കൊവിഡ്-19 പ്രത്യാഘാതം; സഊദി വരുമാനത്തില്‍ ആദ്യ പാദത്തില്‍ ഒമ്പത് ബില്യണ്‍ ഡോളറിന്റെ ഇടിവ്; സാമ്പത്തികാഘാതം നേരിടാൻ കടുത്ത നടപടി
റിയാദ്: കൊവിഡ്-19 പ്രത്യാഘാതം രാജ്യത്തെ സാമ്പത്തിക മേഖലയിൽ കാര്യമായ ക്ഷീണമുണ്ടാക്കിയതായി റിപ്പോർട്ട്. സഊദി ധനകാര്യ മന്ത്രാലയം പുറത്ത് വിട്ട ആദ്യ പാദത്തിലെ റിപ്പോർട്ടിലാണ് കനത്ത ഇടിവ് രേഖപ്പെടുത്തിയത്. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ 9.07 ബില്യണ്‍ ഡോളറിന്‍റെ ബജറ്റ് കമ്മിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തിലെ ആദ്യ പാദത്തെ അപേക്ഷിച്ച് 22 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ ചിലവ് 226 ബില്യണ്‍ റിയാലാണ്. 192 ബില്യണ്‍ റിയാല്‍ വരവും. വരവ് ചിലവ് അനുപാതത്തിൽ 34 ബില്യണ്‍ റിയാലിന്‍റെ ബജറ്റ് കമ്മിയാണ് ഉണ്ടായത്. ഇതോടെ ഈ വര്‍ഷം ആദ്യ പാദത്തിലെ പൊതുകടം 723 ബില്യണ്‍ റിയാലാണെന്നാണ് നിലവിലെ കണക്കുകൾ.
രാജ്യത്തെ പ്രധാന വരുമാന മാർഗ്ഗമായി എണ്ണയിൽ നിന്നുള്ള വരുമാനം 24 ശതമാനമാണ് ഇടിഞ്ഞതിനോടൊപ്പം എണ്ണേതര വരുമാനത്തില്‍ 17 ശതമാനവുമാണ് ഇടിവ് രേഖപ്പെടുത്തിയത്. രാജ്യത്തെ എണ്ണ വരുമാനം ഒന്നാം പാദത്തിൽ 24 ശതമാനം ഇടിഞ്ഞ് 128.771 ബില്യൺ റിയാലായും എണ്ണ ഇതര വരുമാനം 17 ശതമാനം ഇടിഞ്ഞ് 63.3 ബില്യൺ റിയാലുമായിട്ടുണ്ട്. വരുമാനം, ചെലവുകൾ, ധനസഹായ സ്രോതസ്സുകൾ, പൊതു കടത്തിലെ മാറ്റം എന്നിവ ഉൾപ്പെടെ നിർദ്ദിഷ്ട പാദത്തിലെ പ്രകടനം ഉൾക്കൊള്ളുന്ന വിശദമായ വിവരങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ട് ധനകാര്യ മന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്.
കൊവിഡ്-19 വൈറസ് പശ്ചാത്തലത്തില്‍ വരുമാനം കുറയുമെന്ന് സഊദ് അറേബ്യ കണക്ക് കൂട്ടിയിരുന്നു. ഇതിന്റെ ഭാഗമായി ഈ വര്‍ഷം ചെലവ് ചുരുക്കാനാണ് പദ്ധതി. വൈറസ് പ്രതിസന്ധി വരുമാന മേഖലയിൽ ഉണ്ടാക്കിയ പ്രതിസന്ധി മൂലം ഈ വര്‍ഷം പ്രഖ്യാപിച്ച പല പദ്ധതികളും നിര്‍ത്തിവെക്കുമെന്നും സഊദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി തരണം ചെയ്യാൻ വിവിധ വകുപ്പുകൾക്ക് തുക നീക്കിവെച്ചുവെന്നും വേണമെങ്കിൽ 100 ബില്യന്‍ റിയാല്‍ അധിക വായ്പയെടുക്കുമെന്നും ധനമന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഏതൊക്കെ മേഖലകളില്‍ ചെലവു ചുരുക്കണമെന്നത് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."