മഴക്കാല ദുരിതാശ്വാസ പ്രവര്‍ത്തനം വേഗത്തിലാക്കണം: മന്ത്രി ജി. സുധാകരന്‍
ആലപ്പുഴ: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് എല്ലാ സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേഗത്തില്‍ എത്തിക്കാനും അടിയന്തിര അറ്റകുറ്റപ്പണി വേണ്ട ചില റോഡുകളില്‍ കുഴിയടയ്ക്കല്‍ വേഗത്തില്‍ ചെയ്യാനും പൊതുമരാമത്ത് വകുപ്പുമന്ത്രി ജി. സുധാകരന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലയിലെ കാലവര്‍ഷക്കെടുതികള്‍ വിലയിരുത്തുന്നതിനായി കലക്ടറേറ്റില്‍ കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടുവര്‍ഷംവരെ നിലനില്‍ക്കുന്ന ജിയോ ട്യൂബുകള്‍ കടലാക്രമണം രൂക്ഷമായ ഇടങ്ങളില്‍ ഇടാനും വലിയ കല്ലിടുന്നതിനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒന്നരകോടി രൂപ അടിയന്തിരമായി ഇതിന് ഇറിഗേഷന്‍ വകുപ്പിന് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കടല്‍ഭിത്തി കെട്ടുന്നതിന് 200 കോടി രൂപ സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. മഴ മാറിക്കഴിഞ്ഞാല്‍ ഏറ്റവും നല്ല കല്ലു ഉപയോഗിച്ച് ആലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണ ഭീഷണി കൂടുതലുള്ള തീരത്ത് കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കുമെന്ന് മന്ത്രി പറഞ്ഞു.
2.20 കോടി രൂപയുടെ നാശനഷ്ടം ജില്ലയിലെ റോഡുകള്‍ക്കുണ്ടായി. അത്യാവശ്യ അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചേര്‍ത്തല-അരൂര്‍ ദേശീയപാതയിലെയും എ.സി റോഡിലെയും കുഴികള്‍ അടിയന്തര സ്വഭാവത്തില്‍ അടയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. എ.സി റോഡിന്റെ ചിലഭാഗങ്ങളില്‍ വെള്ളം കയറാന്‍ കാരണം പാടശേഖര സമിതിയുടെ പ്രവര്‍ത്തനങ്ങളിലെ പാകപ്പിഴയാണ്. ഇതിന് അവരില്‍നിന്ന് നഷ്ടപരിഹാരം വകുപ്പുതലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയപാത നാലുവരി ആക്കല്‍ നടക്കുന്നതിനാല്‍ കേന്ദ്രം അറ്റകുറ്റപ്പണികള്‍ക്ക് പണം അനുവദിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
കടല്‍ക്ഷോഭത്തിലും വെള്ളം കയറിയും ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് നല്ല ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷ എന്നിവ സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. കടലാക്രമണ ഭീഷണി ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളില്‍ കല്ലിടാന്‍ നിര്‍ദേശം നല്‍കി. ഇറിഗേഷന്‍ വകുപ്പ് പതിനാലിടങ്ങളില്‍ പ്രവര്‍ത്തികള്‍ നടത്തിവരുന്നതായി യോഗത്തെ അറിയിച്ചു.
പി.ഡബ്ല്യു.ഡിയുടെ കീഴിലുള്ള ഓടകള്‍ വൃത്തിയാക്കാനും പാലങ്ങളിലെ കാടുംപടലും അടിയന്തരമായി വൃത്തിയാക്കാനും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പൊഴികള്‍ തുറക്കാനുള്ള നടപടി സ്വീകരിക്കാനും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താനും ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദേശിച്ചു. അടിയന്തരമായി ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ക്യാംപ് തുടങ്ങി മാത്രമേ ഭക്ഷണവിതരണം നടത്താവൂവെന്നും അല്ലാത്തിടങ്ങളില്‍ ഒരു പ്രാഥമിക പരിശോധന നടത്തണമെന്നും നിര്‍ദേശിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്കും വെള്ളപ്പൊക്കത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്കും വീട് നിര്‍മിക്കാനായി 10 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിക്കും. സ്ഥലം ഇല്ലാത്തവര്‍ക്ക് സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷം രൂപയും സ്ഥലമുള്ളവര്‍ക്ക് വീട് നിര്‍മിക്കാനായി നാലു ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്. കടലാക്രമണവും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനങ്ങള്‍ ജില്ലയില്‍ വേഗത്തില്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കണം.
തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് സൗജന്യ റേഷന്‍ എത്രയും വേഗം നല്‍കുന്നതിന് നടപടിയെടുക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തീരപ്രദേശത്തുള്ള മത്സ്യത്തൊഴിലാളികള്‍ക്കും മറ്റുള്ളവര്‍ക്കും ആണ് സൗജന്യറേഷന്‍ നല്‍കേണ്ടത് . ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവില്‍ വന്ന അവ്യക്തത എത്രയും പെട്ടെന്ന് നീക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി കലക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി.
ചേര്‍ത്തലയില്‍ ഒറ്റമശ്ശേരി, അര്‍ത്തുങ്കല്‍ ഭാഗങ്ങളില്‍ ശക്തമായ കടലാക്രമണം ആണ് ഉണ്ടായിട്ടുള്ളതെന്ന് യോഗത്തില്‍ മന്ത്രി പി. തിലോത്തമന്‍. സര്‍ക്കാര്‍ വളരെവേഗം ഇത്തവണ പ്രവര്‍ത്തനിരതമായി. കടലില്‍ത്തീരത്ത് ഇടാനുള്ള കല്ല് ലഭ്യമാക്കാന്‍ തടസം നേരിടുന്നതായി അദ്ദേഹം യോഗത്തില്‍ പറഞ്ഞു. പല സ്ഥലത്തും കല്ല് തടയുകയാണ്. കടല്‍ത്തീരത്ത് ഇടാന്‍ നിയമപരമായി കല്ല് കൊണ്ടുവരുന്നതിന് തടസം സൃഷ്ടിക്കുന്നത് നിയമവിരുദ്ധമാണെന്നും അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും യോഗം നിര്‍ദ്ദേശിച്ചു.
തീരം സംരക്ഷിക്കാന്‍ പുലിമുട്ടും ശാസ്ത്രീയമായ കടല്‍ഭിത്തിയും അതിന് തക്ക വലിയ പദ്ധതികളുമാണ് ഏക പരിഹാരമെന്ന് യോഗത്തില്‍ പങ്കെടുത്ത കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ മിന്നല്‍ പരിശോധനയും സൗകര്യങ്ങളുടെ വിലയിരുത്തലും ജില്ലാ ഭരണകൂടം ചെയ്തുവരുന്നതായി കലക്ടര്‍ എസ്. സുഹാസ് യോഗത്തില്‍ പറഞ്ഞു. ശിക്കാരി വള്ളങ്ങള്‍ തടയാനും കടല്‍ത്തീരത്ത് ജാഗ്രത പുലര്‍ത്താനും നിര്‍ദേശിച്ചതായി അദ്ദേഹം പറഞ്ഞു.
എം.എല്‍.എമാരായ സജി ചെറിയാന്‍, ആര്‍. രാജേഷ്, എ.എം ആരിഫ്, അഡ്വ. യു. പ്രതിഭാഹരി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ലാ പൊലിസ് ചീഫ് എസ്. സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ദലീമ ജോജോ, തദ്ദേശ സ്ഥാപനങ്ങളുടെ ഭാരവാഹികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."