പാണക്കാട് തങ്ങള്‍ക്കെതിരേ കോടിയേരിയുടെ പ്രസ്താവന വിവാദമാകുന്നു
മലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരേ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന വിവാദമായി. ഹൈദരലി തങ്ങളെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ഉപമിച്ച് സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖമാണ് വിവാദമായത്. കക്ഷി രാഷ്ട്രീയത്തിനതീതമായി ആദരിക്കപ്പെടുന്ന പാണക്കാട് കുടുംബത്തെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നു.
തീവ്ര ഹിന്ദുത്വ നിലപാടുള്ള യോഗി ആദിത്യനാഥിനോട് പാണക്കാട് തങ്ങളെ ഉപമിച്ചതിനെതിരേ സി.പി.എം നേതാക്കള്‍ക്കിടയിലും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 'ക്ഷേത്രത്തിലെ പൂജാരിയായിരുന്ന യോഗി ആദിത്യനാഥിനെ ഉപയോഗിച്ച് ബി.ജെ.പി യു.പിയില്‍ വര്‍ഗീയത വളര്‍ത്തുകയാണ്. നിരവധി പള്ളികളില്‍ ഖാസിയായ പാണക്കാട് തങ്ങളെ നേതാവാക്കി ലീഗ് വളര്‍ത്തുന്ന രാഷ്ട്രീയവും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണ് ' എന്നാണ് കോടിയേരി പറഞ്ഞത്.
മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലുള്ള ഈ വാദം പാര്‍ട്ടിക്ക് ദോഷം ചെയ്യുമാണ് വിലയിരുത്തല്‍. മുസ്‌ലിംലീഗിനെ കുറിച്ച് സി.പി.എമ്മിനുള്ളില്‍ തന്നെ വ്യത്യസ്ത നിലപാടാണുള്ളത്. പ്രചാരണത്തിന് മലപ്പുറത്തെത്തിയ നേതാക്കളൊന്നും ലീഗ് വര്‍ഗീയ പാര്‍ട്ടിയാണോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറഞ്ഞിരുന്നില്ല.
ലീഗ് മതമൗലിക പാര്‍ട്ടിയാണെന്ന് കോടിയേരിയും മതരാഷ്ട്രീയ പാര്‍ട്ടിയാണെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പാണക്കാട് കുടുംബത്തെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പ്രസ്താവനയുമായി കോടിയേരി രംഗത്തെത്തിയത്. പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ മതേതര നിലപാടുകള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളും സാംസ്‌കാരിക നായകരും ഉള്‍പ്പെടെയുള്ളവര്‍ അംഗീകരിച്ചതാണെന്നിരിക്കെ കോടിയേരിയുടെ നിലപാട് വിലകുറഞ്ഞതാണെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."