കുടിയിറക്കപ്പെട്ട 14 കുടുംബങ്ങള്‍ അന്തിയുറങ്ങുന്നത് പാമ്പുകള്‍ക്കൊപ്പം
ചിറ്റൂര്‍: ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കുമെന്ന് വാഗ്ദാനം നല്‍കി കുടിയിറക്കപ്പെട്ട പതിനാലു കുടുംബങ്ങളുടെ ജീവിതം നരകതുല്യം. തത്തമംഗലം നഗരസഭയില്‍ ഉള്‍പ്പെട്ട വെള്ളപ്പനയിലാണ് ഒന്നരവര്‍ഷംമുന്‍പ് ഈ കുടുംബങ്ങളെ കുടിയിറക്കിയത്.
എന്നാല്‍ നാളിതുവരെയും ഫ്‌ളാറ്റ് നിര്‍മിക്കുന്നതിന് പ്രാഥമികനടപടിപോലുമില്ല. കുടിയിറക്കപ്പെട്ട സ്ഥലത്തിന് 150 മീറ്റര്‍ അകലെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ കുളവരമ്പിലാണ് കുടുംബങ്ങള്‍ താല്‍കാലികമായി ഓലക്കുടില്‍ കെട്ടി താമസിക്കുന്നത്.
താമസക്കാര്‍ക്ക് കാട്ടുപന്നി ആക്രമണവും പാമ്പുകടിയേല്‍ക്കുന്നതും പതിവാണ്. രണ്ടുദിവസം മുന്‍പ് ബഷീര്‍ എന്നയാളുടെ ഭാര്യ ജന്നത്തിന് അഞ്ചാംതവണയും പാമ്പിന്റെ കടിയേറ്റിരുന്നു. സമീപത്തെ വിഷ ചികിത്സാകേന്ദ്രത്തിലാണ് പാമ്പുകടിക്കു ചികിത്സ തേടിയത്. ഇതേവീടിന്റെ സമീപവാസിയായ റിഫാസി (21)നും പാമ്പുകടിയേറ്റിരുന്നു.
ഓലപ്പുരയ്ക്കകത്ത് പാമ്പുകളെ കാണുന്നത് പതിവായതിനാല്‍ രാത്രികാലങ്ങളില്‍ കുട്ടികള്‍ അയല്‍പക്കത്തെ വീടുകളിലാണ് ഉറങ്ങുന്നത്.
പതിനാലു വീടുകളിലും രാത്രികാലത്ത് മണ്ണെണ്ണ വിളക്കിലാണ് കുട്ടികള്‍ പഠിക്കുന്നത്.
മഴമൂലം വീടുകള്‍ക്കുസമീപം വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ പ്രായാധിക്യമുള്ള ദൈവാന കഴിഞ്ഞദിവസം കാല്‍വഴുതിവീണ് പരുക്കേറ്റു ചികിത്സയിലാണ്.
കുളക്കരയില്‍ താമസമാക്കിയ ബേബി ഷക്കീലയുടെ ഭര്‍ത്താവ് അസീസ് പനിബാധിച്ചും മരിച്ചിരുന്നു.കാലവര്‍ഷം തുടങ്ങിയതോടെ കൊതുകുശല്യവും വര്‍ധിച്ചു. താമസയോഗ്യമല്ലാത്ത പറമ്പില്‍നിന്നും നിലവില്‍ കുടുംബങ്ങള്‍ വാടകവീടുകളിലേക്കു മാറുകയാണ്. ബാക്കിയുള്ളവര്‍ കുളവരമ്പില്‍തന്നെ തണുത്തു വിറച്ചു കഴിയുകയാണ്.
ലൈഫ് മിഷന്‍പദ്ധതി എപ്പോള്‍ മുതല്‍ പ്രാവര്‍ത്തികമാകുമെന്ന് നഗരസഭ സെക്രട്ടറിയോട് അന്വേഷിച്ചാല്‍ മറുപടിയും ലഭിക്കാറില്ലത്രേ കുടിയിറക്കുന്നതിനുമുന്‍പ് താമസിച്ചിരുന്ന സ്ഥലത്ത് വൈദ്യുതീകരിച്ച വീടുകളിലാണ് വെള്ളപ്പന കോളനിക്കാര്‍ കഴിഞ്ഞിരുന്നത്.
കൂടാതെ നഗരസഭാ ലക്ഷങ്ങള്‍ മുടക്കി പൊതു കക്കൂസും നിര്‍മിച്ചിരുന്നു. ഇപ്പോള്‍ പതിനഞ്ചോളം കുട്ടികള്‍ക്ക് രാത്രികാലത്ത് പഠനസൗകര്യവും ഇല്ലാതായിരിക്കുകയാണ്.
കോളനി നിവാസികളായ വീട്ടമ്മമാര്‍ ഒരേസ്വരത്തില്‍ ആവശ്യപ്പെടുന്നത് തങ്ങള്‍ മുന്‍പ് താമസിച്ച സ്ഥലത്തുതന്നെ കുടില്‍കെട്ടാന്‍ അനുവദിക്കണമെന്നും ഫ്‌ളാറ്റുകള്‍ ലഭിച്ചില്ലെങ്കിലും മുന്‍കാലത്തെ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നുമാണ്.
ലൈഫ് മിഷന്‍പദ്ധതി ആവിഷ്‌കരിച്ചതിനാല്‍ തങ്ങള്‍ നിസഹായരാണെന്ന നിലപാടിലാണ് ചിറ്റൂര്‍-തത്തമംഗലം നഗരസഭ അധികൃതര്‍. മഴ ശക്തമായാല്‍ വയല്‍വരമ്പിലെ താമസക്കാരുടെ ജീവിതം കൂടുതല്‍ ദുസഹമാകുമെന്ന ഭീതിയിലാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."