണമെന്ന് സി.പി.ഐയും മന്ത്രിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
സി.പി.എം എം.എല്‍.എ എസ്. രാജേന്ദ്രന്റെ പട്ടയവും വ്യാജമാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പട്ടയം സംബന്ധിച്ച ആക്ഷേപം പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ സി.പി.ഐ ആവശ്യപെട്ടിരുന്നു.
ഇതേതുടര്‍ന്നാണ് മന്ത്രി കലക്ടര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."