അനന്തുവിന്റെ കൊലപാതകം ആസൂത്രിതമെന്ന് സൂചന; കൊലയാളി സംഘത്തില്‍ സുഹൃത്തുക്കളും
ചേര്‍ത്തല: വയലാറില്‍ ആര്‍.എസ്.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട അനന്തുവിന്റെ കൊലപാതകം ആസൂത്രിതമെന്ന് സൂചന.
കൊലയാളി സംഘത്തില്‍ സുഹൃത്തുക്കളും. പട്ടണക്കാട് പഞ്ചായത്ത് പത്താം വാര്‍ഡ് കളപ്പുരയ്ക്കല്‍ നികര്‍ത്ത് അശോകന്റെ മകന്‍ അനന്തു അശോകന്‍ (17) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേരെ പൊലിസ് പിടികൂടിയിട്ടുണ്ട്. സുഹൃത്ത് ക്ഷണിച്ചതിനെ തുടര്‍ന്നാണ് അനന്ദു കൂട്ടുകാരോടൊപ്പം ഉത്സവത്തിന് എത്തിയത്.
അക്രമികള്‍ അനന്തുവിന്റെ മറ്റൊരു സുഹൃത്തിനെ ഉപയോഗിച്ച് ഫോണിലൂടെ അടുത്ത വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. സുഹൃത്തുക്കള്‍ക്കൊപ്പം ചെന്ന അനന്ദുവിനെ വലിച്ചിഴച്ച് സമീപത്തെ കുറ്റിക്കാട്ടിനുള്ളിലെത്തിച്ച് സംഘം ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. സംഘം മടങ്ങിയതിന് ശേഷം സുഹൃത്തുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതപ്രായനായി കിടക്കുന്ന അനന്ദുവിനെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവസ്ഥലത്ത് നിന്നു പൊലിസിന് ലഭിച്ച അനന്തുവിന്റെ മൊബൈല്‍ ഫോണില്‍ നിന്നുള്ള വിളികളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്നും സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ചേര്‍ത്തല സി.ഐ വി.പി മോഹന്‍ലാല്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് പിടിയിലായിട്ടുള്ളത് പ്രദേശവാസികളാണ്. പ്രതികളില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. വൈകീട്ട് അഞ്ചു മണിയോടെ വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌ക്കരിച്ചു. മാതാവ്: വിമല. സഹോദരി: ആതിര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."