മാക്കൂട്ടത്ത് ഗതാഗത നിരോധനം തുടരും
ഇരിട്ടി: മാക്കൂട്ടം വനാന്തരത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ പാലങ്ങളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണി വൈകുന്നു. ദുരന്തങ്ങളുടെ വ്യാപ്തിയും നഷ്ടക്കണക്കെടുപ്പും പൂര്‍ത്തീകരിക്കാന്‍ കാലതാമസമുണ്ടാകുന്നതാണ് കാരണമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന. മാക്കൂട്ടം ചെറിയപാലം, മേമന കൊല്ലി, മെതിയടിപ്പാറ വളവ് എന്നിവിടങ്ങളിലെ പാലവും പെരുമ്പാടി ചുരം മുതല്‍ മാക്കൂട്ടം കാക്കത്തോട് ക്ഷേത്രം വരെയുള്ള റോഡുകളുമാണ് മലവെള്ളപാച്ചിലില്‍ കുത്തിയൊലിച്ചും വിള്ളലുണ്ടായും മണ്ണിടിഞ്ഞും തകര്‍ന്നത്. ഇതേതുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കുകയും റോഡ് അടക്കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും മറ്റ് വകുപ്പ് മേധാവികളും നാളെ ദുരന്തസ്ഥലം സന്ദര്‍ശിച്ചേക്കും. ഇവരുടെ നിര്‍ദേശപ്രകാരം ബലക്ഷയം സംഭവിച്ച പാലങ്ങള്‍ പുനര്‍നിര്‍മിക്കുകയും തകര്‍ന്ന റോഡുകള്‍ ഉള്‍പ്പെടെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനം നടത്തുകയും ചെയ്യും. ഗതാഗത നിരോധനത്തെ തുടര്‍ന്ന് വീരാജ്പേട്ടയില്‍ നിന്നും മൈസൂരുവില്‍ നിന്നും ഇരിട്ടിയിലും ജില്ലയിലെ മറ്റ് നഗരങ്ങളിലേക്കും എത്തിച്ചുകൊണ്ടിരുന്ന പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ കിലോമീറ്റര്‍ ചുറ്റിവളഞ്ഞ് സഞ്ചരിച്ചാണ് മാര്‍ക്കറ്റുകളിലെത്തിക്കുന്നത്.
ഇതുകാരണം പച്ചക്കറികള്‍ക്ക് ഉള്‍പ്പെടെ വില വര്‍ധിപ്പിക്കുന്ന അവസ്ഥയാണുള്ളത്. യാത്രാവാഹനങ്ങള്‍ ഉള്‍പ്പെടെ വയനാട് വഴിയാണ് നിലവില്‍ സര്‍വിസ് നടത്തുന്നത്. മാക്കൂട്ടം ചെറിയപാലത്തിന്റെ അടിത്തറ പൂര്‍ണമായും തകരുകയും അരിക് ഭിത്തിയിടിഞ്ഞ് കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇളകി കുത്തിയൊലിക്കുകയും ചെയ്തതിനാല്‍ പാലം പൂര്‍ണമായും പുനര്‍നിര്‍മിക്കേണ്ടി വരുമെന്നാണ് സൂചന. അങ്ങിനെയെങ്കില്‍ ഗതാഗത നിയന്ത്രണവും നിരോധനവും ദീര്‍ഘകാലത്തേക്ക് നീളാനാണ് സാധ്യത. കര്‍ണാടക വനം പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടുത്തദിവസം സ്ഥലം സന്ദര്‍ശിക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."