അതിരപ്പിള്ളി പദ്ധതി സമവായത്തിലൂടെ മാത്രം: മന്ത്രി
ന്യൂഡല്‍ഹി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സമവായത്തിലൂടെ മാത്രമെ നടപ്പാക്കൂവെന്ന് വൈദ്യുതമന്ത്രി എം.എം മണി. പദ്ധതിയില്‍ സമവായമുണ്ടാക്കാന്‍ സി.പി.ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും.
അതിരപ്പിള്ളി പദ്ധതി ഇടതുമുന്നണിയുടെ പൊതുമിനിമം പരിപാടിയിലില്ലെന്നും മണി പറഞ്ഞു. സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ ഈ മാസം പ്രഖ്യാപിക്കും. 124 മണ്ഡലങ്ങളിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചു. മറ്റുമണ്ഡലങ്ങളില്‍ നടപടികള്‍ ഈ മാസം പൂര്‍ത്തിയാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ കേന്ദ്ര ഊര്‍ജവകുപ്പ് മന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം.എം മണി.
അണക്കെട്ടുകളില്‍ നിന്ന് 30 ശതമാനത്തില്‍ താഴെ മാത്രമാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതെങ്കിലും 70 ശതമാനം വൈദ്യുതി പുറത്തുനിന്ന് വാങ്ങി ഇത്തവണ ലോഡ് ഷെഡിംഗ് ഒഴിവാക്കുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാനും എം.ഡിയുമായ കെ. ഇളങ്കോവന്‍ പറഞ്ഞു. 200 മെഗാവാട്ട് വൈദ്യുതി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വേനല്‍ക്കാലത്ത് വൈദ്യുതിയില്‍ വരുന്ന കുറവ് പരിഹരിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. 24,000 മില്യന്‍ യൂനിറ്റാണ് വര്‍ഷത്തില്‍ കേരളത്തില്‍ വേണ്ടത്. ഇതില്‍ കേരളത്തിലെ വിവിധ ജലവൈദ്യുതി പദ്ധതികളിലൂടെ 8000 മില്യന്‍ മാത്രമാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. മഴയില്ലാത്തത് കാരണം 30 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. ഇത് പുറത്തു നിന്നു വാങ്ങുന്ന വൈദ്യുതി ഉപയോഗിച്ച് പരിഹരിക്കാമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ വിവിധ പദ്ധതികള്‍ക്ക് സഹായം തേടിയാണ് കേന്ദ്ര ഊര്‍ജമന്ത്രിയുമായി എം.എം മണി കൂടിക്കാഴ്ച നടത്തിയത്. കായംകുളം താപവൈദ്യുതി നിലയം നടത്തിക്കൊണ്ടുപോവണമോയെന്നു പരിശോധിക്കണമെന്ന് പിയൂഷ് ഗോയല്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പുതുതായി ടെന്‍ഡര്‍ വച്ച കാറ്റാടി നിലയങ്ങളില്‍ നിന്ന് 100 മെഗാവാട്ട് വൈദ്യുതി നല്‍കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. വൈദ്യുതി ഉല്‍പാദനം ഇല്ലാതിരുന്നിട്ടും കായംകുളം താപവൈദ്യുതി നിലയത്തിന് കെ.എസ്.ഇ.ബി നല്‍കുന്ന വാര്‍ഷിക സ്ഥിര വില 293 കോടി രൂപയായി കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ കൂട്ടിയത് പിന്‍വലിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."