സ്പ്രിംഗ്ലര്‍ കരാറിലെ അപകട വ്യവസ്ഥകള്‍
സ്പ്രിംഗ്ലര്‍ കരാറിന്റെ ഭരണഘടനാ സാധുതയെ ചോദ്യംചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ച ഹരജികളില്‍ കരാര്‍ ഭരണഘടനാ വിരുദ്ധവും നിയമപരമായി നിലനില്‍ക്കില്ലെന്നുമാണു മുഖ്യവാദം. ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തി രേഖകള്‍ ഹാജരാക്കുവാനും അതിനെ ഖണ്ഡിക്കുവാന്‍ സര്‍ക്കാരിനും സമയം ആവശ്യമായതിനാല്‍ ഈ ഘട്ടത്തില്‍ വിശദമായ വിശകലനത്തിനു മുതിരുന്നില്ലെന്നും ഡാറ്റാ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ഭരണഘടന അനുഛേദം 299 (1) അനുസരിച്ച് സംസ്ഥാനത്തിന്റെ നിര്‍വാഹാധികാരം പ്രയോഗിച്ച് ഉണ്ടാക്കുന്ന എല്ലാ കരാറുകളും ഗവര്‍ണര്‍ ഉണ്ടാക്കിയതാണെന്നു പറഞ്ഞിരിക്കേണ്ടതും അത്തരം അധികാരം പ്രയോഗിച്ച് ഉണ്ടാക്കിയ എല്ലാ കരാറുകളും ഗവര്‍ണര്‍ക്കുവേണ്ടി അദ്ദേഹം നിര്‍ദേശിക്കുകയോ അധികാരപ്പെടുത്തുകയോ ചെയ്യുന്ന, അങ്ങനെയുള്ള ആളുകളാലും വിധത്തിലും ഒപ്പിട്ട് പൂര്‍ത്തീകരിക്കേണ്ടതുമാണെന്നു വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഒപ്പിട്ടുവെന്ന് പറയുന്ന സ്പ്രിംഗ്ലര്‍ കരാറില്‍ ഐ.ടി സെക്രട്ടറി ശിവശങ്കര്‍ ഒപ്പിട്ടതിനു യാതൊരു അധികാരപത്രവും ഉണ്ടായിരുന്നില്ല. ഏപ്രില്‍ രണ്ടിനു സ്വന്തം ഇഷ്ടപ്രകാരം ശിവശങ്കര്‍ ഒപ്പിട്ട സ്പ്രിംഗ്ലര്‍ കരാറില്‍ വ്യക്തിഗത വിവരങ്ങള്‍ ചോരാനുള്ള സാധ്യതക്കെതിരേ സുരക്ഷാ വ്യവസ്ഥകളൊന്നും ഇല്ലാത്തതിനാലാണ് ഏപ്രില്‍ 14നു മറ്റൊരു കരാര്‍ സ്പ്രിംഗ്ലറുമായി ഒപ്പിട്ടത്. വിചിത്രമെന്നു പറയട്ടെ, രണ്ടാമത്തെ കരാറില്‍ തിയതി രേഖപ്പെടുത്തിയിരുന്നില്ല. രാജ്യാന്തര കമ്പനിയുമായി സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഐ.ടി സെക്രട്ടറി സ്പ്രിംഗ്ലര്‍ കമ്പനിയുടെ മുദ്രപതിച്ച കരാര്‍ ഒപ്പിട്ടത് ഏപ്രില്‍ 14നാണെന്ന് ശിവശങ്കര്‍ പിന്നീട് ചാനല്‍ അഭിമുഖത്തില്‍ സമ്മതിക്കുകയാണുണ്ടായത്. റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ച് സര്‍ക്കാരിനു വേണ്ടിയോ സര്‍ക്കാരിന്റെ പേരിലുള്ളതോ ആയ എല്ലാ കരാറുകളും പ്രമാണങ്ങളും നിയമവകുപ്പ് തയാറാക്കി ശരിവച്ചിരിക്കണമെന്നതു നിര്‍ബന്ധ വ്യവസ്ഥയാണ്. നിയമവകുപ്പിന്റെ സൂക്ഷ്മ പരിശോധനയില്‍ കൂടി മാത്രമേ നിയമപരമായ പോരായ്മകള്‍ തിരിച്ചറിയാന്‍ സാധിക്കൂ. സ്പ്രിംഗ്ലര്‍ കരാര്‍ അനുസരിച്ചുള്ള ഇടപാടുകള്‍ സൗജന്യമാണെന്നും യാതൊരു സാമ്പത്തിക ബാധ്യത ഇല്ലാത്തതിനാലാണ് നിയമവകുപ്പിന്റെ അംഗീകാരം വാങ്ങാതിരുന്നതെന്ന മുഖ്യമന്ത്രിയുടെയും ഐ.ടി സെക്രട്ടറിയുടെയും ഭാഷ്യം തികച്ചും വാസ്തവവിരുദ്ധമാണ്. കരാര്‍ സൗജന്യമാണെങ്കിലും അല്ലെങ്കിലും അതു തയാറാക്കാന്‍ നിയമവകുപ്പിനു മാത്രമേ അധികാരമുള്ളൂ.
സ്പ്രിംഗ്ലര്‍ കരാര്‍ അനുസരിച്ചുള്ള സേവനം സൗജന്യമല്ല. ഏപ്രില്‍ രണ്ടിലെ കരാറനുസരിച്ച് തന്നെ സ്പ്രിംഗ്ലര്‍ ചെയ്യുന്ന സേവനത്തിന് കൊവിഡ് കാലത്തെ ആദ്യത്തെ ഒരുമാസമേ സൗജന്യമുള്ളൂ. പിന്നീട് സ്പ്രിംഗ്ലര്‍ നല്‍കുന്ന ബില്ലനുസരിച്ച് സര്‍ക്കാര്‍ ഫീസ് നല്‍കണം. മാസ്റ്റര്‍ കരാറിലെ നാലാം വകുപ്പനുസരിച്ച് ചെയ്ത സേവനത്തിന് സ്പ്രിംഗ്ലര്‍ ഇന്‍വോയ്‌സ് നല്‍കി 30 ദിവസത്തിനകം പണം നല്‍കണമെന്നാണു വ്യവസ്ഥ. പിന്നീട് 10 ദിവസത്തെ നോട്ടിസ് ലഭിച്ചാല്‍ മുഴുവന്‍ ഫീസും നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. മാത്രമല്ല ഫീസ് കൃത്യമായി നല്‍കിയില്ലെങ്കില്‍ പ്രതിമാസം 1.5 ശതമാനം പലിശ നല്‍കാനും സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. സേവനത്തിനുള്ള ഫീസിനു പുറമെ നികുതി നല്‍കാനും സര്‍ക്കാര്‍ ഉത്തരവാദിയാണ്. രാജ്യത്തെ ജനങ്ങളുടെ കോടികള്‍ വിലമതിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ യഥേഷ്ടം കൈകാര്യം ചെയ്യാന്‍ സ്പ്രിംഗ്ലര്‍ കമ്പനിക്ക് അനുമതി നല്‍കിക്കൊണ്ട് അവര്‍ നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ ഐ.ടി സെക്രട്ടറി അംഗീകരിച്ച് ഒപ്പിട്ട കരാര്‍ സൗജന്യമാണെന്ന മുഖ്യമന്ത്രിയുടെയും മറ്റും വാദം ശുദ്ധ നുണയാണ്. സംസ്ഥാനത്തിന്റെ താല്‍പര്യത്തെ ഹനിക്കുന്ന നിരവധി വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ കരാറിനു നിയമവകുപ്പിന്റെ അംഗീകാരം ലഭിക്കില്ലെന്ന് ഉറപ്പായതു കൊണ്ടു തന്നെയാണു നിയമവകുപ്പിനെ വെട്ടിച്ച് കരാര്‍ ഒപ്പിട്ടത്.
സ്പ്രിംഗ്ലറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള കരാര്‍ അനുസരിച്ചുള്ള എല്ലാ നടപടികള്‍ക്കും തര്‍ക്കങ്ങള്‍ക്കും അമേരിക്കയിലെ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ നിയമമാണ് ബാധകമെന്നും അതു സംബന്ധിച്ച വ്യവഹാരങ്ങള്‍ ന്യൂയോര്‍ക്ക് കോടതിയില്‍ മാത്രമേ ബോധിപ്പിക്കാന്‍ പാടുള്ളൂവെന്നതുമാണ് മാസ്റ്റര്‍ കരാറിലെ 11ാം വകുപ്പ് വ്യവസ്ഥ ചെയ്തത്. യു.എസ് നിയമം അമേരിക്കന്‍ പൗരന്‍മാര്‍ക്കു വേണ്ടിയുള്ളതാണ്. കേരളത്തിലെ കൊവിഡ് രോഗികളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യന്‍ ഭരണഘടനയും നിയമങ്ങളും ബാധകമല്ലെന്ന വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കരാര്‍ ഒപ്പിക്കാന്‍ ഐ.ടി സെക്രട്ടറിക്ക് എങ്ങനെ അധികാരം ലഭിച്ചുവെന്ന ചോദ്യത്തിന് മറുപടിയില്ല. ഭരണഘടനയും നിയമവും ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ വേണ്ടെന്നു വയ്ക്കാന്‍ സര്‍ക്കാരിനു പോലും അധികാരമില്ല.
കരാര്‍ ലംഘനം നടന്നാല്‍ ന്യൂയോര്‍ക്ക് കോടതിയില്‍ കേസ് നടത്താന്‍ ആര്‍ക്കും തന്നെ പ്രായോഗികമായി ഫലത്തില്‍ സാധ്യമല്ലെന്നു അറിഞ്ഞുകൊണ്ട് തന്നെയാണ് ഐ.ടി സെക്രട്ടറി ഇതുപോലൊരു കരാര്‍ ഒപ്പിട്ടത്. സ്പ്രിംഗ്ലറിന്റെ സ്റ്റാന്‍ഡേര്‍ഡ് മാതൃകയിലെ കരാര്‍ വ്യവസ്ഥ മാത്രമാണിതെന്നും അവരുടെ സെര്‍വര്‍ മുംബൈയിലാണുള്ളതെന്നും കരാര്‍ വ്യവസ്ഥ എന്തു തന്നെയായാലും ഡാറ്റാ ചോര്‍ച്ച ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കു മുംബൈ കോടതിയില്‍ വ്യവഹാരപ്പെടാമെന്ന വിചിത്ര വാദമാണ് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ച പത്രികയില്‍ ഉന്നയിച്ചത്. തര്‍ക്കങ്ങള്‍ക്കു ന്യൂയോര്‍ക്ക് കോടതിയില്‍ അമേരിക്കന്‍ നിയമമനുസരിച്ചായിരിക്കുമെന്നു കരാറെഴുതി ഒപ്പിട്ടതിനു ശേഷം ഇന്ത്യന്‍ കോടതിയെ സമീപിക്കാമെന്ന് പറയുന്ന മുഖ്യമന്ത്രിയുടെയും ഐ.ടി സെക്രട്ടറിയുടെയും അപഹാസ്യമായ നിലപാട് ജനങ്ങളെ വിഡ്ഢിയാക്കുന്ന വിധത്തിലുള്ളതാണ്.
വിദേശ കോടതിയില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കു വേണ്ടി സാധാരണ ഗതിയില്‍ വ്യവഹാരപ്പെടാന്‍ കേന്ദ്ര സര്‍ക്കാരിനു പോലും സാധിക്കില്ല. 4000 മനുഷ്യജീവന്‍ അപഹരിക്കപ്പെടുകയും പതിനായിരക്കണക്കിനാളുകള്‍ക്കു അംഗ വൈകല്യം സംഭവിക്കുകയും ചെയ്ത ഭോപ്പാല്‍ വിഷവാതക ദുരന്തത്തിലെ ഇരകള്‍ക്കു വേണ്ടി 3.3 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു കേസ് നല്‍കാന്‍ സാധിക്കുമാറ് 1986ലെ ഭോപ്പാല്‍ ഗ്യാസ് ലീക്ക് ഡിസാസ്റ്റര്‍ (പ്രൊസസിങ് ഓഫ് ക്ലെയിംസ്) ആക്ട് പാര്‍ലമെന്റ് പ്രത്യേകമായി പാസാക്കുകയുണ്ടായി. സ്പ്രിംഗ്ലര്‍ കരാര്‍ ലംഘനമുണ്ടാവുകയും ഡാറ്റാ ചോര്‍ച്ചയോ മോഷണമോ കൈമാറ്റമോ സംഭവിച്ചാല്‍ സങ്കട നിവൃത്തിക്കായി ന്യൂയോര്‍ക്ക് കോടതിയില്‍ വ്യവഹാരപ്പെടാന്‍ കേന്ദ്രം നിയമമുണ്ടാക്കിയതു പോലെ സംസ്ഥാന സര്‍ക്കാരിനു നിയമമുണ്ടാക്കാന്‍ സാധിക്കില്ല. സ്പ്രിംഗ്ലര്‍ കരാറിലെ മറ്റു ചില വ്യവസ്ഥകള്‍ ഇന്ത്യന്‍ നിയമത്തിന് എതിരായതുകൊണ്ട് തന്നെ നിയമപരമായി നിലനില്‍ക്കില്ല. നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള സമയപരിധി ഇന്ത്യന്‍ ലിമിറ്റേഷന്‍ ആക്ട് അനുസരിച്ച് ഒരു വര്‍ഷമാണ്. മാസ്റ്റര്‍ കരാറിലെ 11.6 വകുപ്പ് അനുസരിച്ച് കരാര്‍ വ്യവസ്ഥ ലംഘിക്കപ്പെട്ടാല്‍ ഉണ്ടായേക്കാവുന്ന നഷ്ടപരിഹാര സമയപരിധി രണ്ടുവര്‍ഷമാണ്. ഇന്ത്യന്‍ ലിമിറ്റേഷന്‍ ആക്ടില്‍ വ്യവസ്ഥ ചെയ്ത കാലാവധിക്കുള്ളില്‍ സമയപരിധി നിശ്ചയിച്ചുള്ള കരാര്‍ നിയമപരമായി സാധുവാണെന്നു ചില വിധികളില്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ സമയപരിധി ഇന്ത്യന്‍ ലിമിറ്റേഷന്‍ ആക്ടിനപ്പുറത്ത് നിശ്ചയിച്ചുകൊണ്ടുള്ള കരാര്‍ നിലനില്‍ക്കില്ല.
സ്പ്രിംഗ്ലര്‍ കരാര്‍ ഒപ്പിടുന്നതിനു മുമ്പ് തന്നെ കൊവിഡ് പോസിറ്റീവായവരും സംശയിക്കുന്നവരും ക്വാറന്റൈനില്‍ കഴിയുന്നവരുമായ അഞ്ചുവിഭാഗമായി തരംതരിച്ച് അവരുടെ വ്യക്തിഗത ആരോഗ്യ വിവരങ്ങള്‍ ശേഖരിച്ച് മാര്‍ച്ച് 25 മുതലേ സ്പ്രിംഗ്ലറിന്റെ സെര്‍വറിലേക്ക് അയച്ചുതുടങ്ങിയിട്ടുണ്ടായിരുന്നു. രാജ്യാന്തര യാത്രക്കാര്‍, ആഭ്യന്തര സഞ്ചാരികള്‍, രോഗികളുമായി ബന്ധപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റു ദുര്‍ബല ജനവിഭാഗങ്ങള്‍ എന്നിവര്‍ക്കു പുറമെയാണ് വാര്‍ഡുതല ഫീല്‍ഡ് വര്‍ക്കര്‍മാര്‍ (ആശാ വര്‍ക്കര്‍മാര്‍) വീടുകളില്‍ നിന്നും ഡാറ്റ ശേഖരിച്ചത്. ഇവര്‍ക്കു തന്നെ നല്‍കിയ ഫോറങ്ങളില്‍ ഡാറ്റ നല്‍കുന്നവരുടെ സ്വമേധയായുള്ള യാതൊരു വിധ സമ്മതവും വാങ്ങിയിട്ടില്ല. മാത്രമല്ല, ഡാറ്റ ശേഖരിക്കുന്നതു മൂന്നാം കക്ഷിയായ സ്പ്രിംഗ്ലറിന് നല്‍കാനാണെന്നും വ്യക്തമാക്കിയിരുന്നില്ല. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 43 എ, 87 (2) വകുപ്പുകളനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ നിര്‍മിച്ച 2011ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (റീസണബിള്‍ സെക്യൂരിറ്റി പ്രാക്ടീസസ് ആന്‍ഡ് പ്രൊസീജ്യഴ്‌സ് ആന്‍ഡ് സെന്‍സിറ്റീവ് പെഴ്‌സണല്‍ ഓഫ് ഇന്‍ഫര്‍മേഷന്‍) റൂള്‍സ് 5 (7) ചട്ടമനുസരിച്ച് ആരുടെ ഡാറ്റയാണോ ശേഖരിക്കുന്നത് ആ വ്യക്തിയുടെ സ്വമനസാലെയുള്ള സമ്മതത്തോടെ മാത്രമേ ഡാറ്റ ശേഖരിക്കാവൂവെന്ന വ്യവസ്ഥയും സ്പ്രിംഗ്ലര്‍ കരാറില്‍ പൂര്‍ണമായി ലംഘിക്കപ്പെട്ടു. ഡാറ്റ ശേഖരിക്കുന്നതു സംബന്ധിച്ച് കരാറില്‍ എല്ലാ സുരക്ഷാ വ്യവസ്ഥകളും ഉള്‍ക്കൊള്ളിച്ചുവെന്ന സര്‍ക്കാര്‍ വാദത്തിന്റെ മുനയൊടിക്കും വിധമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ സുരക്ഷാ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവരശേഖരണത്തില്‍ വ്യാപകമായി ഡാറ്റാ ചോര്‍ച്ചയുണ്ടായതായി സംസ്ഥാന പൊലിസ് മേധാവിക്കു ലഭിച്ച പരാതിയിന്‍മേല്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഡാറ്റയുടെ സുരക്ഷാ കാര്യത്തില്‍ പൊലിസിനു വീഴ്ച സംഭവിച്ചതായി കണ്ണൂര്‍ കലക്ടറുടെ പ്രസ്താവന ഫലത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള കുറ്റസമ്മതമായേ കണക്കാക്കാനാകൂ. സ്പ്രിംഗ്ലര്‍ കമ്പനിക്കെതിരേ ഡാറ്റാ മോഷണം ആരോപിച്ച് അമേരിക്കന്‍ കോടതിയില്‍ നിലവിലുള്ള ഒരു കേസിലെ ഇടക്കാല ഉത്തരവിന്റെ പകര്‍പ്പ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയില്‍ ഹാജരാക്കിയതു അവര്‍ക്കെതിരേയുള്ള ഡാറ്റാ മോഷണ ആരോപണം കൂടുതല്‍ ബലപ്പെടുത്തുന്നു.
പ്രതിപക്ഷ നേതാവ് ഏപ്രില്‍ 10നു ഡാറ്റാ ചോര്‍ച്ച സംബന്ധിച്ച ആശങ്ക ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വളരെ പരിഹാസ്യത്തോടെയാണു പ്രതികരിച്ചത്. ഡാറ്റാ ചോര്‍ച്ച മൂലം ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ നിരവധിയാണ്. ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തി സ്വാഭാവികമായും ഏതെങ്കിലും ഇന്‍ഷുറന്‍സ് പോളിസി എടുത്തിരിക്കും. പോളിസി എടുക്കുമ്പോള്‍ വെളിപ്പെടുത്തപ്പെട്ട രോഗങ്ങള്‍ക്കു പുറമെയുള്ള രോഗ വിവരങ്ങള്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് നല്‍കിയതു സ്പ്രിംഗ്ലറിനു ലഭിക്കുകയും അവര്‍ ആ ഡാറ്റ രോഗിയുടെ ഇന്‍ഷുറന്‍സ് കമ്പനിക്കു വില്‍ക്കുകയും ചെയ്താല്‍ പോളിസി എടുക്കുമ്പോള്‍ രോഗവിവരം മറച്ചുവച്ചെന്നാരോപിച്ച് പോളിസി തുക നിരാകരിക്കാന്‍ കാരണമായേക്കാം. അതുവഴി കൊവിഡ് രോഗിക്കു ഡാറ്റാ ചോര്‍ച്ച കാരണം ഇന്‍ഷുറന്‍സ് തുക നഷ്ടമാകും. വ്യക്തികളുടെ രോഗവിവരം ഉപയോഗിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ പണമുണ്ടാക്കുന്ന രീതി ഏവര്‍ക്കുമറിയാവുന്ന സത്യമാണ്. സംസ്ഥാനത്തെ ക്വാറന്റൈനില്‍ കഴിയുന്നവരുടെ രോഗവിവരവും പ്രദേശവും മനസിലാക്കി അതാത് പ്രദേശത്തെ രോഗികളുടെ എണ്ണം നോക്കി ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്കു വിപണി കണ്ടെത്താന്‍ സാധിക്കും. അത്തരമൊരു കമ്പോളവല്‍ക്കരണത്തിനായി രോഗികളുടെ വ്യക്തിപരമായ രോഗ വിവരം ആഗോള വിപണിയില്‍ വളരെ വിലപിടിപ്പുള്ള വസ്തുവാണ്. കൊവിഡ് മഹാമാരിയുടെ വ്യാപനം തടയാന്‍ രാജ്യം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് കേരളത്തില്‍ കൊവിഡ് രോഗികള്‍ക്കും സംശയാസ്പദമായി ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വിവിധ കേന്ദ്രങ്ങളില്‍ നിന്നും നിരന്തരം ഫോണ്‍, ഇമെയില്‍ സന്ദേശങ്ങള്‍ വഴി അന്വേഷണങ്ങള്‍ വന്നതായി വാര്‍ത്ത പരന്നത്. സ്പ്രിംഗ്ലര്‍ മുഖേനയോ സംസ്ഥാന ഉദ്യോഗസ്ഥ, രാഷ്ട്രീയ നേതൃത്വങ്ങളില്‍ കൂടിയല്ലാതെ ഡാറ്റാ മോഷണമുണ്ടാവില്ലെന്നതാണു യാഥാര്‍ഥ്യം. കണ്ണൂരിലെ സി.പി.എം ജില്ലാസെക്രട്ടറി ക്വാറന്റൈനില്‍ കഴിയുന്ന രോഗിക്ക് ആശംസാ സന്ദേശമയച്ചതു വിവാദമായിരുന്നു.
പ്രതിപക്ഷ നേതാവടക്കം ഹൈക്കോടതിയില്‍ നല്‍കിയ സ്പ്രിംഗ്ലര്‍ കരാറിന്റെ നിയമസാധുത ചോദ്യംചെയ്തു കൊണ്ടുള്ള കേസില്‍ ഡാറ്റാ സുരക്ഷിതത്വത്തിനായി എല്ലാ വ്യവസ്ഥകളും കരാറിലുണ്ടെന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഐ.ടി സെക്രട്ടറിയുടെയും വാദം സര്‍ക്കാര്‍ കോടതിയിലും ആവര്‍ത്തിച്ചെങ്കിലും ആ നിലപാടില്‍ തൃപ്തി വരാത്തതിനാലാണു ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ഡാറ്റാ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാരിനും സ്പ്രിംഗ്ലറിനും കര്‍ശന നിര്‍ദേശം നല്‍കിയത്. ഇതുവരെ ശേഖരിച്ചതും ഇനി ശേഖരിക്കുന്നതുമായ ഡാറ്റയില്‍ നിന്നും വ്യക്തിഗത വിവരങ്ങള്‍ മുഴുവന്‍ നീക്കിയതിനു ശേഷം മാത്രമേ കൈമാറാന്‍ പാടുള്ളൂവെന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന്റെ കാപട്യത്തിനേറ്റ തിരിച്ചടിയാണ്. കൂടാതെ വിവരദാതാവിന്റെ സ്വമേധയായുള്ള സമ്മതത്തോടെ മാത്രമേ ഡാറ്റ ശേഖരിക്കാകൂവെന്നും ശേഖരിക്കുന്നവ സ്പ്രിംഗ്ലറിനോ മറ്റു മൂന്നാംകക്ഷിക്കോ കൈമാറുന്നുവെങ്കില്‍ ആ വിവരവും ദാതാവിനെ അറിയിച്ച് സമ്മതം വാങ്ങിയിരിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ നിര്‍ദേശിക്കുകയുണ്ടായി.
ശേഖരിക്കപ്പെട്ട ഡാറ്റയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തുന്ന യാതൊന്നും ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സ്പ്രിംഗ്ലറിനെ വിലക്കി. കരാറനുസരിച്ച് സ്പ്രിംഗ്ലറിനു നിയന്ത്രണത്തില്‍ കിട്ടിയ ഡാറ്റയും ഉടന്‍ സര്‍ക്കാരിനെ തിരിച്ചേല്‍പ്പിക്കണമെന്നും കരാറിലെ വ്യവസ്ഥകള്‍ക്കു വിപരീതമായി സ്വകാര്യത നഷ്ടപ്പെടുത്തുംവിധം യാതൊന്നും പ്രവര്‍ത്തിക്കരുതെന്നും കോടതി സ്പ്രിംഗ്ലറിനോട് നിര്‍ദേശിക്കുകയുണ്ടായി. കേരള സര്‍ക്കാരിന്റെ മുദ്രയോ പേരോ വാണിജ്യ ആവശ്യങ്ങള്‍ക്കു വേണ്ടിയോ പരസ്യമെന്ന നിലയിലോ ഉപയോഗിക്കുന്നതില്‍ നിന്നും സ്പ്രിംഗ്ലറിനെ വിലക്കിയ നടപടിയും സര്‍ക്കാരിനും കമ്പനിക്കുമേറ്റ കനത്ത പ്രഹരം തന്നെയാണ്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ ചുവട് പിടിച്ചുള്ള ഡാറ്റാ സുരക്ഷയ്ക്കുള്ള കൊവിഡ് പ്രതിരോധത്തെ പോലെ തന്നെയുള്ള ശക്തമായ നിയമപോരാട്ടം ഒരുപക്ഷേ വരുംനാളുകളില്‍ തുടരുമെന്നു തന്നെ കരുതാം.
(മുന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമാണ് ലേഖകന്‍)
അവസാനിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."