സ്പോര്‍ട്സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 8ന് പൂര്‍ത്തിയാകും
തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ എട്ടിന് പൂര്‍ത്തിയാകും. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലേക്കുള്ള കരട് വോട്ടര്‍ പട്ടിക 22ന് പ്രസിദ്ധീകരിച്ചിരുന്നു. അന്തിമ വോട്ടര്‍ പട്ടിക മാര്‍ച്ച് അഞ്ചിന് പ്രസിദ്ധീകരിക്കും.
കേരള സ്പോര്‍ട്സ് ആക്ട് അനുസരിച്ച് ഗ്രാമതലം മുതല്‍ സംസ്ഥാനതലം വരെയുള്ള സ്പോര്‍ട്സ് കൗണ്സിലുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടതാണ്. ഇത് പ്രകാരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വരെയുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാര്‍ച്ച് 6 മുതല്‍ 11 വരെ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കും. സ്ഥാനാര്‍ഥി പട്ടിക മാര്‍ച്ച് 11ന് പ്രസിദ്ധീകരിക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിന് മാര്‍ച്ച് 14 വരെ അവസരമുണ്ടാകും. അന്ന് വൈകിട്ട് അഞ്ചിന് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. ബാലറ്റ് പേപ്പറുകള്‍ മാര്‍ച്ച് 15ന് വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യും.
വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറുകള്‍ മാര്‍ച്ച് 25ന് ഉച്ചക്ക് രണ്ടിന് മുന്‍പ് സംസ്ഥാന വരണാധികാരിക്ക് ലഭിക്കണം. അന്ന് തന്നെ വോട്ട് എണ്ണി ഫലം പ്രഖ്യാപിക്കുന്നതാണെന്ന് സംസ്ഥാന വരണാധികാരിയും കായിക യുവജന കാര്യാലയം ഡയരക്ടറുമായ സഞ്ജയന് കുമാര്‍ അറിയിച്ചു. കൂടാതെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മാര്‍ച്ച് ആറിന് പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."