ദലിത് വനിതയെ ചുട്ടുകൊല്ലാന്‍ ശ്രമം
കണ്ണൂര്‍: ദലിത് സ്ത്രീയെ ചുട്ടു കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലിസ് പ്രതികളെ സംരക്ഷിക്കുകയാണെന്നു കേരള സ്റ്റേറ്റ് പട്ടിക ജനസമാജം ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ബക്കളത്തെ കൊയിലേരിയന്‍ നാരായണിയുടെ വീടും മറ്റും തീവെച്ചു നശിപ്പിക്കാനാണ് ശ്രമം ഉണ്ടായത്. സംഭവത്തില്‍ തളിപ്പറമ്പ് പൊലിസും ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിലെ ഉദ്യോഗസ്ഥനും സംഭവസ്ഥലം സന്ദര്‍ശിച്ചതല്ലാതെ തുടര്‍ നടപടികളൊന്നും ചെയ്തില്ല. സമുദായ നേതാക്കള്‍ തളിപ്പറമ്പ് പൊലിസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പൊലിസ് കേസ് എടുത്തത്. 2011ല്‍ നാരായണിയുടെ വീട്ടില്‍ മോഷണം നടന്ന കേസില്‍ തലശേരി ജില്ലാ കോടതിയില്‍ വിചാരണ നടക്കുകയാണ്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രതികളും ബന്ധുക്കളും സമ്മര്‍ദം ചെലുത്തിയിരുന്നു. അതിന് വഴങ്ങാത്തതിനെ തുടര്‍ന്ന് ഭീഷിണിപ്പെടുത്തുകയും വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുകയാണ് ചെയ്തതെന്ന് നാരായണി പറഞ്ഞു. സി.പി.എം പാര്‍ട്ടിയില്‍ സജീവ പ്രവര്‍ത്തകയായിരുന്ന ഞാന്‍ നാളുകള്‍ക്ക് മുന്‍പ് പാര്‍ട്ടി വിട്ട് പട്ടിക ജനസമാജത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിന്റെ വൈരാഗ്യമാണ് തീര്‍ക്കുന്നതെന്നും നാരായണി ആരോപിച്ചു. വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട പരാതിയും പൊലിസ് അവഗണിക്കുകയാണ് ചെയ്തതെന്നും നാരായണി പറഞ്ഞു. പട്ടിക ജാതി, പട്ടിക വര്‍ഗ ജനവിഭാഗങ്ങളുടെ പരിരക്ഷയ്ക്കായുള്ള നിയമങ്ങളൊന്നും ജില്ലയില്‍ നടപ്പാകുന്നില്ലയെന്നു സുനില്‍കുമാര്‍ ആരോപിച്ചു. തീയിട്ട സംഭവത്തില്‍ പൊലിസ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കണം. അല്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."