റാഫേല്‍: പുനഃപരിശോധനാ ഹരജി തുറന്ന കോടതിയില്‍ പരിഗണിക്കും
ന്യൂഡല്‍ഹി: റാഫേല്‍ കേസിലെ പുനഃപരിശോധനാ ഹരജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുക.
ഹരജിക്കാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, പ്രശാന്ത് ഭൂഷന്‍ എന്നിവര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജിയും കോടതിയില്‍ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചതിന് ഉദ്യോഗസ്ഥര്‍ക്കെതിരേ കള്ളസാക്ഷ്യത്തിന് കേസെടുക്കണമെന്ന ഹരജിയും സുപ്രിംകോടതി പരിഗണിക്കും. ഇന്നലെ വിഷയം ചേംബറില്‍ പരിശോധിച്ചതിന് ശേഷമാണ് വാദം തുറന്ന കോടതിയില്‍ മാറ്റാന്‍ തീരുമാനിച്ചത്.
ഹരജികളിലെ പ്രധാനവാദങ്ങള്‍ ഇവയാണ്: വിലവിവരങ്ങള്‍ സി.എ.ജിക്ക് സമര്‍പ്പിച്ചുവെന്നും സി.ഐ.ജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചുവെന്നും അതിന്റെ വിവരങ്ങള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചുവെന്നുമാണ് നവംബര്‍ 12ന് സര്‍ക്കാര്‍ പറഞ്ഞത് .
ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റാഫേല്‍ കരാര്‍ സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിടാന്‍ സുപ്രിംകോടതി വിസമ്മതിച്ചത്.
എന്നാല്‍ കോടതിയുത്തരവു വരുന്ന സമയത്ത് സി.എ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല. ഇല്ലാത്ത സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് കോടതി വിധിയില്‍ പരാമര്‍ശമുണ്ടായത് വിവാദമായിട്ടുണ്ട്. ഇത് വിധി വന്ന് തൊട്ടടുത്ത ദിവസം സര്‍ക്കാരിന് തിരുത്തല്‍ അപേക്ഷ നല്‍കേണ്ട സാഹചര്യവുമുണ്ടാക്കി.
സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ തെറ്റായ വിവരം നല്‍കുകയും അത് തിരുത്തേണ്ട സാഹചര്യമുണ്ടാക്കുകയും ചെയ്തത് പരമോന്നത കോടതിയുടെ പവിത്രതയ്ക്ക് മങ്ങലേല്‍പ്പിച്ചു.
2007ലെ ഒരു ലേലത്തിന്റെ അടിസ്ഥാനത്തില്‍ 2012ല്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും റാഫേല്‍ നിര്‍മാതാക്കളായ ദ സോള്‍ട്ട് ഏവിയേഷനും തമ്മില്‍ നടന്ന ചര്‍ച്ചയെക്കുറിച്ച് സര്‍ക്കാര്‍ രേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇപ്പോള്‍ ആരോപണവിധേയരായ അനില്‍ അംബാനിയുടെ റിലയന്‍സ് എയ്‌റോസ്ട്രക്ചര്‍ ലിമിറ്റഡിന്റെ പിതൃകമ്പനിയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് ഈ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്.
എച്ച്.എ.എല്ലിനു മുന്‍പു തന്നെ റിലയന്‍സുമായി കരാറുണ്ടെന്ന് കോടതി തെറ്റിദ്ധരിക്കാനും എച്ച്.എ.എല്ലിനെ ഒഴിവാക്കിയ കാര്യം പരിഗണിക്കാതിരിക്കാനും ഇതാണു കാരണം.
ഇന്ത്യന്‍ ചര്‍ച്ചാ സംഘത്തെ മറികടന്ന് പ്രധാനമന്ത്രി നേരിട്ട് നടത്തിയ ചര്‍ച്ചയും ഇതിനെ ഇന്ത്യന്‍ സംഘത്തിലെ ഉദ്യോഗസ്ഥര്‍ എതിര്‍ത്ത കാര്യവും കോടതിയില്‍നിന്ന് മറച്ചുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."