തീവണ്ടിയാത്ര കൂടുതല്‍ സുഖകരമാക്കാം
ഗതാഗത രംഗത്ത് ഏറ്റവും വലിയ വിപ്ലവം നടന്നത് റെയിലിലൂടെ വണ്ടികള്‍ ഓടാന്‍ തുടങ്ങിയ നാളുകള്‍ മുതലാണ്. മുംബൈയില്‍ നിന്ന് സമീപ സ്ഥലമായ താനെയിലേക്ക് ആദ്യമായി ഒരു തീവണ്ടി കൂകിപ്പാഞ്ഞ് 165 വര്‍ഷത്തെ കഥയെടുത്താല്‍ ഇന്ത്യയുടെ ചരിത്രവും വിഭിന്നമല്ല. 1861-ല്‍ ചെന്നൈയില്‍ നിന്നു ബേപ്പൂരിലേക്ക് (കടലുണ്ടി) വണ്ടി ഓടിച്ചുകൊണ്ട് എട്ടു വര്‍ഷത്തിനകം കേരളവും ഒപ്പം നിന്നതായാണ് രേഖകള്‍. ഒന്നേകാല്‍ ലക്ഷം കിലോമീറ്റര്‍ നീളത്തിലുള്ള പാതകളുമായി ഇന്ന് ലോകത്ത് ഏറ്റവും നീണ്ട റെയില്‍വേ ട്രാക്കുകളുള്ള നാലാമത്തെ രാഷ്ട്രമാണ് നാം. കന്യാകുമാരി മുതല്‍ കശ്മിര്‍ വരെ ഇന്ത്യയെ ഒന്നിപ്പിക്കാന്‍ റെയില്‍ ഗതാഗതം നിര്‍വഹിച്ച പങ്ക് ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ടതത്രെ. എന്നിട്ടും കേരളത്തില്‍ നിന്ന് രാജ്യ തലസ്ഥാന നഗരിയായ ഡല്‍ഹിയിലേക്ക് ഒരു ജയന്തി ജനതാ ട്രെയിന്‍ ഓടിച്ചുകിട്ടാന്‍ സോഷ്യലിസ്റ്റ് നേതാവായ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ കാലം വരെ കാത്തുനില്‍ക്കേണ്ടിവന്നു. കേരളം പിറന്നിട്ടും വര്‍ഷങ്ങള്‍ കഴിഞ്ഞാണല്ലോ മീറ്റര്‍ഗേയ്ജുകള്‍ വഴിമാറിപ്പോയതും, എറണാകുളത്ത് വണ്ടി മാറിക്കയറേണ്ടിവരുന്ന ഹതവിധിയില്‍ നിന്നു നാം രക്ഷപ്പെട്ടതും.
ഇന്നിപ്പോള്‍ ഇലക്ട്രിക് ട്രെയിനുകള്‍ തന്നെ വന്നു. എ.സി കോച്ചുകള്‍ ഘടിപ്പിച്ച ഫാസ്റ്റ് ട്രെയിനുകള്‍ എത്തി. കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ പാളങ്ങള്‍ക്ക് കുരുക്കിട്ട ഗേറ്റുകളിലെല്ലാം മേല്‍പാലങ്ങള്‍ ഉണ്ടായി. ഒരു ഇഞ്ച് ഭൂമി ഏറ്റെടുക്കാതെ തന്നെ ഡബിള്‍ ലൈനുകളും വന്നതോടെ ബസുകള്‍ക്ക് കാത്തിരിക്കേണ്ട സമയം പോലും വേണ്ട ഒരു തീവണ്ടിയാത്ര നടത്താന്‍. റോഡപകടങ്ങളിലൂടെ നടക്കുന്ന മനുഷ്യക്കുരുതിയുടെ വാര്‍ത്തകള്‍ ദിവസംതോറം വായിക്കുന്നവര്‍ക്ക് റെയില്‍വേയേക്കാള്‍ സുരക്ഷിതവും സുഖകരവുമായ ഒരു യാത്ര വേറെ ഇല്ല എന്നു തീര്‍ത്തു പറയാം.
ഒ. രാജഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും ഇ. അഹമ്മദും വ്യത്യസ്ത പാര്‍ട്ടികളുടെ പ്രതിനിധികളായി റെയില്‍വേ ഭരണം കൈയാളിയിരുന്ന കാലം ഓര്‍മ വരുന്നു. പ്രതിഭാശാലിയായ പനമ്പിള്ളി ഗോവിന്ദമേനോന്‍ എന്ന കേന്ദ്രമന്ത്രിക്കു പോലും സാധിക്കാത്ത റെയില്‍വേ വികസനങ്ങളാണ് അവര്‍ മൂന്നു പേരും കേരളത്തിലേക്കു കൊണ്ടുവന്നത്. നിലമ്പൂരില്‍ നിന്നുള്ള ട്രെയിന്‍ ഓടിത്തുടങ്ങിയപ്പോഴും നഞ്ചന്‍കോടും തലശ്ശേരി-മൈസൂരുവും ചില എതിര്‍പ്പുകളില്‍പെട്ട് നട്ടം തിരിയുന്നു. ഒപ്പം ട്രാക്ക് നവീകരണം എന്ന പേരില്‍ ട്രെയിനുകള്‍ പലതും റദ്ദാക്കപ്പെടുന്നു. മിക്കവയും വൈകി ഓടുന്നു.
നേരത്തെ മണിക്കൂറുകള്‍ കഴിഞ്ഞു മാത്രം ഓടിയിരുന്ന കാലത്ത് ഒരു യാത്രക്കാരന്‍ സ്‌റ്റേഷന്‍ മാസ്റ്ററെക്കണ്ട് പരാതി പറഞ്ഞ കഥ കേട്ടിരുന്നു. ഇങ്ങനെ വൈകി ഓടുകയാണെങ്കില്‍ പിന്നെ എന്തിനാണ് റെയില്‍വേ ടൈംടേബിള്‍ അച്ചടിച്ചു വില്‍ക്കുന്നതെന്ന് ആ യാത്രക്കാരന്‍ തിരക്കി. നിസ്സഹായനായ സ്റ്റേഷന്‍ മാസ്റ്റര്‍ അതിനു നല്‍കിയ മറുപടി, അങ്ങനെ ട്രെയിനുകളെല്ലാം കൃത്യ സമയത്ത് തന്നെ ഓടിയാല്‍ പിന്നെ സ്റ്റേഷനുകളില്‍ വെയ്റ്റിങ് റൂം എന്ന പേരില്‍ വിശ്രമമുറികള്‍ വേണ്ടതില്ലല്ലോ എന്നായിരുന്നു.
തീര്‍ച്ചയായും നവീകരണ പ്രക്രിയകള്‍ പണ്ടെങ്ങുമില്ലാത്തവിധം തകൃതിയായി നടക്കുന്നുണ്ട്. എങ്കിലും മാറ്റിയിടാന്‍ വേണ്ടി പുതിയ റെയില്‍ പാളങ്ങള്‍ മാസങ്ങളോളം ട്രാക്കിനോട് പറ്റി തന്നെ ഇറക്കിവയ്ക്കുന്നതുകൊണ്ട് ലെവല്‍ക്രോസുകളിലെ കാല്‍നടക്കാര്‍ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. സ്ത്രീകളും വൃദ്ധജനങ്ങളും മേല്‍പാലം കയറാനാവാതെ ഈ മുറിച്ചുകടക്കലിനു തുനിയുമ്പോള്‍ ഇരു വശത്തുനിന്നും വണ്ടികള്‍ വരാനിരിക്കേ, അപകടസാധ്യത ഏറെയാണ്. കാലവര്‍ഷവും സ്‌കൂള്‍ തുറക്കലും ആകുന്നതോടെ കുട്ടികള്‍ അനുഭവിക്കാന്‍ പോവുന്ന യാതനകള്‍ അചിന്ത്യം.
ശുചിത്വം, മാലിന്യ സംസ്‌കരണം തുടങ്ങിയ കാര്യങ്ങളില്‍ ആന്ധ്രയിലെ വിശാഖപട്ടണം ഇന്ത്യയില്‍ ഒന്നാമതെത്തിയതായി ഈയിടെ പത്രങ്ങളില്‍ വായിച്ചു. എന്നാല്‍, ആദ്യത്തെ പത്തില്‍ പോലും കേരളത്തിലെ ഒരു സ്‌റ്റേഷന്റെ പേര് കാണാതെ പോയി. കോഴിക്കോട് സ്‌റ്റേഷനാകട്ടെ ഇവിടത്തെ പാര്‍ലമെന്റംഗത്തിന്റെ തീവ്ര ശ്രമഫലമായി ഒരു വലിയ നവീകരണത്തിന് പദ്ധതി ഇട്ടപ്പോള്‍, റെയില്‍വേ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ നീക്കം എന്നു പറഞ്ഞു വിവിധ ട്രേഡ് യൂനിയനുകള്‍ തന്നെ സമരത്തിലിറങ്ങിയതും നാം വായിച്ചു.
റെയില്‍വേ ലൈനില്‍ മരം വീണ് മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം മുടങ്ങുന്നതും കാലവര്‍ഷക്കെടുതിയില്‍ ദീര്‍ഘദൂര വണ്ടികള്‍ പോലും വൈകിഓടുന്നതും നാം പത്രങ്ങളില്‍ വായിക്കാറുണ്ടെങ്കിലും യാത്രക്കാരുടെ പ്രയാസങ്ങള്‍ കുറയ്ക്കാനും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ റെയില്‍വേ അധികൃതര്‍ നടത്താറുണ്ട്. അതേസമയം 2017-18 വര്‍ഷത്തില്‍ രാജ്യത്തെ 30 ശതമാനം വണ്ടികളും വൈകിയാണ് ഓടിയതെന്ന് കഴിഞ്ഞ മാസം റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെതായി തന്നെ ഒരു പ്രസ്താവനയും വരികയുണ്ടായി. അനാസ്ഥ കാരണമാണ് വൈകിയോട്ടം നടക്കുന്നതെന്നു കണ്ടാല്‍ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തെപ്പോലും അത് ബാധിക്കുമെന്ന് മന്ത്രിയുടെ മുന്നറിയിപ്പും ഉണ്ടായി.
ഓണ്‍ലൈന്‍ ബുക്കിങ്ങിനും റിസര്‍വേഷന്‍ കാന്‍സലേഷനും ഒക്കെയായി കംപ്യൂട്ടര്‍ യുഗത്തില്‍ ഏറെ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് റെയില്‍വേ നല്‍കുന്നുണ്ട്. ഭക്ഷണത്തിന്റെ അളവ് കുറച്ചായാലും ഗുണം കൂട്ടാനുള്ള നടപടികളും റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷന്റെ നേതൃത്വത്തില്‍ തുടങ്ങുന്നുമുണ്ട്. പൊതുവെ നല്ല ഭക്ഷണം നല്‍കുന്നതാണ് നമ്മുടെ റെയില്‍വേ കാറ്ററിങ് സമ്പ്രദായം. മലേഷ്യയിലെ ഒരു ചിത്രം കണ്ട് തെറ്റിദ്ധരിച്ച് ഇന്ത്യന്‍ റെയില്‍വേ പാചക വിഭാഗത്തെ കുറ്റപ്പെടുത്തി പ്രസ്താവന ഇറക്കിയ പ്രശസ്ത ചലച്ചിത്ര നടി ശബാന ആസ്മി ഖേദപ്രകടനം നടത്തിയത് കൂടി ഓര്‍ക്കുക.
കെട്ടുഭാണ്ഡങ്ങള്‍ കൂടുതല്‍ കയറ്റി സ്വന്തമെന്ന പോലെ മറ്റുള്ളവരുടെ യാത്ര വിഷമകരമാക്കുന്ന രീതികള്‍ക്കെതിരേ അമിത ലഗേജിനും ആറിരട്ടി വരെ പിഴ ചുമത്താനുള്ള നീക്കവും റെയില്‍വേ ആരംഭിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ തീവണ്ടിയാത്ര കൂടുതല്‍ ജനകീയവും ആദായകരവും സുരക്ഷിതവുമാക്കാനുള്ള യത്‌നങ്ങളാണ് പതിനേഴു ഡിവിഷനുകളിലും നടക്കുന്നത്. യാര്‍ഡുകള്‍ വൃത്തിയായി സൂക്ഷിക്കാനുള്ള ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശ്രമങ്ങളില്‍ യാത്രക്കാര്‍ കൂടി മനസിരുത്തി സഹകരിച്ചാല്‍ കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ഇന്ത്യന്‍ റെയില്‍വേയ്ക്കു കഴിയും. ഉദാഹരണത്തിനു നിര്‍ത്തിയിടുന്ന സ്റ്റേഷനുകളില്‍ വച്ചുതന്നെ തീവണ്ടിയിലെ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനുള്ള മനസ്ഥിതി നമുക്കുണ്ടാകണം. ഇപ്പോള്‍ തന്നെ ലോകത്തിലെ ഏറ്റവും വലിയ കക്കൂസുകളുമായാണ് നമ്മുടെ തീവണ്ടികള്‍ ഓടുന്നതെന്ന അപഖ്യാതി നിലനില്‍ക്കുന്നുണ്ടല്ലൊ. ഈ ബോധവല്‍ക്കരണം താഴെതട്ടില്‍ നിന്നുതന്നെ തുടങ്ങണം. നേരംപോക്കിനായി ട്രെയിനുകള്‍ കല്ലെറിഞ്ഞ് നിരപരാധികളായ യാത്രക്കാര്‍ക്ക് മാരകമായ പരുക്കേല്‍പ്പിക്കുന്നത് പോലെയുള്ള വിനോദങ്ങളില്‍ നിന്നു മാറിനില്‍ക്കാനുള്ള മനസ്ഥിതി ജനങ്ങളിലും വളര്‍ന്നു വരേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."