സമാധാനയോഗത്തില്‍ നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി
നടപടി സി.ബി.ഐ അന്വേഷണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാല്‍
കാസര്‍കോട്: പെരിയ കല്ല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സ്ഥിതി വിശേഷങ്ങള്‍ ചര്‍ച്ച ചെയ്ത് സമാധാനം ഉറപ്പ് വരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് യു.ഡി.എഫ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി. കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നാരോപിച്ചും സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നുമുള്ള ആവശ്യം തള്ളിയതിനെയും തുടര്‍ന്നാണ് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്. കലക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെയും അക്രമ സംഭവങ്ങളെയും അപലപിച്ചു. മേഖലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ വേണ്ടത് ചെയ്യാന്‍ സമാധാന യോഗം ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. കല്ല്യോട്ട് നടന്ന ഇരട്ടക്കൊലപാതകം അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ കൊലപാതകത്തെ എല്ലാവരും തള്ളിപ്പറയുന്നുണ്ടെങ്കിലും കൊലക്കേസിന്റെ അന്വേഷണം തെറ്റായ ദിശയിലാണ് നീങ്ങുന്നതെന്ന് യു.ഡി.എഫ് പ്രതിനിധികള്‍ പറഞ്ഞു. യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം വേണമെന്നും യോഗത്തില്‍ സംസാരിച്ച യു.ഡി.എഫ് ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ പറഞ്ഞു. സമാധാനയോഗം ഒറ്റക്കെട്ടായി സി.ബി.ഐ അന്വേഷണം ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ സമാധാന യോഗത്തില്‍ പങ്കെടുക്കുന്ന എല്ലാ സംഘടനകളുടെയും പ്രതിനിധികള്‍ സംസാരിച്ചശേഷം ഇക്കാര്യത്തില്‍ മറുപടി പറയാമെന്നായിരുന്നു യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി ചന്ദ്രശേഖരന്റെ നിലപാട്.
കൊലപാതകം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംശയം ദൂരികരിക്കാന്‍ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും ഇപ്പോള്‍ നടക്കുന്ന സമാധാനയോഗം പ്രഹസനമാണെന്നും ആരോപിച്ച് യു.ഡി.എഫ് പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. അധ്യക്ഷവേദിയിലുണ്ടായിരുന്ന എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറും യു.ഡി.എഫ് അംഗങ്ങള്‍ക്കൊപ്പം ഇറങ്ങിപ്പോയി. തുടര്‍ന്ന് നടന്ന യോഗം പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ അപലപിച്ച് പ്രമേയം പാസാക്കി പിരിഞ്ഞു. ഇടതുകക്ഷികളും ബി.ജെ.പിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."