ഈദ് നല്‍കുന്നത് സമാധാന സന്ദേശം: നേതാക്കള്‍
മലപ്പുറം: സങ്കുചിത ലക്ഷ്യങ്ങള്‍ക്കു വേണ്ടി മനുഷ്യരെ കൂട്ടക്കുരുതി ചെയ്യുന്ന ഭീകര, വര്‍ഗീയ, വിധ്വംസക സംഘങ്ങളെ ഒറ്റപ്പെടുത്താനും ഏതുപ്രതികൂല സാഹചര്യത്തിലും ഇസ്‌ലാമിന്റെ സമാധാന സന്ദേശം നിര്‍ഭയം ഉയര്‍ത്തിപ്പിടിക്കാനും ഓരോ വിശ്വാസിയും ദൃഢനിശ്ചയം ചെയ്യണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദുല്‍ഫിത്വര്‍ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. ഭീകരവാദവും വര്‍ഗീയതയും ഇസ്‌ലാമിനു വിരുദ്ധമാണ്. ഭീകരവാദം ഇസ്‌ലാമിന്റെ മാര്‍ഗമല്ലെന്നും ഇതിന് നേതൃത്വം നല്‍കുന്നവരുടെ ലക്ഷ്യം ഇസ്‌ലാമിനെ വളര്‍ത്തുകയല്ലെന്നുമുള്ളതിന് ആരാധനാവേളയില്‍ മസ്ജിദുന്നബവിക്ക് സമീപത്തുപോലും നടന്ന സ്‌ഫോടനം തെളിവാണെന്നും തങ്ങള്‍ പറഞ്ഞു.
രോഗവും ദാരിദ്ര്യവും കൊണ്ട് ദുരിതമനുഭവിക്കുന്നവരും അന്തിയുറങ്ങാന്‍ കിടപ്പാടമില്ലാതെ അലയുന്നവരും നമ്മുടെ വിളിപ്പാടകലെയുണ്ടെന്നത് മറക്കരുത്. യുദ്ധവും പ്രകൃതിക്ഷോഭവും സംഘര്‍ഷങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും വഴിയാധാരമാക്കിയ അനേക ലക്ഷം സഹോദരന്മാര്‍ ആഘോഷങ്ങളുടെ സമൃദ്ധിയില്ലാത ഈ സന്തോഷ ദിനത്തിലും പലായനത്തിന്റെ വഴിയിലായും അഭയാര്‍ത്ഥി സങ്കേതങ്ങളിലായും വേദനയോടെ കഴിയുന്നുണ്ട്. അവരെ മറക്കരുത്. പെരുന്നാള്‍ ആഘോഷത്തില്‍ നിന്ന് ഒരു കൈ സഹായം അശരണരും അഗതികളും അനാഥരുമായവര്‍ക്കായി നീക്കിവയ്ക്കണം. അവര്‍ക്കായി പ്രാര്‍ത്ഥിക്കണം. ഐക്യവും സമാധാനവും നിലനിര്‍ത്തുന്നതിനുള്ള പരിശ്രമങ്ങളില്‍ മുഴുകണമെന്നും അപരന് ആശ്രയവും ആശ്വാസവുമേകുന്നതിലാണ് ആനന്ദം കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കുമരംപുത്തൂര്‍
എ.പി. മുഹമ്മദ് മുസ്്‌ലിയാര്‍
(സമസ്ത പ്രസിഡന്റ്)
സ്രഷ്ടാവിലേക്ക് സമ്പൂര്‍ണ സമര്‍പ്പണത്തിനു മനസ് പാകപ്പെടുത്തിയ റമദാനിന്റെ ചൈതന്യമുള്‍ക്കൊണ്ട് പുതുജീവിതപ്രയാണത്തിനുള്ള പ്രതിജ്ഞയെടുക്കണമെന്നു സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്്‌ലിയാര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. വിശ്വാസത്തിന്റെയും സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും മാര്‍ഗം പരിചയായി സ്വീകരിച്ചും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിച്ചും ശിഷ്ടകാലം വിനിയോഗിക്കണമെന്നും,കഷ്ടതയനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനും പീഡിപ്പിക്കപ്പെടുന്ന ലോകമുസ്്‌ലിംകളുടെ സുരക്ഷക്കായി പ്രാര്‍ഥിക്കാനും ആഘോഷവേള ഉപയോഗപ്പപെടുത്തണമെന്നും പെരുന്നാള്‍ ആഘോഷത്തെ അനാദരിക്കുന്ന പ്രവണതകള്‍ വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.
കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍
(സമസ്ത ജനറല്‍ സെക്രട്ടറി )
ജീവിതവിശുദ്ധിയുടേയും കാരുണ്യത്തിന്റെയും വിട്ടുവീഴ്ച്ചയുടെയും മനുഷ്യസ്‌നേഹനത്തിന്റെയുമെല്ലാം സുകൃതജീവിതത്തെ പ്രയോഗവല്‍കരിക്കാനും പരസ്പരം നന്‍മയിലും സ്‌നേഹത്തിലും മുന്നേറാനും ഈദുല്‍ഫിത്വര്‍ വേള ഉപയോഗപ്പെടുത്തണമെന്നു സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രഫ.കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. വൈര്യവും വിദ്വേഷവും വെടിഞ്ഞു സഹിഷ്ണുതയും സാഹോദര്യവും പുലര്‍ത്താനുള്ള പരിചയായി ഓരോരുത്തരും മാറണം. വിശുദ്ധ ഹറമിന്റെ ഭൂമിയില്‍ വരേ അശാന്തി പരത്താനുള്ള ആഗോള ഭീകരതക്കെതിരേ ലോക മനസാക്ഷി ഉണരേണ്ടതുണ്ട്. സ്വയം ചാവേറുകളും തീവ്ര വിനാശകാരികളും വര്‍ധിക്കുന്ന ഘട്ടത്തില്‍ മതത്തിന്റെ യഥാര്‍ഥ സന്ദേശം പ്രചരിപ്പിക്കാന്‍ മുന്നിട്ടറങ്ങണം.
ഇസ്്‌ലാമിനെ തകര്‍ക്കാനും മതത്തെ തെറ്റിദ്ധരിപ്പിക്കാനും ലക്ഷ്യംവച്ചുള്ള അന്താരാഷ്ട്ര ഗൂഢാലോചനകള്‍ക്കെതിരേ ജാഗ്രത പാലിക്കണം. അടിച്ചേല്‍പ്പിക്കപ്പെടലും അടിച്ചമര്‍ത്തലുകളുമല്ല ഇസ്്‌ലാമിന്റെ അടിസ്ഥാനം. യുദ്ധമുഖത്ത് പോലും ശത്രുവിന്റെ മാന്യതയ്ക്കു പരിഗണന നല്‍കിപോന്ന ഇസ്‌ലാം പുല്‍ക്കൊടിയോടു പോലും അന്യായമരുതെന്ന വലിയ സന്ദേശമാണ് പകര്‍ന്നത്. ആഗോള രംഗത്തെ ഭീകരതാണ്ഡവങ്ങളില്‍ വിലപിക്കുന്ന ലോക മുസ്‌ലിംസഹോദരങ്ങളോട് ഐക്യദാര്‍ഢ്യം നേര്‍ന്നു പെരുന്നാളിന്റെ വിശുദ്ധ ദിനത്തില്‍ പ്രാര്‍ഥിക്കണമെന്നും സമസ്ത ജനറല്‍സെക്രട്ടറി ആഹ്വാനം ചെയ്തു.
സയ്യിദ് മുഹമ്മദ് ജിഫ്്‌രി
മുത്തുകോയ തങ്ങള്‍
(സമസ്ത ട്രഷറര്‍)
ഇലാഹീ മാര്‍ഗത്തില്‍ ജീവിതം സമര്‍പ്പിക്കാനുളള തയാറെടുപ്പുകളാണ് ഒരുമാസത്തെ വ്രതാനുഷ്ഠാനം പാകപ്പെടുത്തുന്നതെന്നും റമദാനിന്റെ വിശുദ്ധിയ ജീവിതത്തിലുടനീളം തുടരുന്നതിനു ഈദുല്‍ ഫിത്വര്‍ വേള ഉപയോഗികണമെന്നും സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുകോയ തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. കുടുംബബന്ധവും സൗഹൃദവും പുതുക്കിയും പ്രാര്‍ഥനാധന്യമായും പെരുന്നാളിനെ ഉപയോഗപ്പെടുത്തുകയും സമുദായ നന്‍മക്കായി പ്രാര്‍ഥിക്കുകയും വേണം തങ്ങള്‍ പറഞ്ഞു.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി
സാമുദായിക വികേന്ദ്രീകരണവും കുടുംബ ബന്ധങ്ങളില്‍ ശൈഥില്യവും സാര്‍വത്രികമായ പുതിയ കാലത്ത് പരസ്പര സ്‌നേഹത്തിന്റെ കൈമാറ്റത്തിനും പങ്കുവെക്കലിനും പെരുന്നാള്‍ ദിനം വേദിയാകണെമെന്നും അരികുവത്കരണത്തിനും അപരവത്കരണത്തിനും വിധേയരാകുന്ന ഇതര നാടുകളിലെ മുസ്‌ലിം സഹോദരന്മാരോട് ഐക്യദാര്‍ഢ്യപ്പെടാനും കഷ്ടതയനുഭവിക്കുന്നവര്‍ക്ക് ആത്മധൈര്യമേകാനും വിശ്വാസികള്‍ പ്രതിജ്ഞ പുതുക്കണമെന്നും സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയും ദാറുല്‍ഹുദാ ഇസ്ലാമിക്‌സര്‍വകലാശാല വി.സിയുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.
അവശതയനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകുക: കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി
വിശുദ്ധ മാസത്തിന്റെ പുണ്യമുള്‍ക്കൊണ്ട് ആത്മാര്‍ഥമായ അനുഷ്ഠാനങ്ങളിലൂടെ വിശ്വാസികള്‍ ആര്‍ജിച്ച ആത്മസംസ്‌കരണവും ജീവിത വിശുദ്ധിയും തുടര്‍ജീവിതത്തിന്റെ മാര്‍ഗദര്‍ശിയായി നിലനിര്‍ത്താനുള്ള വിശ്വാസപരമായ ബാധ്യത വിസ്മരിക്കാതെയാകണം ഈദ് ആഘോഷം. ലോകത്തെമ്പാടും അഭയാര്‍ഥി പ്രശ്‌നം രൂക്ഷമായ വേളയിലാണ് ഇത്തവണ റമദാന്‍ വിരുന്നെത്തിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കാന്‍ നമുക്ക് കഴിയണം. അവശതയനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ നമുക്ക് ഈ പെരുന്നാളിനെ ധന്യമാക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.എന്‍.എം
സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ ഊര്‍ജം നല്‍കുന്ന ഈദുല്‍ഫിത്വറിന്റെ മഹത്വം വിശ്വാസികള്‍ തിരിച്ചറിയണമെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനിയും ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവിയും അറിയിച്ചു.
കെ. എന്‍. എം (മടവൂര്‍ വിഭാഗം)
വിശ്വാസികള്‍ക്ക് കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമിയും ജനറല്‍ സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനിയും ഈദ് ആശംസകള്‍ നേര്‍ന്നു. പകലന്തിയോളം അന്നപാനീയങ്ങള്‍ വെടിഞ്ഞ് വിശപ്പിന്റെ കാഠിന്യം അനുഭവിച്ചറിഞ്ഞ വിശ്വാസികള്‍ പാവങ്ങളുടെയും അവശരുടെയും കണ്ണീരൊപ്പാന്‍ കൈകോര്‍ക്കണമെന്നും നേതാക്കള്‍ ഈദ് സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
ജമാഅത്തെ ഇസ്‌ലാമി
മതസാമുദായിക അതിര്‍ത്തികള്‍ക്കപുറത്തേക്ക് പെരുന്നാള്‍ ആഘോഷം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു. ജീവിത വിശുദ്ധിയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും സന്ദേശമാണ് ചെറിയപെരുന്നാള്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം ഈദ് സന്ദേശത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."