ജോസേട്ടന്റെ 'പ്രതിഷേധ നടത്തം' പതിറ്റാണ്ട് പിന്നിട്ടു
തരുവണ: വെള്ളമുണ്ട പഞ്ചായത്തിലെ പാലിയണ-കക്കടവ് പുഴക്ക് സമീപത്തെ താമസക്കാരനായ പി.വി ജോസ് എന്ന ജോസേട്ടന്റെ ഈ നടത്തം ഒരു പ്രതിഷേധമാണ്.
കൂടാതെ മാറാത്ത നിലപാടുകളുടെ പ്രതീകവും. ഓട്ടോറിക്ഷാ നിരക്ക് വര്‍ധിപ്പിച്ചതാണ് ഒരു പതിറ്റാണ്ടും ഒന്നരമാസവും പിന്നിടുന്ന ജോസേട്ടന്റെ നടത്തിന്റെ പിന്നിലെ കാരണം. തരുവണ-കക്കടവ് റൂട്ടില്‍ സര്‍വിസ് നടത്തികൊണ്ടിരുന്ന ഓട്ടോ തൊഴിലാളികള്‍ പെടുന്നനെ ഒരുദിവസം നിരക്ക് വര്‍ധിപ്പിച്ചു. തരുവണയില്‍ നിന്നും മൂന്നര കിലോമീറ്റര്‍ ദൂരമാണ് പാലിയണയിലേക്ക്. 16 രൂപയായിരുന്നു അന്ന് ഓട്ടോ ചാര്‍ജ്. എന്നാല്‍ ഓട്ടോ തൊഴിലാളികള്‍ ഒറ്റയടിക്ക് 20 രൂപയായാണ് നിരക്ക് ഉയര്‍ത്തിയത്. പിന്നീട് നാട്ടുകാരും ഓട്ടോ യൂനിയനും തരുവണയില്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇതോടെ ജോസും മറ്റുള്ളവരും ഇനി മുതല്‍ ഓട്ടോയെ ആശ്രയിക്കില്ലന്ന് തീരുമാനമെടുക്കുകയായിരുന്നു. പ്രസ്തുത റൂട്ടില്‍ രണ്ട് ഭാഗത്തേക്കുമായി ഏഴ് കിലോമീറ്റര്‍ ദൂരമാണുള്ളത്. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും നടപടിയാവാത്തതിനെ തുടര്‍ന്ന് ജോസ് ഒഴിച്ചുള്ളവര്‍ പുതിയ ചാര്‍ജ് കൊടുത്ത് ഓട്ടോയെ വീണ്ടും ആശ്രയിച്ച് തുടങ്ങി. എന്നാല്‍ ജോസേട്ടന്‍ മുന്നോട്ട് വച്ച കാല്‍ പിന്നോട്ടില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതാണ് ഇന്നും ഈ നടത്തം തുടരാന്‍ കാരണം.
പാലിയാണയില്‍ ഇടത്തരം കച്ചവടക്കാരനായ ജോസേട്ടന്‍ രാവിലെ ഏഴിന് കട തുറക്കും. രാവിലെ 10ന് കട അടക്കുകയും ചെയ്യും. പിന്നീട് കടയിലേക്കുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ തോളില്‍ ഒരു ബാഗും കയ്യില്‍ ഒരു സഞ്ചിയുമായി തരുവണ അങ്ങാടിയില്‍ കാല്‍നടയായി എത്തും. ചില ദിവസങ്ങളില്‍ മാനന്തവാടിയിലേക്ക് ബസ് യാത്ര ചെയ്ത് സാധനങ്ങള്‍ വാങ്ങിച്ചു വരും. ഇതെല്ലാം ഒന്നിച്ച് ബാഗിലും സഞ്ചിയിലുമായി തരുവണയില്‍ നിന്നും നടത്തം തുടരും. വൈകിട്ട് നാലോടെ കട വീണ്ടും തുറക്കും. രാത്രി ഏഴ് വരെ. പഴയകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായ ജോസേട്ടന്‍ പൊതു പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."