ആരവങ്ങള്‍ക്ക് കിക്കോഫ്
മോസ്‌കോ: എണ്ണിയാലൊടുങ്ങാത്ത യുദ്ധങ്ങളും പോരാട്ടങ്ങളും കൊണ്ട് പേരുകേട്ട മണ്ണ്, റഷ്യന്‍ വിപ്ലവം, ഫെബ്രുവരി വിപ്ലവം, ബോള്‍ഷെവിക് വിപ്ലവം അങ്ങനെ നീളുന്ന പോരാട്ടങ്ങളുടെ പട്ടിക. വഌദിമര്‍ ലെനിന്‍, ഗോര്‍ബച്ചേവ്, സ്റ്റാലിന്‍ അങ്ങനെ ഒരുപാട് യോദ്ധാക്കളെയും വീര പുത്രന്മാരെയും ലോകത്തിന് സംഭാവന ചെയ്ത നാട്. ആ നാട്ടില്‍ ഇന്നുമുതല്‍ മറ്റൊരു ചരിത്രം പിറവിയെടുക്കുകയാണ്.
മറ്റൊരു പോരാട്ടത്തിന് വേദിയൊരുങ്ങുകയാണ്. ഫുട്‌ബോളിലെ ചില യോദ്ധാക്കള്‍ പിറവിയെടുക്കുകയാണ്. റഷ്യയില്‍ 2018 ലോകകപ്പ് ഫുട്‌ബോളിന്റെ പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഫുട്‌ബോള്‍ ലോകം ശ്വാസമടക്കിപ്പിടിച്ച് റഷ്യയിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയാണ്.ഇനിയുള്ള 30 ദിവസം നെഞ്ചിടിപ്പിന്റേയും നെടുവീര്‍പ്പിന്റേതുമാണ്. 32 രാജ്യങ്ങളില്‍ നിന്നായി 736 താരങ്ങളാണ് ലോകകപ്പിന്റെ പോരാട്ട വേദിയിലേക്കിറങ്ങുന്നത്.
ഇന്നുമുതല്‍ റഷ്യയിലെ 11 നഗരങ്ങളില്‍ 12 വേദികളിലായിട്ടാണ് ലോകകപ്പ് പോരാട്ടങ്ങള്‍ നടക്കുന്നത്. നാളെയുടെ ഫുട്‌ബോള്‍ രാജാക്കന്‍മാരെയും ഫുട്‌ബോള്‍ മാന്ത്രികന്‍മാരേയും കാത്ത് ഒരേ ഇരിപ്പാണ് ലോകം. മെസ്സിയും ക്രിസ്റ്റ്യാനോയും നെയ്മറും തീര്‍ക്കുന്ന മായാജാലം കാണാന്‍.
എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് പോരാട്ടത്തിനൊരുങ്ങുന്നത്. അതില്‍ കുഞ്ഞന്‍മാരായ ഐസ്‌ലന്റ്മുതല്‍ കരുത്തരായ അര്‍ജന്റീനയും ബ്രസീലും സ്‌പെയിനും ജര്‍മനിയും ഉള്‍പെടുന്നു. 32 ടീമിന്റെ നോട്ടവും സ്വപ്‌നവും കപ്പിലേക്ക് മാത്രമാണ്. നമുക്കും കാത്തിരിക്കാം പുതിയ ഫുട്‌ബോള്‍ രാജാക്കന്മാര്‍ ആരാണെന്നറിയാനും പുതിയ താരങ്ങളെ കാണാനും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."