റെയില്‍വേ പാര്‍സല്‍ ഇനി നമ്മളെ തേടിയെത്തും..!
തിരുവനന്തപുരം: കൊവിഡ് കാലത്ത് വീട്ടിലിരുന്ന് ട്രെയിനില്‍ പാര്‍സല്‍ അയക്കണോ..? പാര്‍സല്‍ അയക്കുവാന്‍ മാത്രമല്ല, വീടുകളില്‍ തന്നെ പാര്‍സല്‍ സ്വീകരിക്കാനും മാര്‍ഗമുണ്ട്. ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷനാണ് പാര്‍സല്‍ സേവനം വീട്ടുപടിക്കലെത്തിക്കാന്‍ സംവിധാനം ഒരുക്കുന്നത്.
പാര്‍സല്‍ അയക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 9567869381, 0471 2326483 എന്നിവ വഴി വിളിച്ച് ബുക്കു ചെയ്യുകയാണ് ആദ്യം വേണ്ടത്. പാര്‍സല്‍ വീട്ടില്‍ വന്നെടുക്കണമെങ്കില്‍ ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഇക്കാര്യം റെയില്‍വേ അധികൃതരെ അറിയിക്കണം. തുടര്‍ന്ന് ആ സ്ഥലത്തേക്കുള്ള ഡോര്‍ കലക്ഷന്‍ നിരക്കും മറ്റുവിവരങ്ങളും ഉപഭോക്താവിനെ റെയില്‍വേ വിളിച്ചറിയിക്കും. റെയില്‍വേയുടെ നിബന്ധനകള്‍ സ്വീകാര്യമാണെങ്കില്‍ പറഞ്ഞ സമയത്ത് വീട്ടുപടിക്കല്‍ പാര്‍സല്‍ വാഹനമെത്തും.
പാര്‍സല്‍ ഡെലിവറിക്കും ഇതേരീതിയില്‍ തന്നെ സൗകര്യമുണ്ട്. പാര്‍സല്‍ വിതരണത്തിന് പുറത്ത് നിന്നുള്ള സംവിധാനങ്ങളാണ് റെയില്‍വേ ആലോചിക്കുന്നത്. ലോക്ക് ഡൗണ്‍ നിയന്ത്രണം കാരണം വരുമാനം നഷ്ടപ്പെട്ട പോര്‍ട്ടര്‍മാരെ അവര്‍ക്ക് താല്‍പര്യമെങ്കില്‍ വിതരണ ശൃംഖലയിലേക്ക് നിയമപരമായി കണ്ണിചേര്‍ക്കാനും റെയില്‍വേ ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ തപാല്‍ ഉള്‍പ്പെടെയുള്ള മറ്റുവകുപ്പുകളുടെ സേവനം തേടാനും ആലോചനയുണ്ട്.
നിലവില്‍ റെയില്‍വേ പാസുള്ള വാഹനങ്ങളെ ആയിരിക്കും പാര്‍സല്‍ വിതരണത്തിന് ആശ്രയിക്കുക. ഇവര്‍ക്ക് ഓരോ പാര്‍സല്‍ ഓട്ടത്തിനും പ്രത്യേകം പാസുകളും ചീഫ് പാര്‍സല്‍ സൂപ്പര്‍വൈസര്‍ നല്‍കും.
റെയില്‍വേ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പ്രത്യേക ഗതാഗത പാസ് നല്‍കുന്നതിനാല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇത്തരം വാഹനങ്ങളെ ബാധിക്കില്ല. ലോക്ക് ഡൗണിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രാദേശിക ചരക്കുനീക്കത്തിന് പുത്തനുണര്‍വ് നല്‍കുന്നതാണ് റെയില്‍വേയുടെ പുതിയ നടപടി.
നേരത്തെ ആരംഭിച്ച പ്രതിദിന പാര്‍സല്‍ ട്രെയിനുകള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് സേവനം മെച്ചപ്പെടുത്താനായി ഡോര്‍ കലക്ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോവുന്നതെന്ന് റെയില്‍വേ തിരുവനന്തപുരം ഡിവിഷനല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ എം. ബാലമുരളി സുപ്രഭാതത്തോട് പറഞ്ഞു. വീടുകളിലേക്ക് പാര്‍സല്‍ സര്‍വിസ് എത്തുന്നതോടെ റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള ആളുകളുടെ വരവ് ഇല്ലാതാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."