ഇന്ത്യക്കാര്‍ക്കും 'ഔദ' റെഡി; ഇനി വേണ്ടത് കേന്ദ്രത്തിന്റെ ഔദാര്യം
റിയാദ്: സഊദിയില്‍നിന്നു മടങ്ങാനാഗ്രഹിക്കുന്ന വിദേശികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ സംവിധാനമായ ഔദയില്‍ ഇന്ത്യക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാനുള്ള അനുമതിയായി.
നേരത്തെ ഇന്ത്യക്കാര്‍ തല്കാലം ഇതില്‍ രജിസ്റ്റര്‍ ചെയ്യേണ്ടെന്നായിരുന്നു സഊദി അധികൃതര്‍ അറിയിച്ചിരുന്നത്. രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി ലഭിച്ചതോടെ ഇനി നാട്ടിലെത്താന്‍ വേണ്ടത് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഔദാര്യം മാത്രമാണ്.
തങ്ങളുടെ പൗരന്മാരെ സ്വീകരിക്കാനായി വിമാന സര്‍വിസ് അനുവദിക്കുകയാണ് ഇനി ഇന്ത്യാ ഗവണ്മെന്റ് ചെയ്യേണ്ടത്. റീ എന്‍ട്രി, ഫൈനല്‍ എക്സിറ്റ്, ഫാമിലി വിസിറ്റ് വിസ, ബിസിനസ് വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ ഉള്‍പ്പെടെ എല്ലാതരം വിസക്കാര്‍ക്കും ഔദയില്‍ അപേക്ഷ നല്‍കാം.
ഓണ്‍ലൈന്‍ സര്‍വിസ് ആയ അബ്ശിറില്‍ പ്രവേശിച്ച് 'ഔദ' സെക്ഷനിലൂടെയാണ് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ഇഖാമ നമ്പര്‍, ജനന തിയ്യതി, മൊബൈല്‍ നമ്പര്‍, പുറപ്പെടുന്ന വിമാനത്താവളം, നാട്ടിലെ വിമാനത്താവളം എന്നീ വിവരങ്ങള്‍ ഇതില്‍ സമര്‍പ്പിക്കണം. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി പ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ചാണ് യാത്രക്ക് അനുമതി നല്‍കുക.
അനുമതി ലഭിച്ചാല്‍ നാട്ടില്‍ പോകേണ്ട തിയ്യതിയും ടിക്കറ്റ് നമ്പറും ബുക്കിങ് വിവരവും മൊബൈലില്‍ അയച്ചുതരും. ശേഷം പോകുന്നയാള്‍ ഈ ടിക്കറ്റ് പണമടച്ച് എടുക്കുകയാണ് വേണ്ടത്. എന്നാല്‍, വിമാന സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ഇന്ത്യക്കാര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."