ട്രേഡ് ലിങ്ക് ചിട്ടിക്കമ്പനി ഉടമകള്‍ക്കെതിരേ ഇടപാടുകാര്‍ നിയമ നടപടിക്കൊരുങ്ങുന്നു
തൃപ്രയാര്‍: കോടികളുമായി മുങ്ങിയ ട്രേഡ് ലിങ്ക് ചിട്ടിക്കമ്പനി ഉടമകള്‍ക്കെതിരേ ഇടപാടുകാര്‍ നിയമ നടപടിക്കൊരുങ്ങുന്നു. കമ്പനി ഉടമകള്‍ക്കെതിരേ നിയമ നടപടി ആലോചിക്കുന്നതിന് ഇടപാടുകാരുടെ നേതൃത്വത്തില്‍ തൃപ്രയാറില്‍ യോഗം ചേര്‍ന്നു. സ്ത്രീകളുള്‍പ്പടെ നൂറോളം ഇടപാടുകാരും കമ്പനിയിലെ ഏതാനും ജീവനക്കാരും യോഗത്തില്‍ പങ്കെടുത്തു.
അശോകന് കണ്ണോളി ചെയര്‍മാനായും ശിവന് ഇട്ടിയേടത്ത് കണ്‍വീനറുമായ കമ്മിറ്റിക്കും യോഗം രൂപം നല്കി. നിലവില്‍ തൃപ്രയാറിനു പുറമേ വാടാനപ്പള്ളി, അന്തിക്കാട്, മുറ്റിച്ചൂര്‍, ചിറയ്ക്കല്‍, പെരുമ്പിള്ളിശേരി, കാട്ടൂര്‍, കയ്പമംഗലം എന്നീ ബ്രാഞ്ചുകളാണ് കമ്പനിക്കുള്ളത്. ഓരോ ബ്രാഞ്ചില്‍ നിന്ന് 3 പേരെ ഉള്‍പ്പെടുത്തി അഡ്ഹോക് രൂപീകരിക്കും. ഒരാഴ്ചക്കകം പ്രാദേശിക കമ്മിറ്റിയും തുടര്‍ന്ന് കേന്ദ്രീകരിച്ചുള്ള കമ്മിറ്റിക്കും രൂപം നല്‍കും. ഇതിനകം ഇടപാടുകാര്‍ക്ക് ലഭിക്കേïതായ തുകയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിച്ച് നിയമ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിനിടെ സ്ഥലത്തെത്തിയ വലപ്പാട് എസ്.ഐ പി.ജി മധു തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച് വരികയാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇടപാടുകാര്‍ക്ക് ഉറപ്പു നല്കി. യോഗം തീര്‍ന്നയുടന്‍ ഇടപാടുകാര്‍ കമ്പനി ഡയറക്ടറായ നമ്പെട്ടി സജീവന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ഇയാളുടെ വീടിന് നൂറു മീറ്റര്‍ അകലെ വച്ച് മാര്‍ച്ച് പൊലിസ് തടയുകയായിരുന്നു. ഏതാനും ദിവസം മുന്‍പാണ് ട്രേഡ് ലിങ്ക് ചിട്ടികമ്പനി ഇടപാടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലിസ് പൂട്ടി സീല്‍ ചെയ്തത്.
ഇതോടെ കമ്പനി ചെയര്‍മാനും അന്തിക്കാട് സ്വദേശിയുമായ മനോജും കമ്പനി ഡയറക്ടര്‍ പി.എ തോമസും ഒളിവില്‍ പോവുകയായിരുന്നു. അതേസമയം നിയമ വിധേയമല്ലാത്ത രജിസ്ട്രേഷന് നമ്പര്‍ ഉപയോഗിച്ചാണ് കമ്പനി നടത്തിയിരുന്നതെന്ന് വ്യക്തമായി. നിക്ഷേപത്തിന് 20 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കമ്പനി തട്ടിയെടുത്തതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."