യൂറോപ്യന്‍ ക്ലാസിക്
സൂച്ചി: ബി ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന യൂറോപ്യന്‍ ശക്തികളായ സ്‌പെയിനും പോര്‍ച്ചുഗലും തമ്മിലാണ് ഇന്നത്തെ മൂന്നാമത്തെ മത്സരം. രാത്രി 11.30ന് സൂച്ചി ഫിഷ്ട് ഒളിംപിക് സ്റ്റേഡിയത്തിലാണ് മത്സരം. യൂറോ ചാംപ്യന്മാരായ പോര്‍ച്ചുഗലും മുന്‍ ലോക ചാംപ്യന്മാരായ സ്‌പെയിനും തമ്മിലുള്ള മത്സരമാണ് ലോകകപ്പിന്റെ രണ്ടാം ദിനം തന്നെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വിരുന്നൊരുക്കുന്നത്. മരണ ഗ്രൂപ്പെന്ന് വിളിക്കുന്ന ഗ്രൂപ്പ് ബിയിലെ പോര്‍ച്ചുഗല്‍ - സ്‌പെയിന്‍ പോരാട്ടത്തിലേക്കായിരിക്കും ഇന്ന് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. കാരണം ബി ഗ്രൂപ്പിലെ ചാംപ്യന്‍മാര്‍ പ്രീ ക്വാര്‍ട്ടറില്‍ കടുത്ത പോരാട്ടം നേരിടേണ്ടി വരും.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗലും സെര്‍ജിയോ റാമോസിന്റെ കീഴിലെത്തുന്ന സ്‌പെയിനും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതോടെ പോരാട്ടം തീപ്പൊരി ചിതറുമെന്നതില്‍ സംശയമില്ല.
35 തവണ നേര്‍ക്കുനേര്‍ പോരടിച്ചിട്ടുണ്ടെങ്കിലും ചിരവൈരികളായ സ്‌പെയിനും പോര്‍ച്ചുഗലും ലോകകപ്പ് വേദിയില്‍ ഇത് രണ്ടാം തവണയാണ് മുഖാമുഖം വരുന്നത്. 2010 ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഡേവിഡ് വില്ലയുടെ ഗോളില്‍ 1-0 ത്തിന് പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് മുന്നേറിയ സ്‌പെയിന്‍ അന്ന് കിരീടവുമായാണ് മടങ്ങിയത്. രാജ്യാന്തര മത്സരങ്ങളുടെ ചരിത്രം നോക്കിയാലും പോര്‍ച്ചുഗലിന് മേല്‍ സ്പാനിഷ് പടക്കാണ് മുന്‍തൂക്കം.
1921 ലാണ് പോര്‍ച്ചുഗല്‍ - സ്‌പെയിന്‍ പോരാട്ടത്തിന് തുടക്കംകുറിച്ചത്. മാഡ്രിഡില്‍ നടന്ന സൗഹൃദ പോരാട്ടത്തില്‍ സ്‌പെയിന്‍ പോര്‍ച്ചുഗലിനെ 3-1 ന് പരാജയപ്പെടുത്തി. 35 മത്സരങ്ങളില്‍ 18 തവണയും സ്‌പെയിനിനായിരുന്നു വിജയം. ആറ് മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍ വിജയിച്ചപ്പോള്‍ 12 തവണ പോരാട്ടം സമനിലയില്‍ കലാശിച്ചു. അതിനാല്‍ തന്നെ ഈ മത്സരത്തിലെ പ്രവചനം അസാധ്യമായിരിക്കും.
ഗ്രൂപ്പില്‍ ഒപ്പമുള്ളത് ആഫ്രിക്കയില്‍ നിന്നുള്ള മൊറോക്കോയും ഏഷ്യയില്‍നിന്നുള്ള ഇറാനും ആയതിനാല്‍ അട്ടിമറികള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഈ മത്സരമാവും ഗ്രൂപ്പ് ജേതാക്കളെ നിര്‍ണയിക്കുന്നത്. ഇത്തവണ ക്രിസ്റ്റിയുടെ കീഴില്‍ രണ്ടും കല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ റഷ്യയിലേക്ക് വണ്ടി കയറിയത്. 2010ല്‍ സ്‌പെയിനിനോടേറ്റ അപ്രതീക്ഷിത തോല്‍വിക്ക് പകരം വീട്ടാനും കൂടിയാണ് പോര്‍ച്ചുഗല്‍ ഒരുങ്ങുന്നത്.
സന്നാഹ മത്സരങ്ങളിലെല്ലാം മികച്ച കളിയാണ് പോര്‍ച്ചുഗല്‍ പുറത്തെടുത്തത്. മുന്നേറ്റ നിരയില്‍ ഗോണ്‍സാലോ ഗ്യൂഡെസ്, റിക്കാര്‍ഡോ ക്വരെസ്മ, ബെര്‍ണാഡോ സില്‍വ, ജെല്‍സണ്‍ മാര്‍ട്ടിന്‍സ്, ആന്ദ്രേ സില്‍വ എന്നിവരാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പമുള്ളത്. പെപെയുടെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയും പരിചയസമ്പന്നരാണ് എന്നത് പോര്‍ച്ചുഗലിന് പ്രതീക്ഷ നല്‍കുന്നു.
തങ്ങളുടെ ഏഴാമത്തെ ലോകകപ്പിനാണ് പോര്‍ച്ചുഗല്‍ എത്തുന്നത്. ഒരുപക്ഷേ റൊണാള്‍ഡോയുടെ അവസാന ലോകകപ്പുമാവാമെന്നതിനാല്‍ ഒരുപാട് പ്രതീക്ഷയിലാണ് പോര്‍ച്ചുഗല്‍. കിരീടസാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ അത്ര മുന്നിലല്ല അവരുടെ സ്ഥാനം. എന്നാല്‍ ഇക്കുറി അവര്‍ റഷ്യയിലേക്കെത്തുന്നത് യൂറോപ്പിലെ രാജാക്കന്മാരായാണ് എന്നത് ശ്രദ്ധേയമാണ്.
താര സമ്പന്നമായ ടീമാണ് സ്‌പെയിനിന്റെ കരുത്ത്. ഇസ്‌കോയും തിയോഗോയും അസന്‍സിയോയുമടങ്ങുന്ന ഒരുപാട് പുതുമുഖ താരങ്ങള്‍. എല്ലാവരും മികച്ച ഫോമിലെന്നത് മുന്‍തൂക്കം നല്‍കുന്നു.
ഇനിയേസ്റ്റ നയിക്കുന്ന മധ്യനിരയിലാണ് സ്‌പെയിനിന്റെ പ്രതീക്ഷ മുഴുവന്‍. മുന്‍ റയല്‍ മഡ്രിഡ് താരമായ ഫെര്‍ണാണ്ടോ ഹിയേറോയിയാണ് സ്‌പെയിനിന്റെ പുതിയ കോച്ച്. 2010ല്‍ ജേതാക്കളായ സ്‌പെയിന്‍ ഇത്തവണ കപ്പില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
പക്ഷെ സ്‌പെയിനിന്റെ പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീണിരിക്കുകയാണ് കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ. പരിശീലകന്‍ ലെപ്റ്റഗിയെ പുറത്താക്കിയതോടെ ടീം തീര്‍ത്തും അവതാളത്തിലായിരിക്കുകയാണ്. പുതിയൊരു പരിശീലകനെത്തി കുറഞ്ഞ സമയത്തിനുള്ളില്‍ ടീമിനെ ഒരുക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്തായാലും പരിശീലകനെ പുറത്താക്കിയത് ടീമിനെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് ഇന്നത്തെ മത്സരത്തില്‍നിന്ന് വ്യക്തമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."