'ഖസാക്കിന്റെ ഇതിഹാസം' കൊച്ചിയില്‍ അരങ്ങേറും
കൊച്ചി: ഒ.വി. വിജയന്റെ പ്രശസ്ത നോവല്‍ ഖസാക്കിന്റെ ഇതിഹാസത്തെ ആസ്പദമാക്കിയുള്ള നാടകം കൊച്ചിയില്‍ മൂന്ന് ദിവസങ്ങളില്‍ അരങ്ങേറും.21,22,23 തീയതികളില്‍ തേവര സേക്രട്ട് ഹാര്‍ട്ട'് കോളജ് മൈതാനിയിലായിരിക്കും നാടകം അരങ്ങേറുക.
ദിവസവും വൈകീട്ട് 6.30-നാണ് നാടകം ആരംഭിക്കുക. ഏറെ പ്രതീക്ഷകളോടെയാണെ് നാടകം അരങ്ങിലെത്തിക്കുന്നതെന്ന് സംവിധായകനും ഡല്‍ഹി അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയിലെ പെര്‍ഫോമിങ് ആര്‍ട്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ദീപന്‍ ശിവരാമന്‍ പറഞ്ഞു.
സീനോഗ്രഫി എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഖസാക്കിന്റെ ഇതിഹാസം അവതരിപ്പിക്കുത്. വിവിധ ഇന്‍സ്റ്റലേഷനുകളുടെയും വീഡിയോകളുടെയും സഹായത്തോടെയുള്ള രംഗസജ്ജീകരണമാണ് സീനോഗ്രഫി. കാവ്യാത്മകമായ ടെക്സ്റ്റിനെ എങ്ങനെ മറികടക്കാമെന്നതായിരുന്നു ഖസാക്കിന്റെ ഇതിഹാസം നാടകരൂപത്തിലാക്കുമ്പോള്‍ താന്‍ നേരിട്ട പ്രധാന വെല്ലുവിളിയെും അദ്ദേഹം പറഞ്ഞു.
നാടകാവതരണത്തിലൂടെ സ്വരൂപിക്കുന്ന തുക എറണാകുളം ജനറല്‍ ആശുപത്രിയിലെ റികണ്‍സ്ട്രക്റ്റിവ് സര്‍ജറി വിഭാഗത്തിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ വിനിയോഗിക്കും.നാടകാവതരണത്തിന്റെ ഭാഗമായി ഈ മാസം 16-ന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്ന് സൈക്കിള്‍ റാലി 'സൈക്ലത്തോ' സംഘടിപ്പിക്കും.
നാടകത്തിലെ നൈസാമലിയെന്ന കഥാപാത്രത്തിന്റെ സൈക്കിള്‍ സവാരിയെ അനുസ്മരിച്ചുകൊണ്ടാണ് സൈക്ലത്തോ സംഘടിപ്പിക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു.
പ്രാഗ്രാം ഡയറക്ടര്‍ ഹബീബ് തങ്ങള്‍,ജനറല്‍ ആശുപത്രി വികസന സമിതി പ്രധാന ഉപദേഷ്ടാവ് ഡോ. ജുനൈദ്,ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഡാലിയ, റോട്ടറി കൊച്ചി യുനൈറ്റഡ് ഭാരവാഹി അരബിന്ദ് ചന്ദ്രശേഖര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."