മദ്യശാലകള്‍ക്ക് ലൈസന്‍സ്: തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം എടുത്തു കളയരുതെന്ന് മദ്യവിരുദ്ധ മുന്നണി
പാലക്കാട്: മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ നിലവിലുള്ള അധികാരം എടുത്തുകളയാനുള്ള സര്‍ക്കാര്‍ നീക്കം ജനത്തിനെ കൊലയ്ക്ക് കൊടുക്കുന്നതിന് തുല്യമാണെന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ കമ്മിറ്റി. ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ 500 മീറ്റര്‍ ചുറ്റളവിലുള്ള മദ്യശാലകള്‍ പൂട്ടാനുള്ള സുപ്രീം കോടതി വിധി അട്ടിമറിക്കുന്നതിന്റെ ഭാഗമായി പാതകളുടെ പേര് മാറ്റലും കള്ളുഷോപ്പുകളിലുടെ മദ്യം വിളമ്പാനുള്ള നീക്കവും എന്തു വില കൊടുത്തും നേരിടുന്നതിന് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ജനഹിതമനുസരിച്ച് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ പൊലിസിനെ ഉപയോഗിച്ച് അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുന്നതും, മദ്യക്കച്ചവടത്തിന് പൊലിസിനെ ഉപയോഗിക്കുന്നതും ജനദ്രോഹമാണ്. പഞ്ചായത്ത് രാജ്-നഗരപാലികാ ബില്ലിലൂടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുള്ള അധികാരത്തെ ഇല്ലാതെയാക്കി കേരളത്തെ മദ്യാലയമാക്കാനുള്ള സര്‍ക്കാര്‍ നടപടിയെ തദ്ദേശ ഭരണാധികാരികള്‍ ശക്തമായി എതിര്‍ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
നിലവിലുള്ള വിദേശ മദ്യഷോപ്പുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നും ജനവാസ മേഖലയില്‍ മദ്യ വില്‍പനശാലകള്‍ അനുവദിക്കില്ലെന്നുമുള്ള പാലക്കാട് നഗരസഭാ തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു. കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയര്‍മാന്‍ എ.കെ. സുല്‍ത്താന്‍ അദ്ധ്യക്ഷനായി. കണ്‍വീനര്‍ റയ്മണ്ട് ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം. സുലൈമാന്‍, കെ. അബൂബക്കര്‍, എ.എം. അബ്ദുല്‍കരിം പറളി, ഗുലാം റസൂല്‍, കെ.എ. രഘുനാഥന്‍, മാത്യു കല്ലടിക്കോട്, കെ.പി. അലവി ഹാജി, കെ. ശിവരാജേഷ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."