ടാഡ പ്രകാരമുള്ള കുറ്റസമ്മതം തെളിവായി എടുക്കാനാകില്ല: സുപ്രിംകോടതി
ന്യൂഡല്‍ഹി: പിന്‍വലിക്കപ്പെട്ട കരിനിയമമായ ടാഡയുടെ അടിസ്ഥാനത്തിലുള്ള കുറ്റസമ്മതം ഒരാള്‍ക്കെതിരേ തെളിവായെടുക്കാനാവില്ലെന്ന് സുപ്രിംകോടതി. ടാഡയുടെ അടിസ്ഥാനത്തിലുള്ള കുറ്റസമ്മതം അസാധുവാക്കി പ്രതിയെ വെറുതെ വിട്ട കീഴ്‌ക്കോടതി നടപടി ശരിവച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, അജയ് രസ്‌തോഗി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.
ടെററിസ്റ്റ് ആന്‍ഡ് ഡിസ്‌റപ്റ്റ് ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ടെന്ന ടാഡ വ്യാപകമായി മുസ്‌ലിംകള്‍ക്കെതിരേ ദുരുപയോഗപ്പെടുത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന് 1995ല്‍ എടുത്തുകളയുകയായിരുന്നു. പൊലിസിന് ഒരു വര്‍ഷം വരെ പ്രതിയെ തടവില്‍ വയ്ക്കാം, പൊലിസിനു മുന്നില്‍ നടത്തുന്ന കുറ്റസമ്മതം മാത്രം കോടതിക്ക് തെളിവായി സ്വീകരിക്കാം തുടങ്ങിയവയായിരുന്നു ടാഡയിലെ ഏറ്റവും വിവാദമായ വ്യവസ്ഥകള്‍. ഇതു പ്രകാരം പൊലിസ് പീഡനത്തിനിരയാക്കി കുറ്റസമ്മതം നടത്തിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു. വാക്കി ടോക്കി കൈവശം വച്ചതിന് ഗുജറാത്തില്‍ ടാഡ പ്രകാരം കുറ്റം ചുമത്തപ്പെട്ട അന്‍വര്‍ ഉസ്മാന്‍ സുംബാനിയയെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധിക്കെതിരേ ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രിംകോടതി ഉത്തരവ്.
നിലവിലില്ലാത്ത നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ ശിക്ഷവിധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ടാഡ നിയമത്തിന്റെ 20 എ(1), 20 എ(2) വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരേ നടപടി സ്വീകരിച്ചിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കീഴ്‌ക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഈ വകുപ്പു മാറ്റിനിര്‍ത്തിയാല്‍ ഒരു വാക്കി ടോക്കി കൈവശം വച്ചതിന് ആയുധങ്ങളും വെടിക്കോപ്പുകളും കൈവശംവച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വാക്കി ടോക്കി എങ്ങനെയാണ് വെടിക്കോപ്പാകുന്നതെന്ന് സുപ്രിംകോടതി ചോദിച്ചു.
പ്രതിക്കെതിരേ ചുമത്തിയ ആയുധ നിയമം, ഇന്ത്യന്‍ ടെലഗ്രാഫ് നിയമം തുടങ്ങിയവയും നിലനില്‍ക്കില്ലെന്ന കീഴ്‌ക്കോടതി വിധിയും സുപ്രിംകോടതി ശരിവച്ചു. ടാഡ പ്രകാരമല്ലാത്ത മറ്റെന്തെങ്കിലും തെളിവുകള്‍ പ്രതിക്കെതിരേയുണ്ടെങ്കില്‍ അതുമായി മുന്നോട്ടു പോകാം. എന്നാല്‍ പ്രതി പൊലിസിന് നല്‍കിയ കുറ്റസമ്മതം മാത്രമാണ് പ്രോസിക്യൂഷന്റെ പക്കലുള്ളതെന്നും അത് നിലനില്‍ക്കില്ലെന്നും സുപ്രിംകോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."