കുടിവെള്ളക്ഷാമം രൂക്ഷം: കുഴല്‍കിണറുകള്‍ പെരുകുന്നു
കൂടല്ലൂര്‍: ഒരിറ്റുജലത്തിനായി ജനം നെട്ടോട്ടമോടുമ്പോഴും നിയമവിരുദ്ധമായിതന്നെ കുഴല്‍കിണറുകള്‍ കുഴിക്കുന്നത് പെരുകുന്നു. അനിയന്ത്രിതമായി കിണറുകള്‍ കുഴിക്കുന്നതുമൂലം പരിസ്ഥിതി നാശവും ജലക്ഷാമവും വ്യാപകമാവുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ കുഴല്‍കിണറുകള്‍ കുഴിക്കുന്നതിന് നിയന്ത്രണം വരുത്തിയിരുന്നു. എന്നാല്‍ നിയമം പ്രാപല്യമാക്കുന്നത് ഏത് വകുപ്പധികാരികളാണന്നകാര്യത്തിലുള്ള ആശയക്കുഴപ്പം മൂലം ജനങ്ങള്‍ ആശങ്കയിലാണ്. ജില്ലകലക്ടറുടെ ഉത്തരവ് പ്രകാരമായിരുന്നു നിരോധനം. എന്നാല്‍ നിരോധനം നിലനില്‍ക്കുന്നുണ്ടോ എന്നകാര്യത്തില്‍ പോലും വ്യക്തതയില്ല.
ഒരു വീട്ടില്‍ തന്നെ നിരവധി കിണറുകളാണ് കുഴിക്കുന്നത്. സ്ഥാനം കാണുന്നതു പോലും ഇപ്പോള്‍ മത്സര ബുദ്ധിയോടെയാണ്. സ്വര്‍ണ ചെയിന്‍ പിടിച്ചും നാളികേരം കൈയില്‍ വച്ചും മറ്റുമാണ് സ്ഥാനനിര്‍ണയം. കൂടാതെ യന്ത്രരീതിയിലും സ്ഥാനം കാണുന്നുണ്ട്. മന്ത്രസിദ്ധി ലഭിച്ചതെന്നവകാശപെടുന്നവരും ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് ഉള്ളവരും സ്ഥാനനിര്‍ണയത്തിന് മുന്നിലുള്ളപ്പോള്‍ കിണറുകളുടെ എണ്ണം പെരുകിവരികയാണ്. ഇതോടെ നേരത്തെ ഉണ്ടായിരുന്ന ജലസ്രോതസുകള്‍ മുഴുവന്‍ തടസപെടുകയും ഭൂമിയിടെ സന്തുലനാവസ്ഥപോലും തകിടം മറിയുകയാണന്നും പരിസ്ഥിതിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. കടുത്ത നിയന്ത്രണം കൂടിയേ തീരൂ എന്നതാണ് ഇവരുടെ വിലയിരുത്തല്‍. എന്നാല്‍ രാത്രിയും പകലും ഭേദമില്ലാതെ നിര്‍ബാധം തുടരുകയാണ് യന്ത്രവല്‍കൃത കിണറുകള്‍.
തൃത്താല മേഖലയിലെ പലയിടത്തും കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പ്രദേശവാസികള്‍ കുടുംബ വീടുകളിലേക്ക് പലായനം ചെയ്തുവരികയാണ്. ടാങ്കറുകളില്‍ വെള്ളവുമായി രാഷ്ട്രീയപാര്‍ട്ടികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുന്‍പന്തിയിലുണ്ടങ്കിലും ക്ഷാമത്തെ മറികടക്കാനാവുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."