പ്രതിരോധം ഊര്‍ജിതമാക്കി കോട്ടയം; പ്രത്യേക മെഡിക്കല്‍ സംഘം വേണമെന്ന ആവശ്യം ശക്തം
സ്വന്തം ലേഖകന്‍
കോട്ടയം: കൊവിഡ് 19 ബാധിതരുടെ എണ്ണം ഉയര്‍ന്നു നില്‍ക്കേ ആശങ്കയിലായ ജില്ലയില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ശക്തമായി.സമൂഹവ്യാപന ഭീഷണിയെ നേരിടാന്‍ ജില്ലയില്‍ കൊവിഡ് 19 പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.
ഇന്നലെ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസമായി. നിലവില്‍ 18 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ ഉള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലേക്കും പുറത്തേക്കുമുള്ള പ്രവേശനം നിരോധിച്ചു.
അതിര്‍ത്തി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 14 ചെക്ക് പോസ്റ്റുകളിലും പൊലിസ്, റവന്യൂ, മോട്ടോര്‍ വാഹനം, ആരോഗ്യം വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടപടികള്‍ കര്‍ശനമാക്കി. കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. രോഗബാധിതരുടെ വീടുകള്‍ ഉള്‍പ്പെടുന്ന കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും പ്രത്യേക പൊലിസ് പോസ്റ്റുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഈ മേഖലകള്‍ക്കായി പ്രത്യേക പൊലിസ് ഹെല്‍പ്പ് ലൈന്‍ നമ്പരുകളും സജ്ജമാക്കി. കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ വീടിനു പുറത്ത് യാത്ര ചെയ്യാന്‍ കഴിയാത്ത ജനങ്ങള്‍ക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കള്‍ എത്തിച്ചു നല്‍കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖേന വോളണ്ടിയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
ജില്ലയില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് കര്‍ശന നിയന്ത്രണമുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്.കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സാംപിള്‍ പരിശോധനയും വ്യാപകമാക്കി. നിലവിലുള്ള നാല് സാംപിള്‍ ശേഖരണ കേന്ദ്രങ്ങള്‍ക്കു പുറമെ ആറ് മൊബൈല്‍ സാംപിള്‍ ശേഖരണ യൂനിറ്റുകളും ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി.
രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍, രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഗര്‍ഭിണികള്‍, വയോജനങ്ങള്‍ തുടങ്ങി പ്രത്യേക വിഭാഗങ്ങളിലുള്ളവരുടെ സാംപിള്‍ പരിശോധനയ്ക്കാണ് മുന്‍ഗണന. രോഗം സ്ഥിരീകരിച്ചവരില്‍ പലരും ആശുപത്രികള്‍ സന്ദര്‍ശിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെ ക്വാറന്റയിനിലാക്കുന്നതിനും സ്രവം പരിശോധിക്കുന്നതിനും നടപടി സ്വീകരിച്ചു.
വീടുകളില്‍ പൊതുസമ്പര്‍ക്കം ഒഴിവാക്കി കഴിയാന്‍ സാഹചര്യമില്ലാത്തവര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക കൊവിഡ് കെയര്‍ സെന്ററുകളും പ്രവര്‍ത്തന സജ്ജമാണ്. നിലവില്‍ 18 പേര്‍ ഈ സെന്ററുകളിലുണ്ട്.
മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ഇന്നലെ രാവിലെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."