ഈഴവ സമുദായം ഏറ്റവും കൂടുതല്‍ അവഗണന നേരിടുന്നത് മലബാര്‍ മേഖലയിലെന്ന് വെള്ളാപ്പള്ളി
നിലമ്പൂര്‍: മൂന്നു ദിവസങ്ങളായി നിലമ്പൂര്‍ ഗ്രീന്‍ ആര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടക്കുന്ന എസ്.എന്‍.ഡി.പി യോഗം നിലമ്പൂര്‍ യൂനിയന്‍ എട്ടാമത് ശ്രീനാരായണ കണ്‍വന്‍ഷന് തുടക്കമായി. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. ഈഴവ സമുദായം ഏറ്റവും കൂടുതല്‍ അവഗണന നേരിടുന്നത് മലബാര്‍ മേഖലയിലാണെന്ന് അദ്ദേഹം പറഞ്ഞു.
ഇടത് വലത് മുന്നണികള്‍ അധികാരത്തില്‍ വരുമ്പോള്‍ വിദ്യാഭ്യാസമന്ത്രി പദം കൈകാര്യം ചെയ്യുന്ന കക്ഷികള്‍ അവരുടെ സമുദായങ്ങള്‍ക്കാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചു നല്‍കുന്നത്. ജില്ലയില്‍ ഒരു എയ്ഡഡ് സ്‌കൂളുപോലും സമുദായത്തിനില്ല. ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സമുദായത്തിന് 13 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യൂനിയന്‍ പ്രസിഡന്റ് വി.പി സുബ്രഹ്മണ്യം അധ്യക്ഷനായി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. കാരക്കോട് ശ്രീരാമാനാന്ദാശ്രമം മഠാധിപതി ബ്രഹ്മശ്രീ ഡോ. ധര്‍മാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ നീലാമ്പ്ര വേലായുധന്‍ ഉപഹാര സമര്‍പ്പണം നടത്തി.
ഇന്ന് ശനിയാഴ്ച രാവിലെ 9.30ന് ശ്രീനാരായണ ധര്‍മോത്സവ് യൂനിയന്‍തല ഉദ്ഘാടനം കെ പി കൃഷ്ണകുമാരി നിര്‍വഹിക്കും. 11.30ന് സമകാലിക കേരളവും എസ് എന്‍ ഡി പി യോഗവും എന്ന വിഷയത്തില്‍ എ ബി ജയപ്രകാശ് ക്ലാസെടുക്കും. നാളെ നടക്കുന്ന സമാപന സമ്മേളനം യോഗം കൗണ്‍സിലര്‍ അഡ്വ രാജന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."