അപലപിച്ച് ലോകം; ഐക്യരാഷ്ട്രസഭ അടിയന്തര യോഗം വിളിച്ചു
ദമസ്‌കസ്: ഖാന്‍ ശൈഖൂനിലെ കൂട്ടക്കുരുതിയില്‍ ലോകവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. ഐക്യരാഷ്ട്രസഭ അടിയന്തര യോഗം വിളിച്ചുചേര്‍ത്തതിന് പിറകെ യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ സിറിയക്കും സഖ്യരാഷ്ട്രമായ റഷ്യക്കുമെതിരേ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം യു.എന്നിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് സംഭവത്തെ ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ ഉടന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും യു.എന്‍ അറിയിച്ചു. നേരത്തെ രാസായുധ പ്രയോഗത്തിനെതിരേ യു.എന്‍ ഉടന്‍ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും യു.എന്‍ ആരോഗ്യ സംഘടനയും രംഗത്തെത്തിയിരുന്നു.
സിറിയയുമായി ബന്ധപ്പെട്ട് 70 രാഷ്ട്രങ്ങളുടെ സംയുക്തയോഗം ബ്രസല്‍സില്‍ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് പുതിയ സംഭവം. ഇതോടെ യു.എന്നും ബ്രിട്ടന്‍, ജര്‍മനി, കുവൈത്ത്, നോര്‍വേ, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളും നേതൃത്വം നല്‍കുന്ന ചര്‍ച്ച സ്തംഭനാവസ്ഥയിലാണ് ബശാറുല്‍ അസദിന്റെ സൈന്യം നടത്തിയത് ക്രൂരകൃത്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മേഖലയില്‍നിന്ന് ലഭിക്കുന്ന തെളിവുകളെല്ലാം ആക്രമണത്തില്‍ സിറിയയുടെ പങ്ക് ഉറപ്പിക്കുന്നതാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഇദ്‌ലിബില്‍ നടന്നത് കാടത്തമാണെന്നും അവിടെ സംഭവിച്ചതെന്താണെന്ന് റഷ്യ ഉടന്‍ വ്യക്തമാക്കണമെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ ആവശ്യപ്പെട്ടു.
സംഭവത്തെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും അപലപിച്ചു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനെ വിളിച്ച് പ്രതിഷേധമറിയിച്ചു.
മനുഷ്യത്വവിരുദ്ധമായ സംഭവം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമാധാന ചര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യൂറോപ്യന്‍ യൂനിയന്‍ വിദേശ നയകാര്യ തലവന്‍ ഫെഡറിക്ക മൊഗേരിനി, ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാന്‍ മാര്‍ക്ക് എയ്‌റോള്‍ട്ട്, യു.എന്നിന്റെ സിറിയന്‍ ദൂതന്‍ സ്റ്റഫന്‍ ഡി മിസ്തൂറ, യു.എസിന്റെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലെ എന്നിവരും സംഭവത്തെ ശക്തമായി അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."