പ്രധാനമന്ത്രി കിസാന്‍ നിധി; വ്യാജസന്ദേശങ്ങളെ തള്ളി അപേക്ഷകര്‍
എടച്ചേരി: പ്രധാനമന്ത്രി കിസാന്‍ നിധി പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികൂലമായ സന്ദേശങ്ങള്‍ പ്രചരിക്കുമ്പോഴും ഇതിനായുള്ള അപേക്ഷകരുടെ തിരക്ക് വര്‍ധിക്കുന്നു. 17 ന് അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങിയത് മുതല്‍ ഇന്നലെ വരെ ജില്ലയിലെ വിവിധ കൃഷിഭവനുകളിലും വില്ലേജ് ഓഫിസുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കിസാന്‍ നിധിക്ക് അപേക്ഷിക്കണമെങ്കില്‍ കൃഷിഭൂമിയുടെ നികുതി അടച്ച രശീതി വേണമെന്നതിനാലാണ് വില്ലേജ് ഓഫിസിലെ തിരക്കിന് കാരണം. ആവശ്യമായ രേഖകള്‍ സഹിതമുള്ള അപേക്ഷകരുടെ തള്ളിക്കയറ്റം കാരണം പല കൃഷിഭവനുകളുടെയും സാധാരണ പ്രവര്‍ത്തനം തടസപ്പെട്ട നിലയിലാണ്.
അതിനിടെ കിസാന്‍ നിധിക്കെതിരേ വ്യാപകമായ വിമര്‍ശനങ്ങളടങ്ങിയ സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കയാണ്. അപേക്ഷയിലെ രണ്ടാം പേജിലെ അഫിഡവിറ്റ് ഒപ്പിട്ടു കൊടുക്കുന്നതിലൂടെ കൃഷിക്കാര്‍ക്ക് അവരുടെ ഭൂമി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് സന്ദേശങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. കിസാന്‍ നിധിയിലൂടെ ലഭിക്കുന്ന 6,000 രൂപക്ക് വേണ്ടി അപേക്ഷ കൃഷിഭവനില്‍ കൊടുക്കുന്നതോടെ ഏക്കര്‍ കണക്കിലുള്ള അപേക്ഷകരുടെ ഭൂമി ഡാറ്റാ ബാങ്കിലേക്ക് മാറ്റപ്പെടും. ഇങ്ങനെ മാറ്റപ്പെട്ടാല്‍ പിന്നീട് ഈ ഭൂമി കൃഷിക്കല്ലാതെ മറ്റ് കെട്ടിടം നിര്‍മിക്കല്‍ ഉള്‍പ്പെടെയുള്ള യാതൊരു കാര്യത്തിനും ഉപയോഗിക്കാന്‍ കഴിയാതെ വരുമെന്നാണ് സന്ദേശങ്ങളില്‍ പറയുന്നത്. ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചതോടെ അപേക്ഷകര്‍ ആശങ്കയിലായി. ചിലയിടങ്ങളില്‍ ഇതിനകം അപേക്ഷിച്ച ചിലര്‍ തങ്ങളുടെ അപേക്ഷ തിരികെ ആവശ്യപ്പെടാനും ശ്രമം തുടങ്ങി.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന കൃഷി ഡയരക്ടര്‍ പ്രത്യേകം സര്‍ക്കുലര്‍ ഇറക്കി എല്ലാ കൃഷിഭവനുകളിലേക്കും എത്തിച്ചിട്ടുണ്ട്. ഇത്തരം വ്യാജസന്ദേശങ്ങള്‍ വിശ്വസിക്കരുതെന്നും ആവശ്യക്കാരില്‍നിന്ന് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷകള്‍ വാങ്ങിവയ്ക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. മാത്രമല്ല സ്വീകരിച്ച അപേക്ഷകള്‍ യാതൊരു കാരണവശാലും തിരികെ നല്‍കരുതെന്നും സര്‍ക്കുലറില്‍ പ്രത്യേകം പറയുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ലഭിച്ചത്.
അപേക്ഷകരുടെ ആധാര്‍ നമ്പര്‍ പരിശോധിച്ചാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ നിര്‍ണയിക്കുന്നത്. പദ്ധതി നടത്തിപ്പിനായി ആധാര്‍ വിവരങ്ങള്‍ പരിശോധിക്കാനുള്ള സമ്മതപത്രം അപേക്ഷകരില്‍നിന്ന് മുന്‍കൂറായി വാങ്ങുന്നുണ്ട്. ആദായനികുതി അടയ്ക്കുന്നവര്‍ക്കും സര്‍ക്കാര്‍ ജോലിക്കാര്‍ക്കും ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകില്ല. ആധാര്‍ പരിശോധനയിലൂടെ ഈ വിഭാഗത്തിലുള്ളവരെ കണ്ടെത്താന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."