സ്വര്‍ണക്കടത്തുകാരെ സഹായിക്കുന്നതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) വിഭാഗത്തിന്റെ പിടിയിലായി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കസ്റ്റംസില്‍ ഹവില്‍ദാരായി ജോലിചെയ്യുന്ന സുനില്‍ ഫ്രാന്‍സിസാണ് ഡി.ആര്‍.ഐയുടെ കെണിയില്‍ കുടുങ്ങിയത്.
ഒരു കോടി രൂപ വിലവരുന്ന മൂന്നു കിലോഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്നും ഡി.ആര്‍.ഐ പിടികൂടിയത്. കൊച്ചി കണ്ണമാലി സ്വദേശിയാണ് പിടിയിലായ സുനില്‍ ഫ്രാന്‍സിസ്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈയില്‍നിന്നും എത്തിയ മൂവാറ്റുപുഴ സ്വദേശി ഖാലിദ് അദ്‌നാന്‍ എന്ന യാത്രക്കാരനാണ് സ്വര്‍ണം എത്തിച്ചത്.
നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയ ഇയാള്‍ കസ്റ്റംസ് ചെക്കിങ്ങിന് മുന്‍പ് ബാത്ത്‌റൂമില്‍ പോയി. ഇവിടെ വച്ചാണ് സുനില്‍ ഫ്രാന്‍സിസിന് സ്വര്‍ണം കൈമാറിയത്.
പുറത്തിറങ്ങിയ ഉടന്‍തന്നെ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് ദേഹപരിശോധന നടത്തിയാണ് സുനിലിന്റെ കൈയ്യില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയത്.
ഓരോ കിലോഗ്രാം തൂക്കമുള്ള മൂന്ന് സ്വര്‍ണക്കട്ടികളാണ് ഉണ്ടായിരുന്നത്. ഇന്ന് അവധിയിലായിരുന്ന സുനില്‍ ഫ്രാന്‍സിസ് തന്റെ ഒരു ബന്ധുവിനെ സ്വീകരിക്കാനെന്ന പേരിലാണ് വിമാനത്താവളത്തില്‍ എത്തിയത്.
സ്വര്‍ണം കടത്തുന്നതായുള്ള വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ വലവിരിച്ച് വിമാനത്താവളത്തില്‍ കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നെടുമ്പാശ്ശേരി വിമാനത്താവളം ഡി.ആര്‍.ഐയുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു.
സുനില്‍ ഫ്രാന്‍സിസിനെക്കുറിച്ച് നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നതായാണ് കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍ നല്‍കുന്ന വിശദീകരണം.
സുനില്‍ ഫ്രാന്‍സിസിനെ അന്വേഷണ വിധേയമായി സര്‍വിസില്‍നിന്നും സസ്‌പെന്റ് ചെയ്തു. പിടിയിലായ സുനില്‍ ഫ്രാന്‍സിസിനെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇന്ന് ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."