വന്‍കിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തും: മന്ത്രി എ.സി മൊയ്തീന്
നെടുമ്പാശ്ശേരി: കേരളത്തില്‍ വന്‍കിട വ്യവാസായങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന തലത്തിലും ചെറുകിട സ്ഥാപനങ്ങള്‍ക്ക് ജില്ലാ അടിസ്ഥാനത്തിലും ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീന് പറഞ്ഞു. കേരള മാസ്റ്റര്‍ പ്രിന്റേഴ്സ് അസോസിയേഷന്റ നേതൃത്വത്തില്‍ നടക്കുന്ന മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന അഖിലേന്ത്യ പ്രിന്റ് എക്സിബിഷന് 'പ്രിന്റ് മിറക്കിള്‍ എക്സ്പോ 2017' സിയാല്‍ കണ്വെന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വ്യവസായ നയം കാലോചിതമായി പരിഷ്കരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മന്ത്രിസഭ യോഗം തീരുമാനമെടുത്തതായി മന്ത്രി പറഞ്ഞു.വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിച്ചാലും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുമതി വേണമെന്നാണ് നിലവിലുള്ള നിയമം. മലിനീകരണമുണ്ടെങ്കില്‍ അത് പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്ന് അദ്ധേഹം പറഞ്ഞു. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയമെന്നും സമീപകാലത്തായി സംസ്ഥാനത്ത് തൊഴില്‍ മേഖലയില്‍ വലിയമാറ്റമുണ്ടായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.അസോസിയേഷന് പ്രസിഡന്റ് എസ്. സജി അധ്യക്ഷത വഹിച്ചു. ഒ. വേണുഗോപാല്‍, ബാലാജി രാജഗോപാല്‍, അശോക് നീല്‍കാന്ത്, ജി. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."