അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്; കോട്ടയത്തിനും തിരുവനന്തപുരത്തിനും കിരീടം
തിരുവനന്തപുരം: സംസ്ഥാന സീനിയര്‍, യൂത്ത് അത്‌ലറ്റിക് ചാംപ്യന്‍ഷില്‍ കോട്ടയത്തിനും തിരുവനന്തപുരത്തിനും കിരീടം. ആന്‍സി സോജനും ആര്‍കെ സൂര്യജിത്തും മേളയിലെ മികച്ചതാരങ്ങളായി. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ആന്‍സി സോജന്‍ യൂത്ത് മീറ്റില്‍ 200 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയാണ് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
200 മീറ്ററില്‍ കഴിഞ്ഞ വര്‍ഷം ആന്‍സി തന്നെ സ്ഥാപിച്ച 25.92 സെക്കന്റ് സമയം 24.90 സെക്കന്റായി തിരുത്തിയാണ് സ്വര്‍ണം നേടിയത്. 984 പോയിന്റു നേട്ടവുമായാണ് ആന്‍സി മികച്ച അത്‌ലറ്റായി തിരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട് ജില്ലയ്ക്കു വേണ്ടി 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ പോരാട്ടത്തിനിറങ്ങിയ ആര്‍.കെ സൂര്യജിത്ത് 14.88 സെക്കന്റില്‍ ഫിനീഷ് ചെയ്താണ് ചാംപ്യന്‍ഷിപ്പിലെ മികച്ച താരമായത്. 916 പോയിന്റാണ് സൂര്യജിത്ത് നേടിയത്. രണ്ടു ദിനങ്ങളിലായി ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സീനിയര്‍, യൂത്ത് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 18 റെക്കോര്‍ഡുകള്‍ പിറന്നു. സമാപന ദിനമായ ഇന്നലെ ഏഴു മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. ആറ് മീറ്റ് റെക്കോര്‍ഡുകള്‍ യൂത്ത് വിഭാഗത്തിലും ഒരെണ്ണം സീനിയറിലുമായിരുന്നു.
യൂത്ത് വിഭാഗത്തില്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ തൃശൂരിന്റെ ആന്‍സി സോജന്‍ (24.90 സെക്കന്റ്), 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാടിന്റെ ജെ വിഷ്ണുപ്രിയ (1.2.87 സെക്കന്റ്), ഹെപ്റ്റാത്തലണില്‍ ആലപ്പുഴയുടെ ജി രേഷ്മാ (3969 പോയിന്റ്) എന്നിവര്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ സി അഭിനവ് (22.21 സെക്കന്റ്) ഇരട്ടറെക്കോര്‍ഡിന് ഉടമയായി.
ആദ്യദിനത്തില്‍ 100 മീറ്ററിലും അഭിനവ് റെക്കോര്‍ഡ് നേടിയിരുന്നു. 800 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ അലക്‌സ് ജോര്‍ജ് (1. 58.86 സെക്കന്റ്), ഡിസ്‌കസ് ത്രോയില്‍ കാസര്‍ഗോഡിന്റെ കെ.സി സിദ്ധാര്‍ഥ് (49.12 മീറ്റര്‍) എന്നിവരും പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ എറണാകുളത്തിന്റെ എയ്ഞ്ചല്‍ പി. ദേവസ്യ 1.83 മീറ്റര്‍ മറികടന്ന് റെക്കോര്‍ഡ് സ്ഥാപിച്ചു. സീനിയര്‍ വിഭാഗത്തില്‍ കോട്ടയവും യൂത്ത് വിഭാഗത്തില്‍ തിരുവനന്തപുരവുമാണ് ഓവറോള്‍ ചാംപ്യന്‍മാര്‍. സീനിയര്‍ വിഭാഗത്തില്‍ 15 സ്വര്‍ണവും എട്ടു വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 202 പോയിന്റോടെയാണ് കോട്ടയം കിരീടം നിലനിര്‍ത്തിയത്.
രണ്ടാമതെത്തിയ എറണാകുളം ഒന്‍പത് സ്വര്‍ണവും എട്ടു വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെട 148 പോയിന്റ് നേടി. തിരുവനന്തപുരം ഏഴു സ്വര്‍ണവും നാലു വെള്ളിയും അഞ്ചു വെങ്കലവും ഉള്‍പ്പെടെ 113 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. യൂത്ത് വിഭാഗത്തില്‍ എട്ടു സ്വര്‍ണവും ഒന്‍പത് വെള്ളിയും നാലു വെങ്കലവും നേടിയ തിരുവനന്തപുരം 152 പോയിന്റുമായി ചാമ്പ്യന്‍മാരായി. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പാലക്കാട് എട്ടു സ്വര്‍ണവും അഞ്ചു വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 131 പോയിന്റ് നേടി. എറണാകുളം ഏഴു വീതം സ്വര്‍ണവും വെള്ളിയും അഞ്ചു വെങ്കലവും ഉള്‍പ്പെടെ 130 പോയിന്റ് നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."