വര്‍ണപ്പെട്ടിക്കു പകരം കിട്ടിയ കവിവര്യര്‍
ഒരിക്കലും മറക്കാത്ത ചില പെരുന്നാളുകളുണ്ട്. അതിലൊന്നാണിപ്പോള്‍ ഓര്‍ത്തെടുക്കുന്നത്. ഇടത്തും വലത്തും തെക്കും വടക്കും നദികളുണ്ടെങ്കിലും സ്വന്തമായി ഒരു പുഴയില്ലാത്ത ഒരു ഗ്രാമമായിരുന്നു എന്റെ ഉദുമ. വടക്ക് ചന്ദ്രഗിരിപ്പുഴ മൂന്ന് കിലോമീറ്റര്‍ അകലെ. തെക്കുള്ള ബേക്കല്‍ പുഴയും പടിഞ്ഞാറുള്ള നൂമ്പില്‍ പുഴയും രണ്ടര കിലോമീറ്ററും കിഴക്കുള്ള കരിച്ചേരിപ്പുഴ അഞ്ച് കിലോമീറ്ററും അകലെ. എന്നിട്ടും പുഴയെ സ്പര്‍ശിക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ടായിരുന്നു. ചന്ദ്രഗിരിപ്പുഴയാണാ ഭാഗ്യവാന്‍. ഞങ്ങള്‍ക്ക് അടുത്ത നഗരമായ കാസര്‍കോട്ടേക്ക് പോകാനുള്ള ദൂരം കുറഞ്ഞ ഏക മാര്‍ഗം. ഉദുമയില്‍നിന്ന് കീഴൂര്‍ കടവത്തുവരെ കാല്‍നടയായി പോയി, കടത്തുതോണി വഴി തളങ്കരയിലെത്തി, വീണ്ടും ഒരു നടരാജ സര്‍വിസ് നടത്തിയാല്‍ കാസര്‍കോട്ടെത്താം. അത്തരത്തിലുള്ള ഒരു പെരുന്നാള്‍യാത്രയാണ് എന്റെ പെരുന്നാളോര്‍മയെ അനശ്വരമാക്കുന്നത്.
ഞാന്‍ ആറിലോ ഏഴിലോ ഉദുമ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലം. ചിത്രം വരയ്ക്കാനുള്ള കലശലായ മോഹങ്ങളാണ് ആ കാലത്തിന്റെ ഏറ്റവും വലിയ നോവ്. കാരണം സ്വന്തമായി കളര്‍ബോക്‌സില്ല. എന്നാല്‍ ചുറ്റും പച്ചവയലും തോടുകളും തരിശായ കണ്ട്വാളംപാറയും, നൊണ്ണി എന്നൊരു സ്ത്രീ മുടി അഴിച്ചിട്ടു കുളിക്കുന്ന പാറക്കുളവും, ചവോക്കു കാടുകളും മുക്കുന്നോത്തു കാവും നാലാം വാതുക്കലും കുണ്ടടുക്കം തോടും പള്ളിക്കുളവും മഴ പെയ്തു നിറഞ്ഞു പച്ചജ്വാലയില്‍ തിമിര്‍ക്കുന്നു. നിറയെ മുന്തിരിച്ചാറുണ്ട്, പക്ഷെ കുടിക്കാന്‍ പാത്രമില്ല എന്ന് റൂമി എഴുതിയ പോലെ ഈ പച്ച വന്‍കരകളെ പകര്‍ത്താന്‍ എന്നില്‍ വര്‍ണങ്ങളോ ബ്രഷോ ഇല്ല. ഞാനെന്തു ചെയ്യും? പടച്ചവനേ, എനിക്കൊരു വര്‍ണപ്പെട്ടി കിട്ടാന്‍ വഴികാണിച്ചു തരേണമേ എന്നു പ്രാര്‍ഥിച്ചുകൊണ്ടിരിക്കെ റമദാന്‍ മാസം സമാഗതമായി. വീടുകളുടെ അകവും പുറവും കഴുകി വൃത്തിയാക്കപ്പെട്ടു. നോമ്പു തുറക്കാനുള്ള മുത്താറിക്കഞ്ഞിക്കായി പത്തായത്തില്‍ ഉണക്കി ചാക്കിലാക്കിവച്ച മുത്താറി പുറത്തെ പായയില്‍ വീണ്ടും ഉണങ്ങാനായി ഇട്ടു. വഴികളായ വഴികളെല്ലാം പുല്ലും കാടും ചെത്തി വെടിപ്പാക്കപ്പെട്ടു. ഓലമേഞ്ഞ വീടും മുറ്റവും ഒരു വിശുദ്ധഗേഹം പോലെ പ്രകാശത്തില്‍ കുളിച്ചുനിന്നു. അപ്പോഴതാ വരുന്നു റമദാന്‍പിറ.
അത്താഴവും മുത്താഴവും കഴിഞ്ഞ് ഞങ്ങള്‍ നോമ്പെടുത്തു. നോമ്പുതുറയ്ക്ക് ഇന്നത്തെപ്പോലെ എണ്ണപ്പലഹാരങ്ങളില്ല. പ്രകൃതി കനിഞ്ഞരുളിയ, ഞങ്ങള്‍ തന്നെ കൃഷി ചെയ്തുണ്ടാക്കിയ മുത്താറിക്കഞ്ഞിയും ഒരു കഷണം കാരക്കയും കസ്‌കസ് ഇട്ട ഒരു കപ്പ് സര്‍ബത്തും-തീര്‍ന്നു നോമ്പുതുറ. നോമ്പുതുറയുടെ ഇന്നത്തെ ആര്‍ഭാടങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ പറയുമായിരിക്കും, ഇതെന്തൊരു നോമ്പ് എന്ന്. എന്നാല്‍, ഇതാണ് നോമ്പ്. അന്നം കഴിക്കാത്തവന്റെ വയറ്റിലെ വിശപ്പ് ഞാന്‍ മനസിലാക്കിയത് ഈ നോമ്പിലൂടെയാണ്. ഈ നോമ്പുകള്‍ തന്ന പാഠമാണ് ഇന്നും എന്റെയും കുടുംബത്തിന്റെയും അസ്തിത്വം.
മുപ്പതു ദിവസവും നോമ്പുനോറ്റ്, മുത്താറിക്കഞ്ഞി കുടിച്ച് പള്ള വീര്‍പ്പിച്ച്, പള്ളിയില്‍ ചെന്ന് ഇരുപതു തവണ മുട്ടുകുത്തി തറാവീഹ് നിസ്‌കരിച്ചുകഴിഞ്ഞാല്‍ വീര്‍ത്ത വയര്‍ പതുക്കെ ചായും. ആ വ്യായാമത്തില്‍ ശരീരം ഉണരും. ഉപ്പയുടെ കൂടെ റെയില്‍പാളവും കടന്ന് വീട്ടിലേക്കു പുതിയ ഉന്മേഷത്തോടെ നടന്നുവരുമ്പോള്‍ കിട്ടിയ നോമ്പിന്റെ സായൂജ്യമാണ് ഇപ്പോഴും മനസിലുള്ളത്. പെരുന്നാള്‍പിറ കാണാന്‍ റെയില്‍വേ കട്ടിങ്ങിനു മുകളില്‍ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍, പിറ കണ്ടാല്‍ അവര്‍ക്കൊപ്പം തക്ബീര്‍ മുഴക്കുമ്പോള്‍ പിറ്റേന്നാളത്തെ പെരുന്നാളാഘോഷങ്ങള്‍ മനസില്‍ ദഫ് മുട്ടും. പുതുവസ്ത്രം വളരെ കമ്മിയായേ കിട്ടിയിരുന്നുള്ളൂ. പുതുവസ്ത്രമില്ലാത്ത പെരുന്നാളായിരുന്നു അധികവും. കാരണം, മൊഗ്രാലിലെ ജന്മിമാരുടെ കുടിയാനായിരുന്ന ഉപ്പയ്ക്കും ഉമ്മയ്ക്കും ഞങ്ങള്‍ പന്ത്രണ്ടു മക്കള്‍. ഞാന്‍ പത്താമന്‍. വീട്ടില്‍ അന്നം പുകയുന്നതു തന്നെ കഷ്ടി. അതുകൊണ്ട് ഞങ്ങള്‍ക്കു വീട്ടില്‍ എന്നും നോമ്പായിരുന്നു.
ഓരോ നോമ്പും ഞങ്ങളെ വരവേറ്റത് ഒന്നും തിന്നേണ്ടതില്ലാത്ത മറ്റൊരു മാസം കൂടി എന്ന വിശേഷണത്തോടെയാണ്. ഒന്നും തിന്നാനില്ലാത്ത നാളുകളില്‍ ഉമ്മ, പള്ളിവക പിടിയരിയിടാന്‍ വച്ച കുടുക്കയില്‍നിന്ന് അരി കൃത്യം അളന്നെടുത്ത് ഞങ്ങള്‍ക്ക് കഞ്ഞിവച്ചു തന്നിട്ടുണ്ട്. വീട്ടില്‍ അരിയെത്തിയാല്‍ അതില്‍നിന്നു കൃത്യം അരി അളന്നെടുത്ത് ഒരു മണി പോലും കുറയാതെ പിടിയരിക്കുടുക്കയില്‍ നിക്ഷേപിച്ച് ഉമ്മ ദൈവത്തോട് കുറ്റം ഏറ്റുപറഞ്ഞു പ്രാര്‍ഥിക്കുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്. നോമ്പവസാനിക്കുമ്പോള്‍ നാളെ വരുന്ന ഓരോ പെരുന്നാളും ഞങ്ങള്‍ക്ക് പെരും പെരുന്നാളായിരുന്നു. അത്തരമൊരു പെരുന്നാളിനാണ് ഞാനും കാത്തിരുന്നത്. അന്നാണ് ഞങ്ങള്‍ക്കു വയറു നിറച്ച് ആഹാരം കിട്ടിയിരുന്നത്. പുതുവസ്ത്രം കിട്ടിയില്ലെങ്കിലും എല്ലാ പെരുന്നാളിനും ഞങ്ങള്‍ക്കു പെരുന്നാള്‍ പൈസ കിട്ടും. അത് ഒരു പൈസയോ പത്തു പൈസയോ നാലണയോ എട്ടണയോ ആയിരിക്കും. എല്ലാം സ്വരുക്കൂട്ടിയാല്‍ ഒരു ഉറുപ്പിക വരെ കിട്ടാറുണ്ട്. അതുകൊണ്ട് ഒരു കളര്‍ബോക്‌സ് വാങ്ങാം. എന്റെ ചുറ്റുമുള്ള, ഞാന്‍ ഉള്ളില്‍ കൊണ്ടുനടക്കുന്ന പച്ചജ്വാലകളെ പകര്‍ത്താം. ഇതായിരുന്നു ആ പെരുന്നാളിന്റെ മോഹം.
തക്ബീര്‍ധ്വനികള്‍ തന്നെ പെരുന്നാള്‍തലേന്നിന്റെ രാത്രി ഒടുങ്ങി. സുബ്ഹി നിസ്‌കാരം കഴിഞ്ഞു പ്രഭാതത്തിന്റെ ഇരുളിമ മാറാന്‍ കാത്തുകഴിഞ്ഞിരുന്നു. പുതുവസ്ത്രമില്ലാതെ, അന്നു കിട്ടാന്‍ പോകുന്ന മൊത്തം പെരുന്നാള്‍ പൈസ ഒരുറുപ്പികയെ കിനാവു കണ്ട്, പള്ളിയിലേക്കു യാത്രയാകാന്‍ തയാറായിനില്‍ക്കുമ്പോള്‍ അതാവരുന്നു ഉമ്മയുടെ സഹോദരന്‍... കുപ്പായത്തില്‍ അത്തറു പൂശിത്തന്ന അദ്ദേഹം സ്വന്തം കുപ്പായത്തിന്റെ വശങ്ങളിലെ പോക്കറ്റില്‍നിന്ന് ഒരു നാണയത്തുട്ടെടുത്ത് എന്റെ കൈയില്‍ വച്ചു. നാലണ!
ഇനി മൂന്നു നാലണ കൂടി കിട്ടിയാല്‍ ഒരുറുപ്പികയാകും. ഒരുറുപ്പിക കൈയില്‍ വന്നാല്‍ പെരുന്നാള്‍ നിസ്‌കാരത്തിനുശേഷം കാസര്‍കോട്ടേക്കു വെച്ചടിക്കാം. കടവു കടന്ന് തളങ്കരയില്‍നിന്നു കുറച്ചുകൂടി മുന്നോട്ടുനടന്നാല്‍ സ്‌കൂള്‍ പുസ്തകങ്ങളും സ്‌ളേറ്റും കളര്‍ ബോക്‌സും മറ്റും വില്‍ക്കുന്ന ചെറിയൊരു കട വലതുവശത്തുണ്ട്.
ചങ്ങാതിമാരോട് ചോദിച്ചു മനസിലാക്കിയതാണ്. പന്ത്രണ്ട് അണ കൊടുത്താല്‍ കളര്‍ബോക്‌സ് കിട്ടും... ഇനി മൂന്നു നാലണ ആരുടേതെന്ന് ഓര്‍ത്തിരിക്കേ അതാ ജ്യേഷ്ഠന്‍ അബ്ദുല്‍ ഖാദര്‍ച്ച നാലണയുടെ പാവല്‍ എന്റെ കീശയിലേക്കിടുന്നു! അപ്പോഴതാ ഉപ്പയുടെ കൈകള്‍ എന്റെ നേരെ നീളുന്നു. അത്ഭുതം! എട്ടണയുടെ ഒരു പാവല്‍ ഉപ്പ എന്റെ ഉള്ളംകൈയില്‍ വച്ചുതന്നു. കൃത്യം ഒരു രൂപ കൈയില്‍ വന്നിരിക്കുന്നു. ഞാന്‍ ധന്യവാനായിരിക്കുന്നു! എന്റെ കളര്‍ബോക്‌സ് മോഹം നടക്കാന്‍ പോകുന്നു. ഇനി കടത്തുകാരനു കൊടുക്കാനുള്ള പത്തു പൈസ കൂടി കിട്ടണം. ഉമ്മയുടെ തൊപ്പി തുന്നുന്ന പെട്ടി തപ്പിയപ്പോള്‍ അതും കിട്ടി.
പള്ളിയില്‍നിന്ന് പ്രാര്‍ഥന കഴിഞ്ഞ് ഞാനും ചങ്ങാതിയും കാല്‍നടയായി കാസര്‍കോട്ടേക്കു യാത്ര പുറപ്പെട്ടു. അടുത്ത ബന്ധു തളങ്കരയിലായതു കൊണ്ട് ഈ ചങ്ങാതി ഇടക്കിടെ കാസര്‍കോട്ടേക്ക് സഫര്‍ പോകുന്ന ആളാണ്. നല്ല വെയിലാതയിനാല്‍ വിയര്‍ത്തുകുളിച്ചാണ് തളങ്കര കടവിറങ്ങിയത്. അപ്പോള്‍ ഒരാരവം. ആളുകള്‍ ഓടിപ്പോകുകയാണ്. തൊട്ടടുത്ത വീടിനു തീപ്പിടിച്ചിരിക്കുന്നു! ഞങ്ങളും ആള്‍ക്കൂട്ടത്തോടൊപ്പം ഓടി. ചിലര്‍ കത്തുന്ന പുരയിലേക്കു മണ്ണു വാരിയെറിയുന്നു. ആള്‍മറയില്ലാത്ത കിണറില്‍നിന്ന് വെള്ളം കോരി തീയിലേക്ക് ഒഴിക്കുകയാണു ചിലര്‍. ഞങ്ങളും മണ്ണു വാരിയെറിഞ്ഞു കൊണ്ടിരുന്നു. അരമണിക്കൂര്‍ കൊണ്ട് തീയൊഴിഞ്ഞു. നനഞ്ഞ പുക മാത്രമായി ആ വീട്. ഇനി ഞങ്ങള്‍ക്കും പോകാം. അഞ്ച് മിനിറ്റ് നടന്നപ്പോള്‍ ചങ്ങാതി കളര്‍ബോക്‌സുള്ള കട കണ്ടെത്തി. ഞങ്ങള്‍ കടക്ക് അകത്തുകയറി. കളര്‍ബോക്‌സ് കണ്ടുപിടിച്ചു. ഞാനെന്റെ പോക്കറ്റിലേക്കു കൈയിട്ടു. അവിടം ശൂന്യം! എന്റെ നാണയങ്ങളെ ആ തീയെടുത്തിരിക്കുന്നു! ചങ്ങാതി പറഞ്ഞു: ''നല്ലോണം നോക്കിക്കോ... ഇനി വരുമ്പോള്‍ ഈ കളര്‍ബോക്‌സ് ഇവിടെയുണ്ടാകണമെന്നില്ല''.
ഞാന്‍ നോക്കി, കണ്ണുനിറയെ, ഹൃദയം നിറയെ എന്റെ കളര്‍ബോക്‌സിനെ. അതവിടെ തന്നെ വച്ചു നിരാശയോടെ പിന്തിരിയുമ്പോഴുണ്ട് കടയ്ക്കു മുന്‍പില്‍ മുക്കുട്ട പെരുവഴിയിലൂടെ തൂവെള്ള വസ്ത്രമണിഞ്ഞു തുറന്നുപിടിച്ച കാലന്‍കുടയും ചൂടി ദീര്‍ഘകായനായ ഒരു മനുഷ്യന്‍ വളവു തിരിയുന്നു. അപ്പോള്‍ കടയിലുള്ള വൃദ്ധന്‍ പറഞ്ഞു:''അതാ കവി ഉബൈച്ച പോകുന്നു...'' എന്റെ കണ്ണുകള്‍ വിടര്‍ന്നു. കവി ടി. ഉബൈദ്!
ജീവിതത്തില്‍ ആദ്യമായി ഒരു കവിയെ കാണുകയായിരുന്നു. കളര്‍ബോക്‌സ് പോയെങ്കിലെന്ത് ഈ കാഴ്ചയിലൂടെ എന്റെ പെരുന്നാള്‍ അനശ്വരമാകുകയായിരുന്നു. ഞാന്‍ കണ്ണുനിറയെ, മനം നിറയെ നോക്കി, എന്റെ കവിയെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."