നാണമില്ലേയെന്ന് മോദിയോട് നായിഡു
ഹൈദരാബാദ്: അഞ്ചു കോടി ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത പ്രത്യേക സംസ്ഥാന പദവി നല്‍കാതെ വെറും കൈയോടെ ആന്ധ്രാപ്രദേശ് സന്ദര്‍ശിക്കാന്‍ നാണമില്ലേയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പ്രധാനമന്ത്രിക്കെഴുതിയ തുറന്ന കത്തിലാണ് നായിഡു രൂക്ഷമായി പ്രതികരിച്ചത്.
സംസ്ഥാനത്തിനുള്ള പ്രത്യേക പദവി 59 മാസങ്ങള്‍ക്ക് മുന്‍പാണ് വാഗ്ദാനം ചെയ്തത്. അഞ്ചു വര്‍ഷത്തോളം നഷ്ടപ്പെടുത്തി.
എന്നാല്‍ വാഗ്ദാനം ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. 29തവണ താന്‍ സ്വന്തമായി ഡല്‍ഹി സന്ദര്‍ശിച്ച് നിരവധി അപേക്ഷകള്‍ നല്‍കിയെങ്കിലും യാതൊരു കാര്യവുമുണ്ടായില്ല. അഞ്ചു വര്‍ഷത്തോളമായി നിങ്ങളുടെ ചതിയും അനീതിയും ആന്ധ്രയിലെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. താങ്കള്‍ വിശാഖപട്ടണം സന്ദര്‍ശിക്കുമ്പോള്‍ ഇതിന് മറുപടി പറയണമെന്ന് നായിഡു മോദിയോട് കത്തിലൂടെ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ആന്ധ്രയിലെത്തുമ്പോള്‍ കരിങ്കൊടി കാണിച്ചും കറുത്ത വസ്ത്രം അണിഞ്ഞും പ്രതിഷേധിക്കണമെന്ന് നായിഡു ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നായിഡു ഇന്നലെ കറുത്ത വസ്ത്രമണിഞ്ഞാണ് ഓഫിസില്‍ എത്തിയത്.
പ്രധാനമന്ത്രിക്കെഴുതിയ കത്തിന്റെ പകര്‍പ്പ് നായിഡു മാധ്യമങ്ങള്‍ക്കു വിതരണം ചെയ്തിരുന്നു. സംസ്ഥാനത്തിനുള്ള പ്രത്യേക പദവി, പൊലാവരം പദ്ധതിക്കുള്ള ഫണ്ട്, അമരാവതി സിറ്റി, വിശാഖപട്ടണത്തിലും വിജയവാഡയിലേക്കുമുള്ള മെട്രോ റെയില്‍, നിയമസഭാ മണ്ഡലങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നായിഡു കത്തിലൂടെ ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."