എം.സി റോഡ് വികസനം: നിര്‍മാണം അവസാനഘട്ടത്തില്‍
ചങ്ങനാശ്ശേരി: എം.സി റോഡുവികസനത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരി പെരുന്ന റെഡ്‌സ്‌ക്വയര്‍ മുതല്‍ ഹെഡ്‌പോസ്‌റ്റോഫിസ് ജങ്ഷന്‍ വരെയുള്ളഭാഗത്തെ റോഡുപണികള്‍ അവസാനഘട്ടത്തില്‍.അതിന്റെ ഭാഗമായി റെഡ്‌സ്‌ക്വയര്‍ മുതല്‍ പെരുന്ന രണ്ടാംനമ്പര്‍ ബസ് സ്റ്റാന്റുവരെയുള്ള പണികള്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് പൂര്‍ത്തിയായിരുന്നു.
ബാക്കി ഭാഗമായ ബസ്സ്റ്റാന്റുമുതല്‍ പോസ്‌റ്റോഫീസ് ജംഗ്ഷന്‍വരെയുള്ള ഭാഗത്തെ പണികളാണ് ഇപ്പോള്‍ നടക്കുന്നത്.
നിലവിലെ ടാറിങ്് പൂര്‍ണമായും നീക്കംചെയ്തു റോഡു ഉര്‍ത്തുന്ന ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. റോഡിലെ ഇറക്കങ്ങളും കയറ്റങ്ങളും ഒഴിവാക്കാനായി ഈ ഭാഗത്ത് രണ്ടടിയോളം റോഡ് ഉയര്‍ത്തുന്നുണ്ട്. ഇതില്‍ സമീപത്തെ കച്ചവടക്കാരുടെ ശക്തമായ എതിര്‍പ്പും ഉടലെടുത്തിട്ടുണ്ട്. പുതിയ റോഡു പണികള്‍ പൂര്‍ത്തിയാവുമ്പോള്‍ ഈ ഭാഗത്തെ കടകള്‍ രണ്ടടിയോളം പുതിയ റോഡില്‍ നിന്നും താഴെയാവുന്നതാണ് എതിര്‍പ്പിനു കാരണം.
ശക്തമായി മഴപെയ്താല്‍ ഈ കടകളിലേക്കു വെള്ളം ഒഴുകിയെത്താനുള്ള സാധ്യതയും ഏറെയാണ്. ഇതു കച്ചവടക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കും. റോഡിനു ഇരുവശങ്ങളിലും പുതിയ റോഡിന്റെ ഉയരത്തിനനുസരിച്ചു ഓടകള്‍ സ്ഥാപിച്ചുകഴിഞ്ഞു.
ഇതു സ്ഥാപിച്ചപ്പോഴേക്കും മിക്കകടകളും റോഡില്‍ നിന്നും വളരെതാഴെയായി. എന്നാല്‍ നടപ്പാതയില്‍ ടൈല്‍സ്പാകി റോഡിലെ ടാറിങ് പൂര്‍ത്തിയാകുന്നതോടെ കടകളില്‍ വേണ്ട മാറ്റം വരുത്തേണ്ടിവരുമെന്നും കച്ചവടക്കാര്‍ പറയുന്നു.
പണിയുടെ ഭാഗമായി റോഡിലെ വൈദ്യുത തൂണുകളും മാറ്റിസ്ഥാപിച്ചുകഴിഞ്ഞു. പണികള്‍ ആരംഭിച്ചതോടെ ഈ ഭാഗത്തെ അന്‍പതോളം കടകള്‍ അടച്ചിട്ടിരിക്കുകയാണ്.
അതേസമയം പണികള്‍ ഏറെക്കുറെ പൂര്‍ത്തിയായ രണ്ടാംഘട്ട റോഡിലെ ദിശാബോര്‍ഡുകളും സീബ്രാലൈനുകളും മറ്റും ഇനിയും സ്ഥാപിച്ചിട്ടില്ല. അന്തിമ ടാറിങ് പൂര്‍ത്തിയായശേഷമാവും ദിസാബോര്‍ഡുകള്‍ സ്ഥാപിക്കുക. എന്നാല്‍ പണിയുടെ ഭാഗമായി പെരുന്ന റെഡ്‌സ്‌ക്വയറില്‍ ഇളക്കിയ റൗണ്ടാന അതേനിലയില്‍ കിടക്കുകയാണ്. ഇതു ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്കു ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു.
എം.സി റോഡു വികസനത്തിന്റെ ഭാഗമായി സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ കെ .എസ.് ആര്‍ .ടി .സി ജംഗ്ഷന്‍വരെയുള്ള ഒന്നാംഘട്ട പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നുകൊടുത്തിരുന്നു. രണ്ടാം ഘട്ടമെന്ന നിലയിലാണ് റെഡ് സ്‌ക്വയര്‍ മുതല്‍ പോസ്‌റ്റോഫിസ് ജങ്ഷന്‍വരെയുള്ള ഭാഗത്തെ പണികള്‍ ഇപ്പോള്‍ നടന്നുവരുന്നത്.
ഇതു അവസാനിക്കുന്നതോടെ കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍ മുതല്‍ പോസ്‌റ്റോഫിസ് ജങ്ഷന്‍വരെയുള്ള മൂന്നാം ഘട്ടപണികളും നടക്കും. മൂന്നു ഘട്ടപണികളും 70 ദിവസംകൊണ്ടു പൂര്‍ത്തീകരിക്കുമെന്നായിരുന്നു കെ.എസ്.ടി.പി അധികൃതര്‍ പറഞ്ഞിരുന്നതെങ്കിലും ഒന്നാംഘട്ടം മാത്രമാണ് 20 ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കാനായത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 70 ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍പണികളും തീര്‍ക്കാനുള്ള സാധ്യതയും കാണുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."