സിവില്‍ സ്റ്റേഷനിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കും
കൊല്ലം: സിവില്‍ സ്റ്റേഷനിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന് ജില്ലാ കലക്ടര്‍ എ ഷൈനാമോളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.
ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ സ്ഥാപിക്കുന്നതിനും സിവില്‍ സ്റ്റേഷന്‍ വളപ്പിലെ ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യുന്നിനും മാലിന്യ നിര്‍മ്മാര്‍ജ്ജനം ഊര്‍ജ്ജിതമാക്കുന്നതിനും നടപടി സ്വീകരിക്കും. സിവില്‍ സ്റ്റേഷനില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. നിലവില്‍ സിവില്‍ സ്റ്റേഷന്‍ വളപ്പിലുള്ള ഉപയോഗശൂന്യമായ വാഹനങ്ങള്‍ അതത് വകുപ്പുകള്‍ സമയബന്ധിതമായി നീക്കം ചെയ്യണം. ഈ വാഹനങ്ങള്‍ ലിങ്ക് റോഡില്‍ കണ്ടെത്തിയിട്ടുള്ള സ്ഥലത്തേക്ക് താല്‍ക്കാലികമായി സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
ഓഫിസുകളിലും വരാന്തയിലുമുള്ള ഉപയോഗശൂന്യമായ ഫര്‍ണീച്ചറുകളും മറ്റു സാധനസാമഗ്രികളും ഈവേസ്റ്റുകളും വേര്‍തിരിച്ച് നീക്കം ചെയ്യുന്നതിനു മുന്നോടിയായി മൂല്യനിര്‍ണ്ണയം നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പിന് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ലഭിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
ഭക്ഷണ മാലിന്യങ്ങള്‍ വേര്‍തിരിച്ച് നീക്കം ചെയ്യുന്നതിന് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനവുമായി ജീവനക്കാര്‍ സഹകരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ജൂലൈ 24 ഞായറാഴ്ച്ച സിവില്‍ സ്റ്റേഷനില്‍ എല്ലാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ശുചീകരണ പരിപാടി നടത്തും. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ ഓഫീസുകളും പരിസരവും ജീവനക്കാര്‍ തന്നെ ശുചീകരിക്കാനും യോഗത്തില്‍ ധാരണയായി.
ഓഫീസുകളിലേക്ക് ചാഞ്ഞു നില്‍ക്കുന്ന വൃക്ഷ ശിഖരങ്ങള്‍ വെട്ടിമാറ്റുന്നതിന് നടപടി സ്വീകരിക്കും. സുരക്ഷാ ക്രമീകരണങ്ങളും മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് എല്ലാ ഓഫീസ് മേധാവികളും ജൂലൈ എട്ടിന് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഐ. അബ്ദുല്‍സലാം, ഡെപ്യൂട്ടി കളക്ടര്‍(എല്‍.എ) അനു എസ്. നായര്‍, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി എസ്. രാധാകൃഷ്ണന്‍, ഹുസുര്‍ ശിരസ്തദാര്‍ എസ്. ചിത്ര, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."