കോണ്‍ഗ്രസിനോട് സ്‌നേഹപൂര്‍വം
രാജ്യസഭാ സീറ്റ് കെ.എം മാണിക്കു നല്‍കിയതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ആരംഭിച്ച പൊട്ടിത്തെറി അടങ്ങിയിട്ടില്ല. കെ.പി.സി.സിയില്‍ ചര്‍ച്ച ചെയ്യാതെ ഗ്രൂപ്പ് നേതാക്കളും പി.കെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നു കേരള കോണ്‍ഗ്രസിനു സീറ്റ് ദാനം ചെയ്തുവെന്നാണ് ആരോപണം. കൂട്ടത്തില്‍ ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പു തോല്‍വിയുടെ കാരണങ്ങളെക്കുറിച്ചും നേതാക്കള്‍ പലതരം വ്യാഖ്യാനം നടത്തി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കെ.മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും ഉന്നയിച്ചതാണ്.
മുസ്‌ലിംകള്‍ക്കു പിറകെ ക്രൈസ്തവരും കോണ്‍ഗ്രസിനെ കൈവിടുന്നുവെന്നാണ് ഇരുവരും പറഞ്ഞത്. രാജ്യത്തിന്റെ മതേതര ഭാവിയെ സംബന്ധിച്ച് അതിനിര്‍ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ന്യൂനപക്ഷങ്ങള്‍ അകലുന്നുവെന്ന കോണ്‍ഗ്രസ് ആശങ്ക അതീവഗൗരവത്തോടെ പരിശോധിക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറുണ്ടോ. ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുകയാണ്.
ഇന്ത്യയിലെമ്പാടും കോണ്‍ഗ്രസ് ഹിന്ദു പാര്‍ട്ടിയാണെങ്കില്‍ കേരളത്തില്‍ അതു ന്യൂനപക്ഷസ്വാധീനമുള്ള പാര്‍ട്ടിയാണെന്നു നിരീക്ഷിക്കുന്നവരുണ്ട്. കേരളത്തിലെ കോണ്‍ഗ്രസില്‍ സ്വാധീനമുള്ള ഗ്രൂപ്പുകളെ പരിശോധിച്ചാല്‍ അതു വ്യക്തമാകും. വിവിധ ക്രൈസ്തവസഭകള്‍ക്കും എന്‍.എസ്.എസിനുമാണു കോണ്‍ഗ്രസില്‍ ശക്തമായ സ്വാധീനമുള്ളത്. അഞ്ചാംമന്ത്രി വിവാദകാലത്ത് എന്‍.എസ്.എസ് ഉന്നയിച്ച ആവശ്യമോര്‍ക്കുക. ഗവണ്‍മെന്റിന്‍െ താക്കോല്‍ സ്ഥാനത്തു നായര്‍ വേണമെന്നു സുകുമാരന്‍നായര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടപ്പോള്‍ രമേശ് ചെന്നിത്തലയടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കള്‍ ഒപ്പം നിന്നു. കോണ്‍ഗ്രസിലെ തങ്ങളുടെ ജാതി,മതാംഗങ്ങളായ നേതാക്കളെ ഉപയോഗിച്ചു പരസ്യമായി വിലപേശാന്‍ ഒരു മടിയും ഈ ഗ്രൂപ്പുകള്‍ കാണിച്ചിട്ടില്ലെന്നു വ്യക്തം.
കേരളത്തില്‍ 27 ശതമാനമത്തോളം വരുന്ന മുസ്‌ലിംകള്‍ ഇക്കൂട്ടത്തില്‍ എവിടെയാണ്. മുസ്‌ലിംപ്രാതിനിധ്യം മുസ്‌ലിംലീഗ് വഴി മാത്രം മതിയെന്നു നിശ്ചയിച്ച കോണ്‍ഗ്രസ് മുസ്‌ലിംകളെ നേരിട്ട് അഭിസംബോധന ചെയ്യാന്‍ ഒരിടത്തും തയാറായില്ലെന്നു നിസംശയം പറയാം. എല്ലാം സാമുദായികമായി പങ്കിടുമ്പോള്‍ മുസ്‌ലിംകള്‍ക്കുള്ള പങ്ക് കോണ്‍ഗ്രസ് എവിടെയാണു വച്ചത്. മുസ്‌ലിംലീഗിന്റെ കാര്യം പറഞ്ഞു കൈയൊഴിയാനാണ് എപ്പോഴും കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളത്. കേരളകോണ്‍ഗ്രസിന്റെ കാര്യം പറഞ്ഞു ക്രൈസ്തവരെ കോണ്‍ഗ്രസ് കൈയൊഴിയാറില്ലല്ലോ. അതു മുസ്‌ലിംകളുടെ കാര്യത്തില്‍ പ്രാവര്‍ത്തികമാക്കാത്തതെന്ത്.
ഗൗരവമായ രാഷ്ട്രീയപ്രശ്‌നം ഇവിടെ ഉയരുന്നുണ്ട്. മുസ്‌ലിംകളില്‍ ഗണ്യമായ വിഭാഗം മുസ്‌ലിംലീഗിലാണെന്നതു ശരി തന്നെ. എന്നുവച്ചു മുസ്‌ലിംകളെ കാണാനേ പാടില്ലെന്നു കോണ്‍ഗ്രസിനു നിര്‍ബന്ധമുണ്ടോ. 25 ല്‍ താഴെ സീറ്റിലാണു മുസ്‌ലിംലീഗ് മത്സരിക്കുന്നത്. ഇതൊഴികെയുള്ള മണ്ഡലങ്ങളിലൊന്നും മുസ്‌ലിംകളുടെ സഹായം കോണ്‍ഗ്രസിനും യു.ഡി.എഫിനും വേണ്ടെന്നാണോ. ഇനി അവിടെ കിട്ടുന്ന പിന്തുണയ്ക്ക് പ്രത്യുപകാരം ചെയ്യാന്‍ കോണ്‍ഗ്രസിനു ബാധ്യതയില്ലെന്നാണോ.
മുസ്‌ലിംപ്രാതിനിധ്യമെന്നതു കോണ്‍ഗ്രസ് എങ്ങനെയാണു നടപ്പാക്കുന്നതെന്നുകൂടി ശ്രദ്ധിക്കണം. മറ്റു സമുദായങ്ങള്‍ക്കു താല്‍പര്യമുള്ള നേതാക്കളെ കോണ്‍ഗ്രസ് പരിഗണിക്കുമ്പോള്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ ആ സമുദായത്തിന് ഒട്ടും താല്‍പര്യമില്ലാത്തവരോ സമുദായവുമായി ബന്ധമില്ലാത്തവരോ ആണ് കോണ്‍ഗ്രസില്‍ പരിഗണിക്കപ്പെടുന്നത്. ആര്യാടന്‍ മുഹമ്മദിനെ പോലെ സമുദായത്തെ ശത്രുപക്ഷത്തു നിര്‍ത്തുന്ന നേതാക്കള്‍ തെളിക്കുന്ന വഴിയാണു കോണ്‍ഗ്രസ് നീങ്ങുന്നത്.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോലുള്ള മണ്ഡലത്തില്‍ ആര്യാടന്‍ ഷൗക്കത്തിനു സീറ്റ് നല്‍കിയപ്പോള്‍ സമുദായം പിന്തുണക്കുമോയെന്ന ആലോചന പോലും പാര്‍ട്ടിയിലുണ്ടായില്ല. ഇടുക്കി ലോക്‌സഭാ സീറ്റ് പി.ടി തോമസിനു നിഷേധിക്കാന്‍ കാരണം സഭയുടെ നിലപാടായിരുന്നു. അതേതരത്തില്‍ മുസ്‌ലിംകളുടെ നിലപാടു നോക്കുകയെന്നത് ഉണ്ടാകുന്നില്ല.
മുസ്‌ലിംസമുദായത്തെ സ്വന്തം കണ്ണുകൊണ്ടു നോക്കിക്കണ്ടിട്ടില്ലാത്ത കോണ്‍ഗ്രസാണു ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ പിന്തുണ കൈമോശം വന്നതിനെച്ചൊല്ലി അസ്വസ്ഥപ്പെടുന്നതെന്നതു വിചിത്രമാണ്. ചെങ്ങന്നൂരില്‍ ഒമ്പതിനായിരത്തോളം മുസ്‌ലിം വോട്ടുകള്‍ അധികം കിട്ടിയെന്നാണ് എല്‍.ഡി.എഫിന്റെ കണക്ക്. അതായത് തെക്കന്‍ കേരളത്തിലും മുസ്‌ലിംവോട്ടുകള്‍ കോണ്‍ഗ്രസിനെ കൈവിടുന്നുവെന്ന്. കൈവിടാതിരിക്കാന്‍ മാത്രം മുസ്‌ലിംസമുദായവുമായി എന്തു ബന്ധമാണു കോണ്‍ഗ്രസിനുള്ളതെന്നു ചിന്തിക്കണം.
ആര്യാടന്‍ ബ്രാന്‍ഡ് മുസ്‌ലിംവിരുദ്ധത നിരന്തരം പ്രകടിപ്പിച്ചാല്‍ മാത്രമേ കോണ്‍ഗ്രസില്‍, പ്രത്യേകിച്ചു മലബാറിലെ കോണ്‍ഗ്രസില്‍ പരിഗണിക്കപ്പെടൂവെന്ന സ്ഥിതി ഇപ്പോഴുമുണ്ട്.
മുസ്‌ലിം ക്വാട്ടയില്‍ മന്ത്രിയായ ആര്യാടന്‍ സമുദായത്തില്‍നിന്ന് ഒത്തിരി ദൂരെയാണ് എന്നും ഇരിപ്പുറപ്പിച്ചതെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാത്തതല്ല. ആര്യാടന്‍ ഷൗക്കത്തിന്റെ നിലമ്പൂരിലെ തോല്‍വി മനസ്സിരുത്തി പഠിച്ചാല്‍ എളുപ്പം അക്കാര്യം ബോധ്യമാകും.
സര്‍ക്കാര്‍ ഭൂമിക്കു പട്ടയം വാങ്ങാനോ എയ്ഡഡ് സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടോ വിലപേശല്‍ നടത്തുന്ന പണി മുസ്‌ലിം സമുദായ നേതൃത്വം ഇക്കാലമത്രയും ചെയ്തിട്ടില്ല. എന്നിട്ടും സമുദായത്തിന്റെ ജീവന്മരണപ്രശ്‌നങ്ങളില്‍ അവരോട് ആശയവിനിമയം നടത്താന്‍ കോണ്‍ഗ്രസ് തയാറായിട്ടില്ലെന്ന ഗൗരവപ്രശ്‌നം ബാക്കിയാണ്.
പതിനായിരക്കണക്കിന് അനാഥക്കുട്ടികളുടെ പഠനം പ്രതിസന്ധിയിലാക്കിയ ജെ.ജെ ആക്ട് പാര്‍ലമെന്റില്‍ പാസാക്കിയത് യു.പി.എ ഭരണകാലത്താണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള മുസ്‌ലിംനാമധാരിയായ എം.പി പോലും ഇടപെടാന്‍ ശ്രമിച്ചില്ലെന്നതു സമുദായവുമായി കോണ്‍ഗ്രസിന്റെ ബന്ധം വെളിപ്പെടുത്തുന്നു.
ഏകസിവില്‍കോഡ്, മുത്വലാഖ് പോലുള്ള വിഷയങ്ങളില്‍ സമുദായം എവിടെ നില്‍ക്കുന്നുവെന്നു സത്യസന്ധമായി കോണ്‍ഗ്രസ് അന്വേഷിച്ചിട്ടുണ്ടോ. അറബിക് സര്‍വകലാശാലയെന്ന ആവശ്യം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു സജീവപരിഗണനയിലുണ്ടായിരുന്നു. കോണ്‍ഗ്രസ് ഇതിനോടു സ്വീകരിച്ച സമീപനമെന്താണ്.
മുസ്‌ലിംലീഗിന്റെ മാത്രം ആവശ്യമായി അതിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസിനും അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണും എളുപ്പത്തില്‍ കഴിഞ്ഞതെങ്ങനെയാണ്. മുസ്‌ലിംസമുദായത്തെക്കുറിച്ച് ഒരു ചിന്തയുമില്ലാതെ അഞ്ചുവര്‍ഷം കാലം പോക്കിയവര്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ ന്യൂനപക്ഷങ്ങളെക്കുറിച്ചു ചിന്തിച്ചിട്ടു കാര്യമില്ല.
മുസ്‌ലിംപ്രതിനിധികളെന്ന്, സമുദായവുമായി ബന്ധമുള്ളവരെന്നു നിങ്ങള്‍ കരുതുന്ന പലര്‍ക്കും അത്തരം ബന്ധമില്ലെന്നു തിരിച്ചറിയുക. ഹമീദ് ചേന്നമംഗല്ലൂരും എം.എന്‍ കാരശ്ശേരിയും പറയുന്നതു കേട്ട് ആര്യാടന്മാരുടെ വാലും പിടിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ടു പോകുന്നതെങ്കില്‍ ഒന്നും പറയാനില്ല. അനുഭവിക്കാനുള്ളതു സ്വയം അനുഭവിക്കുക.
സത്യസന്ധമായി മുസ്‌ലിംസമുദായത്തോട് ആശയവിനിമയം നടത്താന്‍ തയാറുണ്ടെങ്കില്‍ ആ സമുദായത്തിന്റെ നേതാക്കള്‍ പറയുന്നതു കേള്‍ക്കുക. ആ സമുദായവുമായി ബന്ധമുള്ളവര്‍ പറയുന്നതു കേള്‍ക്കുക.
തിരുത്താന്‍ ഇനിയും സമയമുണ്ട്. നിര്‍ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് അതിനു മുതിരുമെന്നു പ്രതീക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."