പനി ബാധിതര്‍ കൂടുന്നു; 'പ്രതിരോധം' മന്ദഗതിയില്‍തന്നെ
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ പനി ബാധിച്ചെത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. ഇന്നലെ മാത്രം 273 പേരാണ് ഒ.പിയില്‍ പനി ബാധിച്ച് ചികിത്സ തേടിയത്. പ്രതിദിനം ശരാശരി 250നും മുന്നൂറിനുമിടയില്‍ പനിബാധിതര്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍, ഇവരെ ചികിത്സിക്കുന്നതിനു മതിയായ ജീവനക്കാര്‍ ജില്ലയിലെ ആരോഗ്യ മേഖലയില്‍ ഇല്ല.
ദിവസവും ചികിത്സ തേടിയെത്തുന്നവരില്‍ പത്തു പേരെങ്കിലും ഡെങ്കിപ്പനി ബാധിച്ചവരാണ്. മഞ്ചേരി നഗരസഭയിലെ നെല്ലിക്കുത്തിലാണ് കൂടുതലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഡെങ്കിപ്പനി ബാധിതര്‍ കൂടുതലുമാണ്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോഴും പ്രതിരോധ പ്രവര്‍ത്തനം മന്ദഗതിയിലാണ്. ആവശ്യത്തിനു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരില്ലാത്തതാണ് രോഗപ്രതിരോധം മന്ദഗതിയിലാകാന്‍ കാരണം.
ഒരോ സബ് സെന്ററുകള്‍ക്കു കീഴിലും ഒരോ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍പെക്ടര്‍മാര്‍ വേണമെന്നാണ് ചട്ടമെങ്കിലും പല സ്ഥലങ്ങളിലും ആവശ്യത്തിനു ജെ.എച്ച്.ഐമാരില്ല.
പത്തിലേറെ സബ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരിയില്‍ ആകെയുള്ളത് ഒരു ജെ.എച്ച്.ഐ മാത്രമാണ്. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സുമാര്‍ എല്ലാ സബ് സെന്ററുകള്‍ക്കു കീഴിലുമുണ്ടെങ്കിലും ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ പരിമിതമാണ്.
അയ്യായിരം പേര്‍ക്ക് ഒരാള്‍ വീതമാണ് വേണ്ടത്. ഡോക്ടര്‍മാരുടെ നിയമനം യഥാക്രമം നടക്കുമ്പോള്‍ രോഗം വരുന്നതു തടയുന്നതിനു വേണ്ട പ്രതിരോധ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്ന ഇത്തരം സുപ്രധാന തസ്തികകളിലേക്കു മതിയായ നിയമനം നടത്താതിരിക്കുന്നതു ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഇതുകാരണം നിലവില്‍ ഉള്ളവര്‍ക്ക് ഇരട്ടി ജോലിഭാരമാണ്. ഒരോ സബ് സെന്ററുകളുടെ പരിധിയിലും ബോധവല്‍ക്കരണ ക്ലാസുകള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ കാര്യക്ഷമമാക്കേണ്ട സമയമാണിത്.
നാടെങ്ങും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന ഈ ഘട്ടത്തില്‍ ആവശ്യത്തിനു ജെ.എച്ച്.ഐ മാരെയും ജെ.പി.എച്ച് .ഐ മാരെയും നിയമിച്ച് രോഗപ്രതിരോധ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."