മോഷണങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ നിര്‍ദേശങ്ങളുമായി പൊലിസ്
തൃപ്പൂണിത്തുറ: മഴക്കാലം ശക്തിപ്രാപിച്ചതോടെ മോഷണങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ നിര്‍ദേശങ്ങളുമായി പൊലിസ്. അടുത്ത ദിവസങ്ങളില്‍ മോഷണങ്ങള്‍ നടന്നതോടെയാണ് തൃപ്പൂണിത്തുറ ഹില്‍പ്പാലസ് സ്റ്റേഷനില്‍നിന്നു ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയത്.
സ്റ്റേഷനതിര്‍ത്തികളില്‍ പൊലിസ് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും പൊതുജനങ്ങളുടെ സഹകരണം കൂടി ആവശ്യമാണെന്നും ഇതിനായി റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അവരവരുടെ പ്രദേശങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് രാത്രികാല പട്രോളിംഗ് ഏര്‍പ്പെടുത്തണമെന്നും ഹില്‍പ്പാലസ് എസ്.ഐ കെ.ആര്‍ ബിജു ആവശ്യപ്പെട്ടു. അടിയന്തരമായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ പെട്ടെന്ന് വിളിക്കാവുന്ന വിധം ഡയല്‍ ചെയ്തുവയ്ക്കണം. ടോര്‍ച്ച് മുതലായവ അടുത്ത് തന്നെ കരുതുകയും സംശയാസ്പദമായി തോന്നുന്ന പക്ഷം അയല്‍പക്കക്കാരെയോ പൊലിസിനെയോ അറിയിക്കേണ്ടതാണെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ദൂരസ്ഥലങ്ങളില്‍ പോകുന്നവര്‍ പാല്‍, പത്രം, മുതലായവ വീടിന് പുറത്ത് ഇട്ട് പോകാതിരിക്കാന്‍ ഏജന്റുമാരെ മുന്‍കൂട്ടി അറിയിക്കേണ്ടതും പകല്‍ സമയങ്ങളില്‍ വീടുകളില്‍ ലൈറ്റുകള്‍ തെളിച്ചിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. കോടാലി, പിക്കാസ്, കമ്പിപ്പാര പോലെയുള്ള ആയുധ സാമഗ്രികള്‍ വീടിന് പുറത്തു അലക്ഷ്യമായി സൂക്ഷിക്കരുതെന്നും പകല്‍ സമയങ്ങളില്‍ അപരിചിതരായ ആളുകളെ വീടിന് പരിസരത്ത് കണ്ടാല്‍ വിവരം റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളെയോ പൊലിസിനെയോ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."