തീ പിടിച്ചാല്‍ എരിഞ്ഞമരും
തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളും സിനിമാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും ഉള്‍പ്പെടെയുള്ള പല വമ്പന്‍ കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നത് ആവശ്യമായ അഗ്നി സുരക്ഷാ സംവിധാനങ്ങളില്ലാതെയെന്ന് അഗ്‌നിശമന സേന. ഇത്തരത്തില്‍ സംസ്ഥാനത്ത് 1,103 കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അഗ്നിശമന സേന പറയുന്നത്.
അടുത്തിടെ പടര്‍ന്നുപിടിച്ച തീപിടിത്തങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 19 മുതല്‍ 26 വരെ നടത്തിയ പരിശോധനയിലാണ് പുതിയ കണ്ടെത്തല്‍. 1,582 വന്‍കിട കെട്ടിടങ്ങളാണ് അഗ്നിശമനസേന പരിശോധിച്ചത്.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരേ ദുരന്ത നിവാരണ നിയമപ്രകാരം നടപടി എടുക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും ജില്ലാ കലക്ടര്‍മാരോടും അഗ്നിശമനസേന ആവശ്യപ്പെട്ടു. ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ദുരന്തത്തിന് ഇടവരുത്തുമെന്നും അഗ്‌നിശമന സേന മുന്നറിയിപ്പ് നല്‍കി. വരുംദിവസങ്ങളില്‍ കൂടുതല്‍ കെട്ടിടങ്ങളും ഫ്‌ളാറ്റുകളും പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ ഫയര്‍ഫോഴ്‌സ് മേധാവി ജില്ലാ ഫയര്‍ഫോഴ്‌സ് മേധാവിമാര്‍ക്കും റീജ്യനല്‍ ഫയര്‍ഫോഴ്‌സ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.
ജനങ്ങള്‍ താമസിക്കുന്ന ഉയരമുള്ള കെട്ടിടങ്ങളും ഫ്‌ളാറ്റുകളും ഉള്‍പ്പെടെ 288 ജനവാസ കെട്ടിടങ്ങളാണ് സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നത്. 50 വിഭ്യാഭ്യാസ സ്ഥാപനങ്ങളില്‍ യാതൊരു തരത്തിലുള്ള സുരക്ഷാ മുന്‍കരുതലുമില്ല.
രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന അപകടരമായുള്ള 11 ഫാക്ടറികളിലും സുരക്ഷാസംവിധാനങ്ങളില്ല. 88 ആശുപത്രികളും 96 സിനിമാ തിയറ്ററുകളും, 58 വ്യവസായ ശാലകളും യാതൊരു സുരക്ഷയുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ അടിയന്തിരമായി ഇടപെടാന്‍ അഗ്‌നിശമന സേന നിര്‍ദേശം നല്‍കി.
കെട്ടിടങ്ങളില്‍ ഏറ്റവും കൂടുതല്‍ ചട്ടലംഘനം കണ്ടെത്തിയത് കൊല്ലത്തും കണ്ണൂരുമാണ്. 168 വീതം കെട്ടിടങ്ങളാണ് സുരക്ഷാമാനദണ്ഡമില്ലാതെ ഈ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്ത് 150, കോഴിക്കോട് 140, കോട്ടയത്ത് 62, ആലപ്പുഴ 66, എറണാകുളത്ത് 88, ഇടുക്കിയില്‍ 59, പത്തനംതിട്ടയില്‍ 14, തൃശൂരില്‍ 59, പാലക്കാട്ട് 72, മലപ്പുറത്ത് 30, വയനാട് 16, കാസര്‍കോട് 12 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍.
ഇതില്‍ 505 കെട്ടിടങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോടും, 201 കെട്ടിടങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാരോടും അഗ്നിശമനസേന ആവശ്യപ്പെട്ടു.
ജനവാസമുള്ള ഫ്‌ളാറ്റുകളില്‍ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തൃശൂര്‍ നഗരങ്ങളിലെ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ്.
ഫ്‌ളാറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി കോര്‍പറേഷന്‍ ടി.സി നമ്പറിനായാണ് പലരും അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത്. ഇത് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഒരു വര്‍ഷത്തേക്കുള്ള എന്‍.ഒ.സി നല്‍കും.
ഈ രേഖ കോര്‍പറേഷനില്‍ ഹാജരാക്കിയാല്‍ മാത്രമേ ടി.സി നമ്പര്‍ അനുവദിക്കുകയുള്ളൂ. എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞു ഭൂരിപക്ഷംപേരും ഇത് പുതുക്കാന്‍ തയാറാകുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."