കോന്നിയില്‍ രണ്ടംഗ കവര്‍ച്ചാസംഘം പിടിയില്‍
പത്തനംതിട്ട: സംസ്ഥാന വ്യാപകമായി വന്‍കവര്‍ച്ചകള്‍ നടത്തിവന്ന രണ്ടുപേരെ പൊലിസ് പിടികൂടി. പോള്‍ മുത്തൂറ്റ് വധം ഉള്‍പ്പടെ നൂറിലധികം കേസുകളില്‍ പ്രതിയായ തിരുവല്ല കവിയൂര്‍ കുഴിയത്ത് സന്തോഷ് ഭവനില്‍ സന്തോഷ് കുമാര്‍ എന്ന ഹസന് സന്തോഷ് (39), കായംകുളം കൊറ്റുകുളങ്ങര ആനിക്കാട്ടു വീട്ടില്‍ സൈനുദ്ദീന്‍(45) എന്നിവരാണ് ജില്ലാ പൊലിസ് മേധാവിയുടെ ഷാഡോ ടീമിലെ കോന്നി എസ്.ഐ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വലയിലായത്.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ ക്ഷേത്രങ്ങള്‍, വീടുകള്‍, കടകള്‍, ബിവറേജസ് ഔട്ട്ലെറ്റുകള് എന്നിവ കേന്ദ്രീകരിച്ചാണ് പ്രതികള്‍ കവര്‍ച്ച നടത്തിയിരുന്നത്. ഇവരില്‍ നിന്ന് സ്വര്‍ണം, വെള്ളി ആഭരണങ്ങളും ഒരു ലക്ഷത്തോളം രൂപയും വാച്ചുകളും പിടിച്ചെടുത്തു. സ്വര്‍ണം മാത്രമായി പന്ത്രണ്ട് പവനോളമുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ കോന്നി ടൗണില്‍ നിന്നാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. മോഷണ സംഘത്തില്‍ കൂടുതല്‍ പേര് ഉണ്ടോയെന്ന് പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ കിട്ടിയ ശേഷം അന്വേഷിയ്ക്കുമെന്ന് അടൂര്‍ ഡി.വൈ.എസ്.പി ആര്. റഫീക്ക്, കോന്നി സി.ഐ ആര്. ജോസ് എന്നിവര്‍ പറഞ്ഞു. ജയില്‍ മോചിതരായ മുന്‍ കുറ്റവാളികളെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് ചീഫ് ഹരിശങ്കര്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ പൊലിസ് തെരച്ചില്‍ തുടങ്ങിയത്. തൃശൂര്‍, നാട്ടകം, തകഴി, ചെങ്ങന്നൂര്‍, മാവേലിക്കര, കൊട്ടമുക്ക് എന്നിവിടങ്ങളിലെ ആരാധനാലയങ്ങള്‍, വീടുകള്‍, ബിവറേജസ് ഔട്ലെറ്റുകള്, കടകള്‍, തുടങ്ങിയവയുടെ പൂട്ടു പൊളിച്ച് അകത്തു കടന്ന് സാധനങ്ങള്‍ മോഷ്ടിച്ചതുള്‍പ്പടെ നിരവധി കേസുകള്‍ ഇവരുടെ പേരിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."