കശ്മിര്‍: അന്വേഷണം വേണമെന്ന യു.എന്‍ റിപ്പോര്‍ട്ട് ഇന്ത്യ തള്ളി
ന്യൂഡല്‍ഹി: കശ്മിരിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നാവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് ഇന്ത്യ തള്ളി. ഐക്യരാഷ്ട്രസഭയുടെ കണ്ടെത്തല്‍ അംഗീകരിക്കാനാവില്ലെന്നും അത് തള്ളിക്കളയുന്നതായും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തെറ്റാണെന്നും അവ പക്ഷപാതപരവും ബാഹ്യപ്രേരണയാലുള്ളതാണെന്നും കുറ്റപ്പെടുത്തിയ മന്ത്രാലയം, റിപ്പോര്‍ട്ട് ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകര്‍ക്കുന്നതാണെന്നും പ്രതികരിച്ചു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈകമ്മിഷണര്‍ സെയ്ദ് റഅദ് അല്‍ ഹുസൈന്റെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ കശ്മിരുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും കൈക്കൊള്ളുന്ന നടപടികളെ വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെയും പാകിസ്താന്റെയും അഭിപ്രായങ്ങള്‍ കൂടി തേടിയ ശേഷമായിരുന്നു റിപ്പോര്‍ട്ട് തയാറാക്കിയത്. കശ്മിരികളുടെ സ്വയം നിര്‍ണയാവകാശം ഇന്ത്യ ബഹുമാനിക്കണമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
2016 ജൂലൈ മുതല്‍ 2018 ഏപ്രില്‍ വരെയുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ചാണ് ഐക്യരാഷ്ട്രസഭയുടെ സംഘം പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2016 മുതല്‍ കശ്മിരില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ശുപാര്‍ശചെയ്യുന്ന റിപ്പോര്‍ട്ടില്‍ കശ്മിരില്‍ സൈന്യം വിചാരണാ നടപടികള്‍ നേരിടുന്നതില്‍ നിന്ന് അവരെ രക്ഷിക്കുന്ന സര്‍ക്കാരിന്റെ നടപടികളില്‍ ആശങ്കയും അറിയിച്ചു. താഴ്‌വരയിലെ സായുധ സംഘടനകള്‍ക്കെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിവിലിയന്‍മാരെ കൊലപ്പെടുത്തുന്നതും ബലാത്സംഗവും തട്ടിക്കൊണ്ടുപോവലുമടക്കമുള്ള കുറ്റകൃത്യങ്ങള്‍ സായുധ സംഘടനാ പ്രവര്‍ത്തകര്‍ നടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കശ്മിര്‍ വിഷയത്തില്‍ ഇടപെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരടക്കമുള്ളവരെ പാക് ഭരണകൂടം പീഡിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.
പാക് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ വളരെയധികം മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു. നിയന്ത്രണങ്ങളുള്ളതിനാല്‍ പാക്കധീന കശ്മിരില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
അടുത്തയാഴ്ച ചേരുന്ന ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതി യോഗത്തില്‍ കശ്മിര്‍ വിഷയത്തില്‍ പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ ആവശ്യപ്പെടുമെന്ന് സെയ്ദ് റഅദ് അല്‍ ഹുസൈന്‍ അറിയിച്ചു. മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് സ്വതന്ത്രവും സമഗ്രവുമായി അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രധാന വിഷയങ്ങളില്‍ മാത്രമാണ് ഐക്യരാഷ്ട്രസഭ അന്വേഷണ കമ്മിഷനെ നിയോഗിക്കാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."