പ്രവാസികളുടെ തിരിച്ചുവരവ്: എയര്‍പോര്‍ട്ടില്‍ രോഗപരിശോധനയ്ക്ക് വിപുലമായ സംവിധാനം, അടുത്തു തന്നെ ക്വാറന്റൈന്‍ സൗകര്യവുമൊരുക്കും
തിരുവനന്തപുരം: പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരും ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍മാരുമായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും ജില്ലാ പൊലിസ് മേധാവികളുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളം നേരത്തെ തന്നെ ഈ ആവശ്യം ഉന്നയിച്ചതാണ്. അതു നടപ്പാകുമ്പോള്‍ പതിനായിരങ്ങളായിരിക്കും കേരളത്തിലേക്ക് വരിക. അതു മുന്നില്‍ കണ്ടുള്ള നടപടികള്‍ വേണം. എയര്‍പോര്‍ട്ടില്‍ രോഗപരിശോധനയ്ക്ക് വിപുലമായ സംവിധാനം വേണം. എയര്‍പോര്‍ട്ടിനടുത്തു തന്നെ ക്വാറന്റൈന്‍ സൗകര്യം ഉണ്ടാകണം. എല്ലാവര്‍ക്കും പ്രത്യേകം ടോയ്‌ലെറ്റ് സൗകര്യം ഉറപ്പാക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റണം. ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം വേണം. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ കാര്യമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ നാട്ടിലേക്ക് വരാന്‍ ധാരാളമായി അപേക്ഷിക്കുന്നുണ്ട്. എന്നാല്‍ തീരുമാനമെടുക്കുമ്പോള്‍ പ്രായോഗിക സമീപനം വേണം. അനുവദിക്കാന്‍ കഴിയാത്ത കേസുകള്‍ അപേക്ഷകരെ ബോധ്യപ്പെടുത്തണം. അവരുടെ വികാരം കണക്കിലെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിര്‍ത്തി ജില്ലകളില്‍ പുതിയ കേസുകള്‍ വരുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കണം. പൊലിസും ആരോഗ്യവകുപ്പും യോജിച്ച് ഇക്കാര്യങ്ങള്‍ ചെയ്യണം. കാട്ടിലെ ഊടുവഴികളിലൂടെ നടന്ന് കേരളത്തിലേക്ക് ആളുകള്‍ വരുന്നതു തടയാന്‍ വനം വകുപ്പിന്റെ സഹകരണത്തോടെ പൊലിസ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ കോണ്‍ഫറന്‍സില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും തൃശ്ശൂരില്‍ മന്ത്രി എ.സി. മൊയ്തീനും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."